ഏഴ് മാസത്തെ കാത്തിരിപ്പിനുശേഷം ‘ജനനായകൻ’ തിയേറ്ററിലേക്കെത്തുന്നത് കുറേ ഭാഗങ്ങൾ വെട്ടിമാറ്റിയ ശേഷമാണെന്ന വാർത്ത ആരാധകർക്ക് ഏറെ നിരാശ നൽകുന്നതായിരുന്നു. സെൻസർ ബോർഡിന്റെ എ സർട്ടിഫിക്കറ്റോടെയാണ് സിനിമ ജൂലൈ 24-ന് തീയറ്ററുകളിലെത്തുന്നത്. എന്നാൽ സിനിമ യു.കെയിൽ മാത്രം പ്രദർശിപ്പിക്കുന്നത് മാറ്റങ്ങളൊന്നും ഇല്ലാതെയാണ്. സെൻസർ ബോർഡിന് സമർപ്പിച്ച പതിപ്പ് തന്നെയാണ് അവിടെ റിലീസ് ചെയ്യുക.

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ അവസാന ചിത്രമാണ് ‘ജനനായകൻ’.  കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചത്. യു.കെയിലെ വിതരണക്കാരായ അഹിംസ എന്റർടെയ്ൻമെന്റാണ് ചിത്രം 15+ റേറ്റിങ്ങോടെ മാറ്റമില്ലാതെ റിലീസ് ചെയ്യുമെന്ന് ‘എക്സി’ലൂടെ അറിയിച്ചത്. 

'തമിഴ്നാടിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സി ജോസഫ് വിജയ്' എന്ന അഭിസംബോധനയോടെയാണ് പ്രഖ്യാപനം. 'ജൂലൈ 24 മുതൽ യു.കെയിലെ തീയറ്ററുകളിൽ 'ജനനായകൻ' അൺകട്ട് പതിപ്പായാണ് ചിത്രം പ്രദർശിപ്പിക്കുക. ഒരിക്കൽ കൂടി ദളപതി ആഘോഷം' എന്നാണ് വിതരണക്കാർ കുറിച്ചത്.

ഇന്ത്യയിലെ നിർമാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻ ശനിയാഴ്ച ചിത്രം 'എ' സർട്ടിഫിക്കറ്റ് നേടിയതായി സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇന്ത്യയിൽ കാണാനാകാത്ത യഥാർഥ പതിപ്പ് ഒടിടിയിലെത്തുമെന്ന പ്രതീക്ഷയാണ് പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 

ENGLISH SUMMARY:

The movie Jananayakan is being released with an A certificate in India after cuts, leading to disappointment among fans. However, the film will be screened in the UK without any changes, maintaining its original 15+ rating and uncut version.