സോഷ്യൽ മീഡിയയിൽ ഇടയ്ക്കൊക്കെ നമ്മൾ കാണാറുള്ള ചില ഫാന്‍റസികളുണ്ട്. ഒരു ഗ്രാമത്തിലേക്ക് മാറി താമസിക്കുക... നഗരത്തിന്റെ തിരക്കുകളിൽ നിന്ന് അകന്ന് കൃഷി ചെയ്ത്, പ്രകൃതിയോട് ചേർന്ന്, സമാധാനത്തോടെ ജീവിക്കുക, പലരും പറഞ്ഞുകേട്ടിട്ടുള്ള ഒരു റിട്ടയര്‍മെന്‍റ് പ്ലാന്‍. അത്തരമൊരു ജീവിതം ഒരു സിനിമയായി കാണാൻ കഴിഞ്ഞാലോ? അതാണ് ദി ഷീപ്പ് ഡിറ്റക്ടീവ്സ്.
മനുഷ്യരെക്കാളേറെ ആടുകളെ സ്നേഹിച്ച ഒരു ആട്ടിടയനാണ് ജോർജ്. സിനിമ അവസാനിച്ചാലും ജോർജും അയാളുടെ ആടുകളും നമ്മുടെ മനസ്സിൽ നിന്ന് എളുപ്പം മായില്ല. അയാളെ പോലെ ജീവിക്കാനും, അയാൾ നടന്ന ആ പുൽമേട്ടിലൂടെ ഒരിക്കലെങ്കിലും നടന്നുനോക്കാനും തോന്നും. ഗ്രാമത്തിലെ പലർക്കും ജോർജ് ഒരു പരുക്കൻ മനുഷ്യനാണ്. എന്നാൽ തന്റെ ആടുകൾക്ക് അയാൾ ലോകത്തിലെ ഏറ്റവും ദയാലുമായ മനുഷ്യനാണ്. അവരെ മടിയിലിരുത്തി ലാളിക്കും. വൈകുന്നേരങ്ങളിൽ ഡിറ്റക്ടീവ് കഥകൾ പറഞ്ഞുകൊടുക്കും. അവര്‍ തമ്മിലുള്ള ആത്മബന്ധമാണ് ഈ സിനിമയുടെ കാതല്‍.
എന്നാൽ ആ ശാന്തമായ ജീവിതത്തിനിടയ്ക്ക് ജോർജ് കൊല്ലപ്പെടുന്നു. വിവരമറിഞ്ഞ് വർഷങ്ങൾക്കുമുമ്പ് ദത്തിനായി പള്ളിക്ക് കൈമാറപ്പെട്ടിരുന്ന മകൾ നാട്ടിലേക്ക് മടങ്ങിവരുന്നു. ആരാണ് ജോർജിനെ കൊലപ്പെടുത്തിയത്? ഇനി ആടുകളെ ആരാണ് നോക്കുക? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടിയുള്ള അന്വേഷണത്തിൽ ഏറ്റവും നിർണായകമാവുന്നത് മനുഷ്യരല്ല... ജോർജ് ജീവനെപ്പോലെ സ്നേഹിച്ച ആ ആടുകളാണ്.
കഴിഞ്ഞ മെയില്‍ റിലീസ് തെയ്ത ദി ഷീപ്പ് ഡിറ്റക്ടീവ്സ് ബോക്സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു. എന്നാല്‍ ഒടിടി റിലീസിന് ശേഷം ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് ഈ സിനിമ. ഒരു മർഡർ മിസ്റ്ററി ആയിട്ടും അതിനകത്ത് നിറഞ്ഞുനിൽക്കുന്നത് അതിമനോഹരമായ ഒരു ഫീൽ-ഗുഡ് അനുഭവമാണ്.
ആമസോൺ പ്രൈമിൽ ലഭ്യമായ ഈ ചിത്രത്തിന് മികച്ചൊരു മലയാളം ഡബ്ബും ഒരുക്കിയിട്ടുണ്ട്. സിനിമയുടെ ആത്മാവ് നഷ്ടപ്പെടാതെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ ശബ്ദങ്ങളും സ്വാഭാവികമായ സംഭാഷണങ്ങളുമാണ് നൽകിയിരിക്കുന്നത്. ഇംഗ്ലീഷ് പതിപ്പിൽ നിന്ന് വ്യത്യസ്തമായ ചില സംഭാഷണങ്ങൾ പോലും മലയാളം പതിപ്പിനെ കൂടുതൽ രസകരവും അടുപ്പമുള്ളതുമാക്കുന്നു.
എന്തുകൊണ്ടാണ് ഇത്ര സിമ്പിളായ ഒരു സിനിമ നമ്മെ ഇത്രയധികം സ്പർശിക്കുന്നത്?
കാരണം, നമ്മളിൽ പലരും ഉള്ളിൽ ആഗ്രഹിക്കുന്ന ജീവിതം തന്നെയാണ് ഈ സിനിമ കാണിച്ചുതരുന്നത്. അതോടൊപ്പം, നമുക്ക് തികച്ചും അപരിചിതമായ ആടുകളുടെ ഒരു സാമൂഹിക ലോകവും സിനിമ അതിശയകരമായി അവതരിപ്പിക്കുന്നു. അവരുടെ സൗഹൃദങ്ങൾ, ഭയങ്ങൾ, തമാശകൾ, അഭിപ്രായവ്യത്യാസങ്ങൾ, സംഭാഷണങ്ങൾ... എല്ലാം ചേർന്ന് ഒരു പുതിയ ലോകം തന്നെ തുറന്നുതരുന്നു. മരിച്ചുപോയ ആടുകൾ മേഘങ്ങളായി മാറുമെന്ന അവരുടെ വിശ്വാസം കേൾക്കുമ്പോൾ, ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന സുഖമാണ് ലഭിക്കുന്നത്.
ഈ സിനിമയെ ഇത്രയധികം ജീവസുറ്റതാക്കുന്നത് അതിലെ കഥാപാത്രങ്ങളാണ്. ലില്ലി, മോപ്പിള്‍, സെബാസ്റ്റ്യൻ, റെജി, റോണി, വിൻറർ ലാമ്പ്... ഓരോ ആടിനും വ്യക്തമായ ക്യാരക്ടര്‍ ആര്‍ക്കുണ്ട്. ജോർജിന് ഏറ്റവും പ്രിയപ്പെട്ട ആടായ ലില്ലിയാണ് കൂട്ടത്തിലെ ഏറ്റവും ബുദ്ധിമതി. മോപ്പിള്‍ എല്ലാറ്റിനെയും വ്യത്യസ്തമായി കാണുന്ന ഒരു ചിന്തകനാണ്. എന്നാൽ സിനിമ കണ്ടവരുടെ പ്രിയപ്പെട്ട കഥാപാത്രമാകുന്നത് കൂടുതലായും സെബാസ്റ്റ്യനാണ്. കാരണം, ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ച കഥാപാത്രങ്ങളോട് പ്രേക്ഷകർക്ക് എപ്പോഴും ഒരു പ്രത്യേക അടുപ്പമുണ്ടാകും.
വൂൾവെറീൻ പോലുള്ള ആക്ഷൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹ്യൂ ജാക്ക്മാന്റെ കരിയറിലെ ഏറ്റവും സോഫ്റ്റും ഹൃദയസ്പർശിയുമായ കഥാപാത്രങ്ങളിലൊന്നാണ് ജോർജ്. സിനിമയിൽ വളരെ കുറച്ച് സമയമേ അദ്ദേഹം പ്രത്യക്ഷപ്പെടുന്നുള്ളൂ. പക്ഷേ സിനിമയുടെ ഓരോ ഫ്രെയിമിലും അദ്ദേഹത്തിന്റെ സാന്നിധ്യം നമ്മൾ അനുഭവിക്കും. അതാണ് ആ കഥാപാത്രത്തിന്റെ ശക്തി.
ദി ഷീപ്പ് ഡിറ്റക്ടീവ്സ് ട്വിസ്റ്റുകൾ കൊണ്ട് അത്ഭുതപ്പെടുത്തുന്ന സിനിമയല്ല, അതിലേറെ ഇമോഷനുകളിലാണ് ഈ കഥയുടെ ആത്മാശമുള്ളത്. അത് കണ്ടുതന്നെ അറിയണം. കണ്ണൊന്ന് നിറഞ്ഞാലും ഒരു ചെറുപുഞ്ചിരിയോടെ ദി ഷീപ്പ് ഡിറ്റക്ടീവ് നമുക്ക് കണ്ടുതീർക്കാം.