rajesh-sharma

ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് തെലുങ്ക് നടന്‍ രാജേഷ് ശർമ്മയെ ധാക്കൂരിയയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ  നടക്കുന്ന പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് സെറ്റിൽ വച്ചാണ് അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. പ്രാണിയുടെ കടിയേറ്റതാണ് കാരണമെന്നാണ് നിഗമനം. ഏത് തരത്തിലുള്ള പ്രാണിയാണ് കടിച്ചതെന്ന് വ്യക്തമല്ല. 

ഷൂട്ടിങ് കഴിഞ്ഞ് സെറ്റിലെ കാടുപിടിച്ച ഒരു പ്രദേശത്തിന് സമീപം സാങ്കേതികപ്രവർത്തകരുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വലതുകാലിൽ എന്തോ കടിച്ചതെന്ന് കുടുംബസുഹൃത്തായ നടി സുദീപാ ചാറ്റർജി പറഞ്ഞു. തുടക്കത്തിൽ ഇതൊരു ചെറിയ മുറിവായി തോന്നിയതിനാൽ അദ്ദേഹം അത് കാര്യമാക്കിയില്ല, സെറ്റിൽ വെച്ച് ചികിത്സ തേടിയതുമില്ല. എന്നാല്‍ യാത്രയ്ക്കിടയിൽ നില വഷളായി

ആറ് മണിക്കൂറിനുള്ളിൽ കാലിൽ കടുത്ത വേദന ആരംഭിച്ചു. എന്നാല്‍ അദ്ദേഹം കൊൽക്കത്തയിലേക്കുള്ള ഫ്ലൈറ്റിൽ കയറി. വിമാനയാത്രയ്ക്കിടയിൽ അദ്ദേഹത്തിന് കടുത്ത പനിയും, ശ്വാസതടസ്സവും, കടുത്ത അസ്വസ്ഥതയും അനുഭവപ്പെടുകയും നില ഗുരുതരമാകുകയും ചെയ്തു.  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഒരുദിവസം കഴിഞ്ഞുവെന്നും സുദീപാ ചാറ്റർജി പറഞ്ഞു. 

നിലവില്‍ രാജേഷ് ശര്‍മയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യനില ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. 

ENGLISH SUMMARY:

Telugu actor Rajesh Sharma has been admitted to a hospital in Dhakuria due to serious health issues following a suspected insect bite on the set of a new Prabhas film. His condition worsened rapidly after the bite, leading to severe pain, fever, and breathing difficulties during his flight to Kolkata.