സൺറൈസേഴ്‌സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും പ്രമുഖ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഉടൻ വിവാഹിതരാകാൻ പോകുന്നുവെന്ന് റിപ്പോർട്ടുകൾ. സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരിലൊരാളായ കാവ്യ, സൺറൈസേഴ്സിന്റെ ഐപിഎൽ മത്സരങ്ങളിൽ ഗ്യാലറിയിലെ സ്ഥിരം സാന്നിധ്യമാണ്.
കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് അനിരുദ്ധ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും, അടുത്തിടെ അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ. ജി. മഹേന്ദ്രനാണ് കാവ്യയുമായുള്ള വിവാഹവാർത്ത പങ്കുവച്ചത്. 'അനിരുദ്ധ് വളരെ ശാന്തനായ ഒരു വ്യക്തിയാണ്. ഞാൻ കേട്ടതനുസരിച്ച് അവർ വിവാഹിതരാകാൻ പോകുകയാണ്. ആ പെൺകുട്ടി ഒരു സാധാരണക്കാരിയല്ല. സൺറൈസേഴ്‌സ് ഹൈദരാബാദ് പോലൊരു വലിയ ടീമിനെ നയിക്കാനുള്ള ശേഷി അവൾക്കുണ്ട്. അച്ഛന്റെ ബിസിനസ് ഗുണങ്ങൾ അവൾക്ക് പാരമ്പര്യമായി ലഭിച്ചിട്ടുണ്ട്. അവർ മികച്ചൊരു ജോഡിയാണ്’_മഹേന്ദ്രൻ പറയുന്നു.
ഇരുവരും ഈ വർഷം അവസാനം സ്പെയിനിൽ വച്ച് വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2024 മുതൽ അനിരുദ്ധും കാവ്യയും തമ്മിൽ പ്രണയത്തിലാണെന്നാണ് വിവരം. വ്യവസായി കലാനിധി മാരന്റെ മകളാണ് കാവ്യ. സൺറൈസേഴ്‌സ് ഹൈദരാബാദിന് പുറമെ, എസ്എ20യിലെ സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പിന്റെയും, ദ് ഹണ്ട്രഡിലെ സൺറൈസേഴ്‌സ് ലീഡ്സിന്റെയും സഹ-ഉടമ കൂടിയാണ് കാവ്യ.
2011ൽ പുറത്തിറങ്ങിയ ‘വൈ ദിസ് കൊലവെറി ഡി’ എന്ന വൈറൽ ഗാനത്തിലൂടെയാണ് അനിരുദ്ധ് ശ്രദ്ധ നേടുന്നത്. പിന്നീട് ഒട്ടേറെ സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹം തമിഴ് ചലച്ചിത്ര മേഖലയില്‍ തന്നെ മുൻനിര സംഗീത സംവിധായകരിൽ ഒരാളായി മാറി. വലിയൊരു കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അനിരുദ്ധ് വരുന്നത്. തമിഴ് സൂപ്പർ താരം രജനികാന്ത് അനിരുദ്ധിന്റെ അമ്മാവനാണ്. അദ്ദേഹത്തിന്റെ മുതുമുത്തച്ഛനായ കെ. സുബ്രഹ്മണ്യം 1930കളിലെ ഒരു ചലച്ചിത്ര സംവിധായകനായിരുന്നു. പ്രശസ്ത നർത്തകി ഡോ. പദ്മ സുബ്രഹ്മണ്യം അദ്ദേഹത്തിന്റെ മുത്തശ്ശിയുടെ സഹോദരിയാണ്. അങ്ങനെ തീര്‍ത്തും കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് അനിരുദ്ധ് തെന്നിന്ത്യന്‍ ചലച്ചിത്ര സംഗീതലോകത്തേക്കെത്തിയത്.