കുടുംബത്തിനു നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി അഹാന കൃഷ്ണ. അഹാനയുടെ അമ്മൂമ്മയെ കുടുംബം ഒറ്റപ്പെടുത്തിയെന്ന് ആരോപിച്ച് സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവി ഒരു വിഡിയോ പുറത്തുവിട്ടിരുന്നു. അതിനു പിന്നിലെ യഥാർഥ കാരണം തുറന്നു പറഞ്ഞാണ് അഹാന രംഗത്തെത്തിയത്. 

തന്‍റെ കസിൻ തൻവി തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോ ആണ് പങ്കുവെച്ചതെന്ന് അഹാന വിഡിയോയിൽ പറയുന്നു. തൻവിയുടെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ അഹാനയുടെ അമ്മ സിന്ധു കൃഷ്ണയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വൻതോതിൽ വിമർശനങ്ങളുയർന്നിരുന്നു. ഇതോടെയാണ്  സ്വന്തംകുടുംബത്തിന്‍റെ  ഭാഗം വെളിപ്പെടുത്തി അഹാന രംഗത്തെത്തിയത്.

കുടുംബത്തിൽ സ്ഥിരമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വ്യക്തിയാണ് അമ്മൂമ്മയെന്നും പ്രായമായ ആളെന്നു കരുതി പലതും കണ്ടില്ലെന്ന് വച്ച് ക്ഷമിച്ചെങ്കിലും ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അവർ വിളിച്ചു പറഞ്ഞെന്നും അതിന്‍റെ പേരിലാണ് അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും അഹാന വിഡിയോയില്‍ പറഞ്ഞു.

അപ്പൂപ്പന്‍റെ ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് എന്നും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും അമ്മൂമ്മയുടെ ഉപദ്രവം സഹിക്കാതെ അപ്പൂപ്പനെ നോക്കാൻ വന്ന ഹോം നഴ്സുമാർ ജോലി അവസാനിപ്പിച്ച് പോകേണ്ടി വന്നിട്ടുണ്ട്. ഇതു ചോദ്യം ചെയ്തപ്പോഴുണ്ടായ തർക്കത്തിനൊടുവിലാണ് അമ്മൂമ്മ മോശം പരാമർശം നടത്തിയതെന്നും അഹാന വെളിപ്പെടുത്തി.  

അഹാനയുടെ വാക്കുകളിങ്ങനെ, ‘ഞങ്ങളും അമ്മൂമ്മയും തമ്മിൽ മിണ്ടാതിരിക്കാനും അപ്പൂപ്പൻ മരിക്കുന്നതിനും ഒരു ബന്ധവുമില്ല. 2025 ഒക്ടോബർ 31നാണ് അമ്മൂമ്മയുമായുള്ള ബന്ധം മുറിയുന്നത്. ഇഷാനിയുടെ പിറന്നാളിന് ഒരു ദിവസം മുൻപ്. ഇഷാനിയുടെ ബർത്ത്ഡേ പാർട്ടിയിൽ അപ്പൂപ്പനും അമ്മൂമ്മയും വരാനിരുന്നതാണ്. അമ്മൂമ്മയുമായി വലിയൊരു പ്രശ്നം ഉണ്ടായതുകൊണ്ടാണ് അവർ വരാതെ ഇരുന്നത്. പിന്നെ ഞങ്ങളെല്ലാവരും അമ്മൂമ്മയെ കാണുന്നത് തന്നെ അപ്പൂപ്പൻ മരിക്കുന്ന ദിവസമാണ്, അതായത് 2026 മാർച്ച് 29. 

അമ്മൂമ്മയെക്കുറിച്ച് ഇതു പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നാലും പറയുകയാണ്... അമ്മൂമ്മ എപ്പോഴും ഒരു പ്രശ്നക്കാരിയായിരുന്നു. ഒരുമിച്ചു പോകാൻ ശരിക്കും ബുദ്ധിമുട്ടാണ്. അമ്മ ഞങ്ങൾക്കു തരുന്ന സ്നേഹം വലുതാണ്. പക്ഷേ, അമ്മയ്ക്ക് അത് ലഭിച്ചിട്ടില്ല. അത് അമ്മ തിരിച്ചറിഞ്ഞിട്ടില്ല. കാരണം അപ്പൂപ്പൻ നല്ലൊരു പേരന്‍റ് ആയിരുന്നു. ഞങ്ങളും കുഞ്ഞുനാൾ മുതൽ അമ്മൂമ്മയുടെ ഭ്രാന്തൻ സ്വഭാവങ്ങൾ കാണുന്നതാണ്. ഞങ്ങളെപ്പോഴും അതു പോട്ടെയെന്നു വയ്ക്കും. അപ്പൂപ്പൻ വയ്യാതെ ആയപ്പോൾ അമ്മൂമ്മയുടെ സ്വഭാവം കുറച്ചൂടെ മോശമായി. അപ്പൂപ്പന് വീട്ടിൽ ഒരു ഹോം നഴ്സിനെ സ്ഥിരമായി വേണ്ട അവസ്ഥ വന്നു. അമ്മൂമ്മയ്ക്ക് ഭയങ്കര വൃത്തി പ്രാന്താണ്. അതു കൂടിക്കൂടി ആരും വീട്ടിൽ വരുന്നത് ഇഷ്ടമല്ലാതായി. അതുകൊണ്ട് ഹോം നഴ്സ് വീട്ടിലുള്ളത് അമ്മൂമ്മയ്ക്ക് കംഫർട്ടബിൾ അല്ലായിരുന്നു. അതുകൊണ്ട് ഇവർ ഓരോ പ്രശ്നമുണ്ടാക്കും, അതോടെ ഹോം നഴ്സ് പോകും. സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയത്ത് 15 ഹോം നഴ്സ് എങ്കിലും വന്നു പോയിട്ടുണ്ടാകും. അമ്മൂമ്മയുടെ ഉപദ്രവം സഹിക്ക വയ്യാതെയാണ് അവർ പോയത്. ഹോം നഴ്സാണ് അപ്പൂപ്പനെ ബാത്ത്റൂമിൽ കൊണ്ടുപോകുന്നതെന്നു പറഞ്ഞ് അപ്പൂപ്പനെ ബെഡ് റൂമിൽ കിടത്താതെ ഹാളിലാണ് കിടത്തികൊണ്ടിരുന്നത്. ഇതൊക്കെ കാണുമ്പോൾ പുള്ളിക്കാരിയുമായി അടി ഉണ്ടാകില്ലേ? അപ്പൂപ്പന്‍റെ ആരോഗ്യകാര്യം പറഞ്ഞാണ് ഞങ്ങൾ തമ്മിൽ അടിയാകുന്നത്.

ഒരു ദിവസം രാവിലെ ഹോം നഴ്സ് വിളിച്ചു പറഞ്ഞു, ‘അപ്പൂപ്പന്‍റെ മൂക്കിൽ നിന്ന് രക്തം വരുന്നു... എന്നെ അമ്മൂമ്മ വീട്ടിൽ കയറ്റുന്നില്ല. എന്തു ചെയ്യും’ എന്ന്. ഈ പ്രശ്നത്തിന്‍റെ ഇടയിൽ വളരെ മോശമായ കാര്യങ്ങൾ അമ്മൂമ്മ പറഞ്ഞു. ഒരിക്കലും ക്ഷമിക്കാൻ പറ്റാത്ത തരത്തിലുള്ള മോശം കാര്യങ്ങളാണ് വിളിച്ചു പറഞ്ഞത്. അത്രയും വൃത്തികേട് പറഞ്ഞപ്പോൾ ഞങ്ങൾ തീരുമാനിച്ചു, ആ ബന്ധം അകറ്റി തന്നെ നിറുത്താം. അവരുടെ ബാക്കി കാര്യങ്ങളൊക്കെ നോക്കാം... പക്ഷേ, മാറി നിൽക്കട്ടെ എന്ന്. അമ്മൂമ്മയ്ക്ക് വ്യക്തമായി അറിയാം, എന്തുകൊണ്ട് ഞങ്ങൾ വിളിക്കുന്നില്ല എന്ന്.

പണ്ടൊരു ദിവസം അമ്മൂമ്മ എനിക്കെതിരെ മോശമായി പറഞ്ഞതിന്‍റെ വോയ്സ് നോട്ട് ഫാമിലി ഗ്രൂപ്പിൽ ഇട്ടപ്പോൾ അനുഭാവപൂർവം പ്രതികരിച്ച വ്യക്തിയാണ് തൻവി. യഥാർഥ കാരണങ്ങൾ തൻവിക്കും അറിയാം. എന്നിട്ട് കാനഡയിൽ നിന്ന് വിഡിയോ കോൾ ചെയ്യുന്നു, അമ്മൂമ്മയെക്കൊണ്ട് പറഞ്ഞു പറയിപ്പിക്കുന്ന പോലെ ഓരോന്നു ചെയ്യുന്നു. അതെടുത്ത് വ്ലോഗിൽ ഇടാൻ തൻവി കാണിച്ച മനസ്സ്! എനിക്കൊന്നുമില്ല പറയാൻ! അമ്മൂമ്മ പറഞ്ഞതും ചെയ്തതും തെറ്റാണെന്നു ചൂണ്ടിക്കാട്ടി ഒരു ക്ഷമ പറയാൻ ആവശ്യപ്പെടാൻ തൻവിക്ക് കഴിഞ്ഞില്ല. പ്രായമായ ആളല്ലേ എന്നു കരുതി എല്ലാ കാര്യങ്ങളും അങ്ങനെ ക്ഷമിച്ചു വിടാൻ കഴിയില്ല.

കുടുംബത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ നിശബ്ദയായിരിക്കാൻ തനിക്ക് കഴിയില്ലെന്നും അഹാന വ്യക്തമാക്കി. തൻവി പങ്കുവച്ച വിഡിയോ  കുടുംബത്തിനെതിരെ ഒരു നെഗറ്റിവ് ഇംപാക്ട് ഉണ്ടാക്കി. അച്ഛൻ എന്നത്തെയും പോലെ പറഞ്ഞു, സത്യം നമ്മുടെ ഭാഗത്താണെങ്കിൽ നിശബ്ദമായിരിക്കുന്നതാണ് നല്ലത്. അതാണ് മികച്ച ആയുധം. ഇതാദ്യമായല്ല ഞങ്ങളുടെ കുടുംബത്തെക്കുറിച്ച് ഇതുപോലെ കള്ളങ്ങൾ പറയുന്നത്. പക്ഷേ, അച്ഛൻ പറഞ്ഞപോലെ നിശബ്ദയായിരിക്കാൻ എനിക്ക് പറ്റില്ല. ഇവിടെ ടാർഗറ്റ് ചെയ്യപ്പെടുന്നത് എന്റെ അമ്മയാണ്. കുടുംബത്തിനുള്ളിൽ നടക്കുന്ന ഡ്രാമ സമൂഹമാധ്യമങ്ങളിൽ വന്നു പറയുന്നത് മോശമാണ്. പുതിയ വ്ലോഗിനുള്ള കോണ്ടന്റ് ആയല്ലോ എന്നു പറയുന്നവരുണ്ട്. ഒന്നോർക്കുക, ഞങ്ങൾ അത്തരക്കാരല്ല. പക്ഷേ, ഇതിങ്ങനെ വന്നു പറയേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്. ‘തൻവിയല്ലേ, വിട്ടു കളയൂ’ എന്നാണ് അമ്മയുടെ നിലപാടെന്നും പക്ഷേ എനിക്ക് പറ്റില്ലെന്നും അഹാന വിഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.

അമ്മൂമ്മ ഒറ്റയ്ക്കായതുകൊണ്ടാണ് താൻ നാട്ടിലേക്ക് വന്നതെന്ന് വ്യക്തമാക്കി തൻവി ഒരു വിഡിയോ പങ്കുവച്ചിരുന്നു. അതിൽ കാനഡയിലേക്ക് അമ്മൂമ്മ വിളിച്ചു കരയുന്ന വിഡിയോ കോളിന്റെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. 

ENGLISH SUMMARY:

Actress Ahana Krishna has released a video addressing the allegations made by her cousin, Tanvi, regarding the family's treatment of their grandmother. Ahana clarified that the family had to distance themselves from their grandmother due to her alleged problematic behavior, which included making inappropriate remarks and creating difficulties for caregivers who were looking after their ailing grandfather. Ahana expressed her disappointment in Tanvi for sharing a misleading vlog for "content," despite knowing the reality of the situation. She emphasized that she decided to speak up to defend her mother, Sindhu Krishna, from false accusations.