മലയാള സിനിമയിലെ പ്രിയതാരം ജയറാമിന്റെ എളിമയെക്കുറിച്ചും അദ്ദേഹം നൽകുന്ന അഭിമുഖങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകളും ട്രോളുകളും നടക്കുകയാണ്. ഇപ്പോഴിതാ ജയറാമിന്റെ എളിമയെക്കുറിച്ച് നടൻ ബൈജു സന്തോഷ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബൈജു ജയറാമിന്‍റെ സ്വഭാവരീതിയെ കുറിച്ച് അഭിപ്രായപ്പെട്ടത്. 

ജയറാം പണ്ടുമുതലേ കാര്യങ്ങൾ അല്പം 'പൊലിപ്പിച്ചു' പറയുന്ന ശീലമുള്ള ഒരാളൊണന്നും അത് അദ്ദേഹത്തിന്റെ രീതിയാണെന്നുമാണ് ബൈജു പറയുന്നത്. ഒരു സ്ഥലത്ത് ആയിരം പേരുണ്ടെങ്കിൽ ജയറാം പറയും അവിടെ പതിനായിരം പേരുണ്ടെന്ന്. അത് അദ്ദേഹത്തിന്റെ ശൈലിയാണ്, പക്ഷേ ആ പറയുന്നത് കേൾക്കാൻ തന്നെ ഒരു പ്രത്യേക രസമുണ്ടെന്നും താരം പറയുന്നു. 

ജയറാമിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ട്രോളുകളെക്കുറിച്ചും ബൈജു പ്രതികരിച്ചു. ജയറാമിന് ഇപ്പോൾ എളിമ അല്പം കൂടിയിട്ടുണ്ടെന്നും അതാണ് ട്രോളുകള്‍ക്ക് കാരണമെന്നും ബൈജു പറഞ്ഞു. താരത്തിന്‍റെ വാക്കുകളിങ്ങനെ, എളിമ കൂടിപ്പോയതിന്റെ പേരിലാണ് പുള്ളിയെ ഇപ്പോൾ ട്രോളി കൊല്ലുന്നത്. എളിമ കാണിച്ചാലും കുഴപ്പം, കാണിച്ചില്ലെങ്കിലും കുഴപ്പം, അപ്പോള്‍ അഹങ്കാരിയാണെന്ന് പറയും. എന്തായാലും എളിമ അല്പം കുറച്ചാൽ നന്നായിരിക്കുമെന്ന് എനിക്ക് ജയറാമിനോട് പറയാനുണ്ട്. സത്യത്തിൽ മലയാളിക്ക് ഇത്രയും എളിമ കൊടുക്കരുത്. തമിഴ്നാട്ടിൽ ഇതെല്ലാം ഓക്കെയാണ്, പക്ഷെ ഇവിടെ നടക്കില്ല.

അടുത്തിടെ തമിഴ് നടനും നിർമാതാവുമായ രാംകുമാർ ഗണേശന്റെ പോഡ്കാസ്റ്റിൽ ജയറാം പങ്കെടുത്ത് സംസാരിച്ചത് ഏറെ ചർച്ചയായിരുന്നു. ഇതിനു പുറമെ 'ട്വന്റി 20' സിനിമയിലെ ക്ലൈമാക്സിലെ സാന്നിധ്യത്തെക്കുറിച്ച് ജയറാം നൽകിയ വൈരുദ്ധ്യമുള്ള മറുപടികളും സോഷ്യൽ മീഡിയയില്‍ വൈറലായിരുന്നു. തമിഴ് അഭിമുഖത്തിൽ ദീപാവലിയാണ് താൻ അഭിനയിക്കാതിരുന്നതിന് കാരണമായി പറഞ്ഞതെങ്കിൽ, വർഷങ്ങൾക്ക് മുൻപ് മറ്റൊരു അഭിമുഖത്തിൽ 'ശബരിമല' എന്നായിരുന്നു പറഞ്ഞത്. ഈ രണ്ട് വിഡിയോകളും കോർത്തിണക്കി സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞതോടെയാണ് ജയറാമിന്റെ ശൈലി വീണ്ടും ചർച്ചയായത്.

ENGLISH SUMMARY:

Actor Baiju Santhosh has shared his thoughts on the recent social media trolling surrounding actor Jayaram’s humble demeanor and storytelling style. Baiju noted that Jayaram has a habit of exaggerating facts, which is simply his personal style and often entertaining to listen to. Regarding the trolls, Baiju humorously remarked that Jayaram is being targeted because he is "too humble" for the current Malayali audience, suggesting that such modesty might not be well-received here as it is in Tamil Nadu. He advised that Jayaram should tone down his humbleness to avoid further criticism.