Image Credit : Instagram
തിയറ്ററില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിദംബരം സംവിധാനം ചെയ്ത 'ബാലന്‍ ദി ബോയ്' സിനിമയെ പ്രശംസിച്ച് സൂര്യയും ജ്യോതികയും. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രത്തെ പുകഴ്ത്തി പോസ്റ്റിട്ടത്. 'മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം ചിദബരവും ടീമും വീണ്ടും വിസ്മയിപ്പിച്ചു. മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലെ മറ്റൊരു അമൂല്യ രത്നമാണ്. പുതുമുഖ താരങ്ങളെ വിശ്വാസത്തിലെടുത്ത് ഇത്തരമൊരു മികച്ച പ്രമേയം ഒരുക്കിയതിന് ചിദംബരത്തിനും തിരക്കഥാകൃത്ത് ജിത്തുമാധവനോടും വലിയ ബഹുമാനമുണ്ടെന്നും' സൂര്യ കുറിച്ചു.
'ബാലനായി വേഷമിട്ട ആദി ശേഷനും മുഹമ്മദ് സിനാനും ഞെട്ടിച്ചു. കൂടാതെ ഫര്‍സാന പാലത്തിങ്കലും അബ്ബാസായി വേഷമിട്ട ടോവിനോ തോമസ് ഉള്‍പ്പടെ ഓരോ കഥാപാത്രവുമായി വേഷമിട്ടവരും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഒരു ചിത്രകൂടി പ്രേക്ഷകരുടെ ഹൃദയം കവർന്നു'. ഈ സിനിമയിലെ പുതമുഖങ്ങളുടെ പ്രകടനം കണ്ടപ്പോള്‍ തന്റെ അഭിനയം ഒന്നുകൂടി മെച്ചപ്പെടുത്തണമെന്ന് തോന്നിയതായും സൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അഭിനയം മാത്രമല്ല, ഛായാഗ്രഹണം, സുഷിന്‍ ശ്യാമിന്‍റെ സംഗീതം, കലാസംവിധാനം എന്നിങ്ങനെ എല്ലാ മേഖലയിലും മികച്ചു നിന്നു. ബാലന്‍ ടീമിന് അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
ചിദംബരത്തിന്‍റെ മനോഹരമായ ചിത്രം, പ്രേക്ഷകനെ നിരന്തരം അദ്ഭുതപ്പെടുത്തുന്ന ജിത്തു മാധവന്‍റെ തിരക്കഥ, ബാലനെ ഒരു മാസ്റ്റര്‍ പീസാക്കി മാറ്റിയെന്ന് സിനിമ കണ്ട ശേഷം ജ്യോതികയും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സ്ത്രീത്വത്തിന്‍റെ ശക്തമായ ഭാവങ്ങള്‍ പകര്‍ന്നാടിയ ഫര്‍സാനയുടെ പ്രകടനം വിസ്മയിപ്പിച്ചു. ആദിശേഷന്‍റെയും സിനാന്‍റെയും നിഷ്കളങ്കമായ കണ്ണുകള്‍ പ്രേക്ഷക ഹൃദയത്തിലേക്ക് തുളച്ചു കയറി. ചിത്രത്തിലെ അമ്മൂമ്മയായി വേഷമിട്ട ഡോളി ജൂണിനുമുണ്ട് പ്രശംസ. ടൊവിനോ തോമസിന്‍റെ കരിയറിലെ മികച്ച വേഷമാണിത്. ക്യാമറ, പശ്ചാത്തല സംഗീതം എല്ലാം ചേര്‍ന്നൊരു ദൃശ്യ വിരുന്ന് തന്നെയാണ് ബാലന്‍.ഈ സിനിമ തിയേറ്ററില്‍ തന്നെ കണ്ടനുഭവിക്കണം എന്നും ജ്യോതിക കുറിച്ചു.
ചിത്രം കണ്ട ശേഷം സംവിധായകന്‍ ചദംബരത്തെ ഉള്‍പ്പെടെ നേരില്‍ കണ്ടും താരദമ്പതികള്‍ അഭിനന്ദനം അറിയിച്ചിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് പോലെ ചിദംബരത്തിന്‍റെ ഈ ചിത്രവും തെന്നിന്ത്യയെ കയ്യിലെടുക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.