tamanna-songs

TOPICS COVERED

ബോളിവുഡ് സിനിമകളില്‍ അവിഭാജ്യ ഗ്ലാമര്‍ ഘടകമാണ് ഇന്ന് തമന്ന. താരത്തിന്‍റെ ഡാന്‍സുള്ള പാട്ട് ഉള്‍പ്പെടുത്തിയാല്‍ തന്നെ സിനിമ ശ്രദ്ധ നേടും. രജിനികാന്ത് ചിത്രം 'ജയിലറി'ലെ 'കാവാലയ്യ'ക്ക് ശേഷമാണ് തമന്നയുടെ ഡാന്‍സ് നമ്പരുകള്‍ തരംഗമാവുന്നത്. പിന്നീട് 'സ്ത്രീ 2'വിലെ 'ആജ് കി രാത്', 'ബാഡ്സ് ഓഫ് ബോളിവുഡി'ലെ 'ഗഫൂര്‍' എന്നീ പാട്ടുകളും ശ്രദ്ധ നേടിയിരുന്നു. 

തന്‍റെ ഡാന്‍സ് നമ്പരുകളെ പറ്റി സംസാരിക്കുകയാണ് തമന്ന. സിനിമകളിലെ ഇത്തരം പാട്ടുകളെ ഐറ്റം ഡാന്‍സായി കാണുന്നില്ലെന്നും അതൊക്കെ പാര്‍ട്ടി സോങ്ങുകളാണെന്നും തമന്ന പറഞ്ഞു. 'കരീനയോ കത്രീനയോ ഡാന്‍സ് ചെയ്യുന്ന സിനിമകള്‍ നിങ്ങള്‍ ഓര്‍ക്കണമെന്നില്ല, എന്നാല്‍ നിങ്ങള്‍ക്ക് 'ചമ്മക്ക് ചല്ലോ', 'ഷീല കി ജവാനി', 'കമലി' എന്നിവ തീര്‍ച്ചയായും ഓര്‍മയുണ്ടാവും. അവരെ അതില്‍ ദേവതമാരെ പോലെയാണ് തോന്നുക. അവര്‍ സുന്ദരികളാണ്. അവര്‍ അവരെ തന്നെ ആഘോഷമാക്കുകയാണ്. പ്രായമായ ആളുകള്‍ മുതല്‍ കുട്ടികള്‍ വരെ ഇത്തരം പാട്ടുകള്‍ക്ക് ചുവട് വക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് അത്തരം പാട്ടുകളെ ഐറ്റം നമ്പരുകളായിട്ടല്ല, പാര്‍ട്ടി സോങ്ങുകളായാണ് ഞാന്‍ കാണുന്നത്,' ഫോബ്സ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തമന്ന പറഞ്ഞു.

'എന്നെ സംബന്ധിച്ചിടത്തോളം ഗ്ലാമറസായിരിക്കുന്നത് ജന്മസിദ്ധമാണ്. ഗ്ലാമറസായി കാണപ്പെടാന്‍ ആഗ്രഹിച്ചാണ് ഞാന്‍ ഉണരുന്നത്. അത് ഞാന്‍ ക്യാമറക്ക് വേണ്ടി ചെയ്യുന്നതല്ല, എന്‍റെ ഭാഗമായി കഴിഞ്ഞു. അതിനി ഒഴിവാക്കാനാവില്ല. ഈ പാട്ടുകള്‍ ചെയ്യുന്നത് അത് പ്രകടിപ്പിക്കാനുള്ള നല്ലൊരു മാര്‍ഗമാണ്. അത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. 

'സ്ത്രീ 2'വിലെ 'ആജ് കി രാത്ത്' പാട്ടില്‍ ആ കഥാപാത്രമായാണ് പെര്‍ഫോം ചെയ്തത്. 'ബാഡ്സ് ഓഫ് ബോളിവുഡി'ലെ 'ഗഫൂര്‍' എന്ന പാട്ട് സിനിമയിലില്ല, പ്രമോഷന് വേണ്ടി ഉപയോഗിച്ചതാണ്. ഗഫൂറില്‍ സെക്സിയായ സ്റ്റെപ്പുകളില്ല. പക്ഷേ ആ പാട്ടിന് ഒരു ഗ്ലാമറസ് വൈബുണ്ട്,' തമന്ന പറഞ്ഞു. 

ENGLISH SUMMARY:

Tamannaah Bhatia discusses her popular dance numbers in films, viewing them as celebratory party songs rather than item numbers. She believes these performances are a natural expression of her inherent glamour and enjoyably showcased through captivating music and dance.