Image Credit: Instagram/Youtube
രജനികാന്ത് ചിത്രം ജയിലറിന്‍റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ജയിലര്‍ 2 എന്ന പേരില്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായാണ് വിവരം. ആദ്യഭാഗത്തെപ്പോലെ ചിത്രത്തില്‍ നിരവധി കാമിയോ കഥാപാത്രങ്ങളുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ നോറ ഫത്തേഹിയുമുണ്ടെന്ന ഏറ്റവും പുതിയ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. രജനികാന്തിനൊപ്പം നൃത്തരംഗത്തിലാണ് നോറ ഫത്തേഹി പ്രത്യക്ഷപ്പെടുക എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ജയിലറിന്‍റെ ആദ്യഭാഗത്തില്‍ തമന്ന അവതരിപ്പിച്ച 'കാവാലയ്യ' എന്ന ഐറ്റം ഡാന്‍ഡ് വലിയ തരംഗം തീര്‍ത്തിരുന്നു. രജനിയും ഈ നൃത്തരംഗത്തില്‍ തമന്നക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സുകളടക്കം അടക്കിഭരിച്ച പാട്ടായിരുന്നു കാവാലയ്യ. ഈ നൃത്തരംഗത്തിലെ തമന്നയുടെ ചുവടുകളും കയ്യടികളേറ്റുവാങ്ങിയിരുന്നു. എന്നാല്‍ ജയിലര്‍ 2ല്‍ തമന്നയ്ക്ക് പകരം പ്രത്യക്ഷപ്പെടുക നോറ ഫത്തേഹിയായിരിക്കും. നൃത്തത്തിന്‍റെ കാര്യത്തില്‍ എക്കാലവും മുന്നില്‍ നില്‍ക്കുന്ന നോറ ജയിലര്‍ 2ലെത്തുമ്പോള്‍ കാവാലയ്യയെ വെല്ലുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. തമന്നയോ നോറയോ ആരാകും മുന്നിട്ടുനില്‍ക്കുക എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞു. അതേസമയം രജനിയും നോറയും ഒന്നിക്കുന്ന പാട്ടിനെക്കുറിച്ച് മറ്റുവിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ജയിലര്‍ ആദ്യഭാഗത്തിലെ പോലെ രണ്ടാം ഭാഗത്തിലും അനിരുദ്ധ് തന്നെയാണ് സംഗീതം അണിയിച്ചൊരുക്കുന്നത്. നെല്‍സണ്‍ ദിലിപ്കുമാറാണ് ചിത്രത്തിന്‍റെ സംവിധായകന്‍. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.