മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാത്ത മുഖങ്ങളാണ് 'പവിത്രം' സിനിമയിലെ ചേട്ടച്ഛനും മീനാക്ഷിയും.. സിനിപ്രേമികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ ചേട്ടനും അനിയത്തിയും. ആ കഥാപാത്രങ്ങളെ അനശ്വരമാക്കിയത് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും നടി വിന്ദുജാ മേനോനുമായിരുന്നു.
സിനിമ റിലീസായി 32 വര്‍ഷങ്ങള്‍ക്കിപ്പുറവും അന്നത്തെ സ്നേഹബന്ധം അതുപോലെ കാത്തുസൂക്ഷിക്കുകയാണ് മോഹന്‍ലാലും വിന്ദുജ മേനോനും. ഇരുവരുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. 'എന്റെ ചേട്ടച്ഛന്‍ മൊമന്റ്' എന്ന കാപ്ഷനാണ് ചിത്രത്തിന് വിന്ദുജ നല്‍കിയിരിക്കുന്നത്.
ഈ കാപ്ഷനാണ് ആരാധകര്‍ ഹൃദയത്തിലേക്ക് എടുത്തിരിക്കുന്നതും. അമ്മ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള ചിത്രമാണ് ബിന്ദുജ പങ്കുവച്ചിരുന്നത്. വർഷങ്ങൾക്കിപ്പുറവും തങ്ങളുടെ പ്രിയപ്പെട്ട ചേട്ടച്ഛനെയും അനിയത്തിയെയും വീണ്ടും ഒരുമിച്ച് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സിനിമാപ്രേമികൾ.
1994ലാണ് മലയാളത്തിലെ മികച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായ പവിത്രം പുറത്തിറങ്ങിയത്. കേരളത്തിലെ തിയേറ്ററുകളിൽ ഏകദേശം 100 ദിവസത്തിലേറെ ചിത്രം വിജയകരമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടി.കെ. രാജീവ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. വിന്ദുജ മേനോൻ്റെ കരിയറിലെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച വേഷമാണ് പവിത്രത്തിലേത്.