Image Credits : iHafix
ഈയടുത്താണ് ഇലക്ട്രോണിക്ക് ഉപകരണങ്ങളുമായുള്ള തന്‍റെ ബന്ധത്തെക്കുറിച്ച് മോഹന്‍ലാല്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വാചാലനായത്. വൈദ്യുതോപകരണങ്ങള്‍ താന്‍ തൊട്ടാല്‍ കേടാകുമെന്നും തന്‍റെ ശരീരത്തില്‍ എന്തോ വൈദ്യുതിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഏറെ കൗതുകമായ മോഹന്‍ലാലിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ ഒട്ടേറെ ആളുകളാണ് ഈ അവസ്ഥയ്ക്ക് പിന്നിലെ ഗുട്ടന്‍സ് തിരഞ്ഞത്. ചിലര്‍ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയാണ് എന്തോ അസുഖമാണ് എന്നെല്ലാം പറയുമ്പോഴും എന്താണ് മോഹന്‍ലാല്‍ അനുഭവിക്കുന്ന ദുരിതത്തിന് പിന്നിലെന്ന് ഇതുവരെ കണ്ടെത്താനായിച്ചില്ല.
മോഹന്‍ലാലിന്‍റെ അവസ്ഥയ്ക്ക് പിന്നിലെന്താണെന്ന് തിരയുന്നതിനിടെ ഈ അവസ്ഥയെ തമാശരൂപേണ എഐ വഴി ചിത്രീകരിച്ചിരിക്കുകയാണ് IHafix എന്ന ഇന്‍സ്റ്റാഗ്രാം പേജ്. കയ്യില്‍ വൈദ്യുതിയുമായി മോഹന്‍ലാല്‍ ഫോണില്‍ തൊടുമ്പോള്‍ ഫോണ്‍ കേടാകുന്നു, ടിവിയില്‍ തൊടുമ്പോള്‍ ടിവി കേടാവുന്നു, ഫ്രിഡ്ജും അടിച്ചുപോകുന്നു. അവസാനം മോഹന്‍ലാല്‍ വീടിന്‍റെ ലൈറ്റ് സ്വിച്ച് ഓഫാക്കുമ്പോള്‍ ലോകത്തിലെ മൊത്തം വൈദ്യുതിയും അടിച്ചുപോകുന്നതായിട്ടാണ് റീല്‍ ആരംഭിക്കുന്നത്.
കാറോടിച്ച് വരികയായിരുന്നു നടന്‍ ആസിഫലി. വൈദ്യുതി പെട്ടന്ന് ഇല്ലാതാകുന്നതോടെ ഇലക്ട്രോണിക് സംവിധാനങ്ങളുള്ള ആസിഫ് അലിയുടെ അടക്കം കാറുകള്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുന്നു. തുടര്‍ന്ന് ആകാശത്ത് പറക്കുന്ന വിമാനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ട് കൊച്ചി നഗരത്തില്‍ വീഴുന്നു. കംപ്യൂട്ടറില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന നസ്‍ലന്‍ ഏറെ നാളുകള്‍ക്ക് ശേഷം വീടിന് പുറത്തേക്കിറങ്ങുന്നു.
എന്നാല്‍ ഇന്ത്യയില്‍ മാത്രമല്ല വൈദ്യുതി പ്രശ്നമാകുന്നത്. തങ്ങളുടെ എഐ സംവിധാനങ്ങള്‍ നശിച്ചതിന് പിന്നാലെ ഇലോണ്‍ മസ്കും, സുന്ദര്‍ പിച്ചൈയും, മാര്‍ക്ക് സക്കര്‍ബെര്‍ഗുമെല്ലാം തേങ്ങുന്നതും വിഡിയോയില്‍ കാണാം. മെഴുകുതിരി കത്തിച്ചിരുന്ന് ട്രംപും കിം ജോങ് ഉന്നും ഫോണില്‍ തര്‍ക്കിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
നിയമങ്ങളും മറ്റും തകര്‍ന്നതോടെ തെരുവുകളില്‍ യുദ്ധം നിറയുന്നു. ഇവിടെ മമ്മൂട്ടിയുടെ താരാദാസും സുരേഷ് ഗോപിയുടെ ഭരത് ചന്ദ്രന്‍ ഐപിഎസും പരസ്പരം വെടിവച്ച് ഏറ്റുമുട്ടുന്നതും കാണാം. പറന്നുകൊണ്ടിരിക്കുന്ന ന്യൂക്ലിയര്‍ മിസൈലുകള്‍ തകര്‍ന്നുവീഴുന്നതോടെ പല നഗരങ്ങളും കത്തിയെരിയുന്നു.
ആരാണ് ഇതിന് പിന്നിലെന്ന് ലോകം തിരയുമ്പോള്‍ ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന മോഹന്‍ലാലിന്‍റെ കണ്ണില്‍ നിന്നും വൈദ്യുതി പ്രവഹിക്കുന്നതോടെയാണ് റീല്‍ അവസാനിക്കുന്നത്. ഇതിനോടകം വൈറലായ റീല്‍ ഒട്ടേറെപ്പേരാണ് റീഷെയര്‍ ചെയ്തിരിക്കുന്നത്.