സൂര്യ ചിത്രം 'വിശ്വനാഥ് ആന്‍ഡ് സണ്‍സി'ന്‍റെ പോസ്റ്ററില്‍ മമിത ബൈജുവിന്‍റെ പേരില്ലാത്തതില്‍ വിമര്‍ശനവുമായി നടി സനം ഷെട്ടി. ചിത്രത്തിലെ 'പട്ടാംപൂച്ചി' എന്ന പാട്ടിന്‍റെ പ്രമോഷന്‍ പോസ്റ്ററിലാണ് സനം അപാകത ചൂണ്ടിക്കാണിച്ചത്. പോസ്റ്ററില്‍ സൂര്യ, സംഗീത സംവിധായകന്‍ ജി.വി.പ്രകാശ്, സംവിധായകന്‍ വെങ്കി അറ്റ്ലൂരി, നിര്‍മാതാക്കളായ നാഗ വംശി, സായ് സൗജന്യ എന്നിവരുടെ പേരുകളുണ്ടായിരുന്നു.
പോസ്റ്ററില്‍ ലീഡ് ഹീറോയിന്‍റെ പേര് പരാമര്‍ശിക്കുന്നതില്‍ നിന്നും അണിയറപ്രവര്‍ത്തകരെ തടയുന്നതെന്താണെന്ന് സനം ചോദിച്ചു. അവരുടേതൊഴിച്ച് ബാക്കി എല്ലാ പ്രധാനപ്പെട്ട പേരുകളും പോസ്റ്ററിലുണ്ട്. ഇത് അനീതിയും എത്രയും വേഗം മാറ്റേണ്ട ട്രെന്‍ഡുമാണ്. മമിത സ്വയം നേടിയെടുത്തതാണ് അവരുടെ പേര്. അതുകൊണ്ടാണ് ഇത്ര വലിയ സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടത്. നായിക പുതുമുഖമാണെങ്കില്‍ പോലും തുല്യമായ സ്ഥാനം എല്ലായിടത്തും അര്‍ഹിക്കുന്നുണ്ട്. സിനിമ ഇന്‍ഡസ്ട്രി വളരേണ്ടിയിരിക്കുന്നു. പടിപടിയായി മാറട്ടെയെന്നും സനം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
'ലക്കി ഭാസ്കറി'ന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'. അല്ലു അർജുൻ ചിത്രം 'അല വൈകുണ്ഠപുരമുലൂ' പോലെയുള്ള ഒരു സിനിമയാകും ഇത്', എന്നാണ് സിനിമയെക്കുറിച്ച് നേരത്തെ സംഗീത സംവിധായകൻ ജി.വി.പ്രകാശ് കുമാർ പറഞ്ഞത്. രവീണ ടണ്ടന്‍, രാധിക ശരത്കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.