bethlehem-kutumba-unit-300cr-poster

മലയാള സിനിമ ഇതുവരെ കാണാത്ത ബോക്സ് ഓഫീസ് കുതിപ്പുമായി ചരിത്രം കുറിച്ചിരിക്കുകയാണ് നിവിൻ പോളി - ഗിരീഷ് എ.ഡി - മമിത ബൈജു ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. ആഗോളതലത്തിൽ 300 കോടി കളക്ഷൻ എന്ന സ്വപ്നനേട്ടം കൈവരിച്ച വിവരമാണ് അണിയറപ്രവർത്തകർ ഇപ്പോള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഈ വലിയ നേട്ടം ആഘോഷിക്കാൻ നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് പങ്കുവെച്ച വേറിട്ട പോസ്റ്ററാണ് മലയാള സിനിമാ ചരിത്രത്തിൽ പുതിയൊരു മാതൃകയാകുന്നത്.

സിനിമയിലെ അഭിനേതാക്കളുടെ ചിത്രവുമായുള്ള വിജയ പോസ്റ്ററുകൾ എന്ന പതിവ് രീതി ഉപേക്ഷിച്ച്, സിനിമയുടെ സാങ്കേതിക വിദഗ്ദരെ മുന്നിൽ നിർത്തിയാണ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കിയത്. സംവിധായകൻ ഗിരീഷ് എ.ഡി, നിർമ്മാതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഛായാഗ്രാഹകൻ അജ്മൽ സാബു, തിരക്കഥാകൃത്ത് കിരൺ ജോസി, എഡിറ്റർ ആകാശ് ജോസഫ് വർഗ്ഗീസ് എന്നിവർ ഉൾപ്പെട്ട പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നും പുതുമയുള്ള പ്രൊമോഷൻ രീതികളുമായി എത്താറുള്ള ഭാവന സ്‌റ്റുഡിയോസിന്‍റെ ഈ വേറിട്ട രീതിക്കും സോഷ്യൽ മീഡിയ കയ്യടിക്കുകയാണ്.

അതേസമയം, റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 300 കോടി തികയ്ക്കുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോർഡാണ് ചിത്രം സ്വന്തമാക്കിയത്. 28-ാം ദിവസത്തിലും 266 തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രം തമിഴ്‌നാട്, തെലങ്കാന, ജിസിസി കേന്ദ്രങ്ങളിലും തരംഗം സൃഷ്ടിക്കുകയാണ്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രമാണിത്.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്. വിഷ്ണു വിജയന്‍റെ വ്യത്യസ്തയാർന്ന സംഗീതവും അജ്‌മൽ സാബുവിന്‍റെ ക്യാമറക്കണ്ണുകളും ആകാശ് ജോസഫ് വർഗ്ഗീസിന്‍റെ എഡിറ്റിങും സിനിമയ്ക്ക് നൽകിയ മികവ് ചെറുതല്ല. പ്രായഭേദമന്യേ ഏവരും വീണ്ടും തിയേറ്ററുകളിലേക്ക് വീണ്ടും വീണ്ടും ചിത്രം കാണാനായെത്തുകയാണ്.

ENGLISH SUMMARY:

The Malayalam film 'Bethlehem Kutumba Unit', directed by Girish A.D. and starring Nivin Pauly and Mamitha Baiju, has officially crossed the landmark 300-crore club globally. To celebrate this historic box office milestone, producers Bhavana Studios released a unique poster highlighting the technical crew instead of the lead actors. Achieving this feat within a short span, the movie continues its triumphant run in 266 theaters on its 28th day while creating waves across international markets. This phenomenal success marks the highest-grossing milestone in Nivin Pauly's career, backed by stellar performances and exceptional technical brilliance.