അർബുദത്തിന് ചികിത്സയില്‍ കഴിയുന്ന രേണു സുധിക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ പിഐസിസി ലൈന്‍ ചികിത്സ. കീമോതെറാപ്പിയുടെ വേദന താങ്ങാൻ പറ്റാത്തവർക്ക് PICC ലൈൻ ആശ്വാസമാണ്. കൈയിലെ ഒരു പ്രധാന രക്തക്കുഴലിലൂടെ പ്രത്യേക കാത്തറ്റർ സ്ഥാപിച്ച് മരുന്നുകൾ നേരിട്ട് ശരീരത്തിലേക്ക് എത്തിക്കാൻ സാധിക്കുന്നതാണ് പിഐസിസി ലൈൻ. ആവർത്തിച്ചുള്ള സൂചികുത്തലുകൾ ഒഴിവാക്കാനും ദീർഘകാല ചികിത്സ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായി നടത്താനും ഇതിലൂടെ കഴിയും.
കാൻസർ രോഗബാധയെത്തുടർന്ന് നിലവിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളിലൂടെയും കഠിനമായ ചികിത്സയിലൂടെയുമാണ് താൻ കടന്നുപോകുന്നതെന്ന് രേണു വെളിപ്പെടുത്തിയിരുന്നു. രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്ന സാഹചര്യത്തിൽ തുടർച്ചയായ ചികിത്സയ്ക്കായി വലിയ തുക ആവശ്യമുണ്ട്. രോഗം മൂന്നാം സ്റ്റേജിലാണെന്നും ഹൃദയത്തിലെ മസിലുകളിലേക്കും ശ്വാസകോശത്തിലേക്കും കാൻസർ വ്യാപിച്ചതായും അവസ്ഥ അല്പം മോശമാണെന്നും രേണു നേരത്തെ വിഡിയോയിലൂടെ പറഞ്ഞിരുന്നു.
ചികിത്സയ്ക്ക് വലിയ തുക ആവശ്യമുണ്ടെങ്കിലും ഇതിനായി ആരെയും പിരിവിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും രേണു സുധി പറഞ്ഞിരുന്നു. സഹായിക്കാൻ താല്പര്യമുള്ളവർ തന്റെ ഔദ്യോഗിക പേജിൽ നൽകിയിട്ടുള്ള നമ്പറിലൂടെ മാനേജർ കരിഷ്മയെ നേരിട്ട് ബന്ധപ്പെടണമെന്നും രേണു അറിയിച്ചു.