Anthropic CEO Dario Amodei (Photo by FABRICE COFFRINI / AFP)
പത്ത് വർഷത്തിനുള്ളിൽ എഐ ഉപയോഗിച്ച് കാൻസർ, അൽസ്ഹൈമേഴ്സ്, ഹൃദ്രോഗങ്ങൾ, മാനസിക വെല്ലുവിളികള്‍ തുടങ്ങിയ സങ്കീർണ്ണമായ രോഗങ്ങളെ പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കുമെന്ന അവകാശവാദവുമായി ആന്ത്രോപിക് സിഇഒ ദാരിയോ അമോദെയ് രംഗത്ത്. കമ്പനിയുടെ ഐപിഒക്ക് മുന്നോടിയായുള്ള ചർച്ചകളിലാണ് ആരോഗ്യ രംഗത്ത് എഐ സാങ്കേതികവിദ്യയുടെ സാധ്യതകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. ബയോമെഡിക്കൽ ഗവേഷണരംഗത്ത് എഐ കൊണ്ടുവരാന്‍ പോകുന്ന വിപ്ലവം മനുഷ്യ ചരിത്രത്തെത്തന്നെ മാറ്റിയെഴുതുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ആഗോള സാങ്കേതിക- വൈദ്യശാസ്ത്ര രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ് ദാരിയോയുടെ പുതിയ പ്രസ്താവന.
സാധാരണഗതിയിൽ 50 മുതൽ 100 വർഷം വരെ എടുത്തേക്കാവുന്ന ഗവേഷണങ്ങളും മരുന്ന് കണ്ടുപിടിക്കലും വെറും 5 മുതൽ 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉയർന്ന ശേഷിയുള്ള എഐ മോഡലുകൾക്ക് സാധിക്കുമെന്നാണ് ദാരിയോ വ്യക്തമാക്കുന്നത്. പുതിയ തന്മാത്രകളുടെ ഘടന വിശകലനം ചെയ്യാനും, അവ രോഗകോശങ്ങളിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് സെക്കൻഡുകൾക്കുള്ളിൽ പ്രവചിക്കാനും എഐക്ക് സാധിക്കും. മാത്രമല്ല, ഓരോ വ്യക്തിയുടെയും ഡിഎൻഎ ഘടനയ്ക്ക് അനുയോജ്യമായ ചികിത്സാരീതികൾ തയാറാക്കാനും എഐ സഹായിക്കും. വർഷങ്ങളെടുക്കുന്ന മരുന്ന് പരീക്ഷണങ്ങളുടെ ഡാറ്റ അതിവേഗം വിശകലനം ചെയ്ത് ഫലപ്രദമായ രീതികൾ മുന്നോട്ട് വെക്കാൻ എഐക്ക് കഴിയുമെന്നും ദാരിയോ അമോദെയ് പറയുന്നു.
‘നാം ഇത് ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുകയാണെങ്കിൽ, ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യരാശി നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാന്‍ സാധിക്കും. അത്തരത്തില്‍ ഒരു 'അദ്ഭുത യുഗത്തിന്' തുടക്കമിടാൻ എഐക്ക് കഴിയും’– ദാരിയോ അമോദെയ് പറഞ്ഞു. വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ എഐക്ക് കഴിയുമെന്ന് അമോദെയ് പറയുന്നത് ഇതാദ്യമായല്ല. അഞ്ച് മുതല്‍ പത്ത് വർഷത്തിനുള്ളിൽ ഭൂരിഭാഗം രോഗങ്ങളും ഭേദമാക്കാൻ എഐക്ക് സാധിക്കുമെന്ന് താന്‍ കരുതുന്നതായും മനുഷ്യരുടെ ആയുസ്സ് ഗണ്യമായി വർദ്ധിപ്പിക്കാൻ ഇതുവഴി സാധിക്കുമെന്നും മുന്‍പ് എക്സില്‍ പങ്കുവച്ച കുറിപ്പിലും ദാരിയോ പറഞ്ഞിട്ടുണ്ട്.
ദാരിയോ പറഞ്ഞ കാര്യങ്ങള്‍ ആരോഗ്യ രംഗത്തിന് വലിയ പ്രതീക്ഷ നൽകുന്നതാണെങ്കിലും പ്രമുഖ മരുന്ന് നിർമ്മാണ കമ്പനികളും ശാസ്ത്രജ്ഞരും ഈ അവകാശവാദത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നില്ല. ജീവശാസ്ത്രപരമായ സങ്കീർണ്ണതകളെക്കുറിച്ചും രോഗങ്ങളുടെ യഥാർഥ കാരണങ്ങളെക്കുറിച്ചും കൃത്യമായ ധാരണ ഇപ്പോഴത്തെ എഐ മോഡലുകൾക്കില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എഐ പുതിയ മരുന്നുകൾ നിർദേശിച്ചാലും, അവ മനുഷ്യരിൽ പരീക്ഷിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ക്ലിനിക്കൽ ട്രയലുകൾക്ക് വർഷങ്ങളുടെ സമയമെടുക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നത്. എങ്കിലും, വരുന്ന 10 വർഷത്തിനുള്ളിൽ കാൻസർ പൂർണ്ണമായി ഇല്ലാതായില്ലെങ്കിലും ചികിത്സ കൂടുതൽ ഫലപ്രദമാക്കാനും നേരത്തെയുള്ള രോഗനിർണയത്തിനും എഐ സഹായകമാകുമെന്നാണ് പ്രതീക്ഷ.