Image: Facebook/Renu Sudhi
അടുത്തിടെയാണ് തനിക്ക് കാന്‍സറാണെന്ന് സോഷ്യല്‍ മീഡിയ താരം രേണു സുധി തുറന്നു പറയുന്നത്. മുന്‍പു തന്നെ രേണുവിന്‍റെ അസുഖത്തെ കുറിച്ച് ഊഹാപോഹങ്ങളുണ്ടായിരുന്നെങ്കിലും ഒടുവില്‍ രേണു തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. സ്തനാര്‍ബുദമാണെന്നും അസുഖം അതിന്‍റെ മൂന്നാം ഘട്ടത്തിലാണെന്നും രേണു പറയുകയുണ്ടായി. മാത്രമല്ല രോഗത്തിന്‍റെയും ചികില്‍സയുടെയും എല്ലാ കാര്യങ്ങളും രേണു തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുമുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ പേരിൽ ചികില്‍സയ്ക്കായി പണപ്പിരിവ് നടക്കുന്നതായി അറിഞ്ഞെന്നും എന്നാല്‍ ഇത് തന്‍റെ സമ്മതത്തോടെയോ അറിവോടെയോ കൂടെയല്ല എന്നും അറിയിക്കുകയാണ് രേണു.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയത വിഡിയോയിലാണ് ഒരുപാട് പേര്‍ അസുഖവിവരം അറിഞ്ഞ് ആശ്വസിപ്പിക്കുന്നും സഹായിക്കുന്നുമുണ്ടെന്നും എന്നാല്‍ തന്‍റെ ചികില്‍സയ്ക്കായി പണം പിരിക്കണമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും രേണു വ്യക്തമാക്കുന്നത്. തന്നെ സ്നേഹിക്കുന്നവർ തന്നെയോ അല്ലെങ്കില്‍ തന്‍റെ മാനേജരേയോ വിളിക്കാറുണ്ട്. അത്തരത്തില്‍ കോണ്‍ടാക്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് അല്ലെങ്കില്‍ മാനേജര്‍ വഴി ബന്ധപ്പെടണമെന്നും രേണു പറയുന്നു. താൻ ഒരിക്കലും ഒരു പിരിവ് ആവശ്യപ്പെടുന്ന വ്യക്തിയല്ലെന്നും രേണു വ്യക്തമാക്കി.
‘ഒരുപാട് സ്നേഹമുള്ള ആളുകൾ എന്നെ കാണാൻ വന്നു. ദൂരെ നിന്ന് രേണു ഞങ്ങൾ കൂടെയുണ്ടെന്ന് പറയുന്നവരുമുണ്ട്. എന്‍റെ ജീവിതത്തിലെ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണിത്. ഒത്തിരി സന്തോഷമായി എന്നെ ജനങ്ങൾ ഇത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലാണ് കടന്നു പോകുന്നത്. ഒരുപാട് പേര്‍ എന്നെ ചേർത്തു നിര്‍ത്തുന്നു. എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല’– രേണു വിതുമ്പുന്നു.
തന്‍റെ അസുഖം സ്തനത്തില്‍ മാത്രമല്ല, കക്ഷം ഹൃദയ പേശികള്‍ അങ്ങിനെ മറ്റിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നും രേണു വ്യക്തമാക്കി. ‘ചികിത്സയ്ക്ക് നല്ല തുകയാകും അതുകൊണ്ടാണ് സബ്സ്ക്രിപ്ഷനും യൂട്യൂബ് ചാനലും ഇപ്പോളും മുന്നോട്ട് മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതില്‍ നിന്നാണ് പണം കണ്ടെത്തുന്നത്. ഇപ്പോള്‍ ജോലി ചെയ്യാൻ പറ്റത്തില്ല. ഈ പണം ഉണ്ടെങ്കിലേ തുടർ ചികിത്സകളൊക്കെ നടത്താൻ പറ്റുകയുള്ളൂ. അപ്പോളും ഇത് തികയുമോ എന്നും അറിയില്ല’– രേണു പറയുന്നു.
ഒപ്പം തനിക്ക് വേണ്ടി പ്രാർഥിച്ചില്ലെങ്കിലും താന്‍ മരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ പങ്കുവയ്ക്കരുതെന്നും രേണു പറയുന്നു. തന്‍റെ കുഞ്ഞ് മോന്‍ ഉള്‍പ്പെടെ തന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് അവർക്ക് ഇതെല്ലാം കാണുമ്പോള്‍ വിഷമമാകുമെന്നും രേണു പറഞ്ഞു. ‘മുന്നോട്ട് പോകാൻ വേണ്ടി എനിക്ക് ധൈര്യം നൽകാൻ നിങ്ങള്‍ പ്രാർഥിക്കുക. മറ്റൊന്നും എനിക്ക് പറയാനില്ല’– രേണു പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക ലൈക്ക് ചെയ്യുക ഷെയര്‍ ചെയ്യുക, നന്ദി എന്ന് പറഞ്ഞാണ് രേണു സുധി വിഡിയോ അവസാനിപ്പിക്കുന്നത്.