ഡെസർട്ട് ലിങ്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ലക്ഷ്മി പുഷ്പ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചിത്രം ‘വാസര’ 29-ാമത് സൻസിബാർ രാജ്യാന്തര  ചലച്ചിത്രമേളയിലേക്ക് (ZIFF) തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ 24 മുതൽ 28 വരെ താൻസാനിയയിൽ നടക്കുന്ന മേളയിൽ ജൂൺ 25-നാണ് ചിത്രത്തിന്റെ പ്രദർശനം.

പ്രതികാരവും കുറ്റബോധവും മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണമായ അവസ്ഥകളും പ്രമേയമാക്കിയാണ് വാസര ഒരുക്കിയിരിക്കുന്നത്. മകളെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് നിയമശിക്ഷ മതിയാകില്ലെന്ന് വിശ്വസിക്കുന്ന രാമസ്വാമി എന്ന പിതാവ് സ്വന്തം രീതിയിൽ പ്രതികാരം ചെയ്യുകയും തുടർന്ന് ജയിലിലാകുകയും ചെയ്യുന്നു. ജയിലിലെയും ആശുപത്രിയിലെയും ജീവിതങ്ങളെ സമാന്തരമായി അവതരിപ്പിക്കുന്ന ചിത്രം കുറ്റം, ശിക്ഷ, നീതി, മാനുഷിക ബന്ധങ്ങൾ എന്നിവയെ ആഴത്തിൽ പരിശോധിക്കുന്നു. സൻസിബാർ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് വാസര. 

ലക്ഷ്മി പുഷ്പയുടെ രണ്ടാമത്തെ ചിത്രമാണ് വാസര. ലക്ഷ്മി ആദ്യമായി സംവിധാനം ചെയ്‌ത ജാമി എന്ന ചിത്രം പതിനഞ്ചിലധികം രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിവിധ വേദികളിൽ നിന്ന് പത്തിലധികം പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ ആഗോള ചലച്ചിത്ര വേദികളിൽ ശ്രദ്ധ നേടാൻ കഴിഞ്ഞത് സംവിധായിക ലക്ഷ്മി പുഷ്പയുടെ ശ്രദ്ധേയമായ നേട്ടമാണ് 

ദർശൻ ശാസ്ത്രി നിർമിക്കുന്ന ചിത്രത്തിൽ പ്രമോദ് വെളിയനാട്, അടാട്ട് ഗോപാലൻ, അരുൺ സോൾ, ബൈജു നെറ്റോ, അജിത്ത് സാഗർ, ഇഷ രേഷു, ഭാസ്കർ അരവിന്ദ്, രതീഷ് രോഹിണി, ജീവൻ, രാഖി, അരുൺ കുമാർ വി. എസ്., ജയപ്രസാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഘു കുന്നംകരയുടെയും ലക്ഷ്മി പുഷ്പയുടെയും കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ശ്രീരാഗ് മങ്ങാത്ത് ഛായാഗ്രഹണവും ആശിഷ് ഗോപി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. സിബി ജോസഫാണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. നിവേദ് മോഹൻ ദാസ് സൗണ്ട് ഡിസൈനും ടോണി വിൽസൺ പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുന്നു.

രാകേഷ് ജയകുമാർ, തമന്ന സോൾ, ശിവപ്രിയ എന്നിവർ സംവിധാന സഹായികളായും ദിലീപ് ദാസ് പോസ്റ്റർ ഡിസൈനറായും പ്രവർത്തിച്ചു. എബിൻ ഫിലിപ്പ് കളറിസ്റ്റായും അരുൺ സോൾ കാസ്റ്റിംഗ് ഡയറക്ടറായും ശങ്കർ തങ്കരാമൻ സ്റ്റിൽ ഫോട്ടോഗ്രാഫറായും പ്രവർത്തിച്ചിട്ടുണ്ട്. ക്യാമറ-ലൈറ്റ് യൂണിറ്റ് പ്രൈം പ്രൊഡക്ഷൻസും സ്റ്റുഡിയോ സേവനങ്ങൾ സ്റ്റുഡിയോ ഹ്യൂവും നിർവഹിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Vasanthiya Malayalam Movie has been selected for the 29th Zanzibar International Film Festival (ZIFF). This Malayalam film, directed by Lakshmi Pushpa, explores themes of revenge, guilt, and the complexities of human life.