Image Credit : Instagram

തന്നെ  അധിക്ഷേപിക്കാന്‍ ആളുകള്‍ ഉപയോഗിക്കുന്നത് ട്രാന്‍സ്ജെന്‍ഡര്‍ എന്ന വാക്കാണെന്ന് വെളിപ്പെടുത്തി നടി ഖുശ്ബുവിന്‍റെയും സംവിധായകന്‍ സുന്ദറിന്‍റെയും മകള്‍ അനന്ദിത. തനിക്ക് ഇന്‍സ്റ്റഗ്രാമില്‍ വരുന്ന കമന്‍റുകളില്‍ നൂറില്‍ തൊണ്ണൂറ്റി ഒന്‍പതെണ്ണവും തന്‍റെ വൈരൂപ്യം ചൂണ്ടിക്കാട്ടുന്നതാണെന്നും അനന്ദിത പറയുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന സൈബര്‍ ബുളളിയിങ്ങിനെ കുറിച്ച് അനന്ദിത മനസുതുറന്നത്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല വ്യക്തികള്‍ ട്രാന്‍സ് വിഭാഗത്തില്‍പ്പെട്ടവരാണെന്നും ട്രാൻസ് വ്യക്തി എന്നത് അധിക്ഷേപവാക്കായി താൻ കരുതുന്നില്ലെന്നും അനന്ദിത വ്യക്തമാക്കി.

അനന്ദിതയുടെ വാക്കുകള്‍ ഇങ്ങനെ..

'ഞാന്‍ ജീവിതത്തില്‍ കണ്ടുമുട്ടിയവരില്‍ വച്ച് ഏറ്റവും ദയയുളളവര്‍ ട്രാന്‍സ് വിഭാഗത്തില്‍പ്പെട്ടവരാണ്. ട്രാൻസ്‌ജെൻഡർ വ്യക്തികൾ വളരെ നല്ല സ്വഭാവമുള്ളവരാണെന്ന് ഞാൻ കരുതുന്നു. എന്നാൽ, ഇൻസ്റ്റഗ്രാം തുറന്നാൽ എന്നെ അധിക്ഷേപിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് ട്രാൻസ് വ്യക്തിയെപ്പോലെയാണ് എന്നതാണ്. ഇതെന്നെ സങ്കടപ്പെടുത്താനോ അധിക്ഷേപിക്കാനോ വേണ്ടി മാത്രമല്ല ചെയ്യുന്നത്. അവരുടെ ഹോമോഫോബിയയും വിവരമില്ലായ്മയും ആണ് ഇതിനൊപ്പം പുറത്തുവരുന്നത്. കാണാന്‍ ഒരു ട്രാന്‍സ് വ്യക്തിയെ പോലെ തോന്നുന്നത് മോശം കാര്യമല്ല. പക്ഷേ എല്ലാത്തിലും ഉപരിയായി ഞാന്‍ കാണുന്നത് സൈബറിടത്ത് അത്തരം കാര്യങ്ങളാണ്'. 

'ഞാന്‍ ആറടിയോളം വളര്‍ന്നു. എനിക്കെന്‍റെ അച്ഛന്‍റെ ചായയുണ്ട്. അതിലെന്താണ് പ്രശ്നം? ഞാനൊരു സ്ത്രീയാണ്. എന്‍റെ ജീവിതമാണ് ഞാന്‍ ജീവിക്കുന്നത്. എത്രത്തോളം ദയയുളള വ്യക്തിയായി മാറാന്‍ കഴിയും അത്രത്തോളം അങ്ങനെയാകാന്‍ ഞാന്‍ ശ്രമിക്കാറുമുണ്ട്. മറ്റുളളവരെ എനിക്ക് നിയന്ത്രിക്കാനാവില്ല. ഏറ്റവും സങ്കടമുളള കാര്യമെന്തെന്നാല്‍ ഞാൻ ഒരു ചിത്രം പങ്കുവെച്ചാൽ അതിന് താഴെ വരുന്ന ഭൂരിഭാഗം കമന്റുകളും ഞാൻ എത്രത്തോളം വിരൂപയാണ് എന്ന് പറയുന്നവയാണ്. ചെറുപ്പം മുതലേ ഇതെല്ലാം എനിക്ക് ശീലമായി. ഇപ്പോള്‍ അതിനെയെല്ലാം ഞാന്‍ പ്രതിരോധിക്കാന്‍ പഠിച്ചു' അനന്ദിത പറയുന്നു.

അതേസമയം മകളുടെ വാക്കുകള്‍ക്ക് കയ്യടിച്ച് അമ്മ ഖുശ്ബുവും രംഗത്തെത്തി. അനന്ദിതയുടെ അഭിമുഖം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച ഖുശ്ബു 'നിന്നെയോർത്ത് ഏറെ അഭിമാനിക്കുന്നു എന്റെ ബൊമൈ' എന്നും കുറിച്ചു. മാതാപിതാക്കളായ സുന്ദറിനെയും ഖുശ്ബുവിനെയും പോലെ തന്നെ സിനിമാരംഗത്ത് സജീവമാണ് അനന്ദിതയും. അശ്വിൻ കന്തസാമി സംവിധാനം ചെയ്ത 'ഡബിൾ ഒക്യുപൻസി' എന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറാണ് അനന്ദിത. പൊന്നിയിൻ സെൽവൻ 2, തഗ് ലൈഫ് എന്നീ ചിത്രങ്ങളുടെ ഭാഗമായും അനന്ദിത പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Ananditha, the daughter of actress Khushbu and director Sundar, has spoken out about the cyberbullying she faces, where the word 'transgender' is often used as an insult. She also highlighted that most of the comments on her Instagram posts focus on her physical appearance, but she believes transgender individuals are among the kindest people she has met.