Image: instagram.com/nazriyafahadh

സോഷ്യല്‍ ലോകത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് നടി നസ്രിയ നസീമിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. മറ്റൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റാണ് തന്‍റെ സ്റ്റോറിയില്‍ നസ്രിയ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ‘റെഡ് ഫ്ലാഗിനെ’ കുറിച്ചാണ് ഈ പോസ്റ്റ് എന്നതാണ് ആരാധകരില്‍ ആശങ്കകള്‍ക്ക് കാരണമായിരിക്കുന്നത്. നസ്രിയ എന്താണ് പോസ്റ്റിലൂടെ അര്‍ഥമാക്കുന്നത്? വ്യക്തിജീവിതത്തെ കുറിച്ചാണോ അതോ മറ്റെന്തെങ്കിലും ആണോ എന്നാണ് ആരാധകരുടെ ചോദ്യം.

‘റെഡ് ഫ്ലാഗു’കൾക്ക് പിന്നാലെ പായുന്ന കാളയുടെ അവസ്ഥയെപ്പറ്റി ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോളിതാ ഞാനും’ എന്ന വരികളാണ് നസ്രിയ പങ്കുവച്ചത്. സാധാരണയായി ബന്ധങ്ങളിലെ തകർച്ചയെയോ പങ്കാളിയുടെ മോശം സ്വഭാവത്തെയോ സൂചിപ്പിക്കാൻ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് ‘റെഡ് ഫ്ലാഗ്’ എന്ന പ്രയോഗം. ബന്ധങ്ങളിലെ ‘അപായ സൂചന’ എന്നും പലരും ഇതുകൊണ്ട് അര്‍ഥമാക്കാറുണ്ട്. അതുകൊണ്ടുതന്നെ നസ്രിയയുടെ സ്റ്റോറി പലതരത്തിലുള്ള ഊഹാപോഹങ്ങൾക്കും ആശങ്കകള്‍ക്കുമാണ് തുടക്കമിട്ടിരിക്കുന്നത്.

ഫഹദ് ഫാസിലും നസ്രിയയും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നടക്കമുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുന്നത്. നേരത്തെ ‘നല്ല ജോലി, കുടുംബം, കരിയർ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കൂ’ എന്ന നസ്രിയയുടെ പോസ്റ്റും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ പൊതുയിടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്‍റെ കാരണത്തെ കുറിച്ചും നസ്രിയ സൂചിപ്പിച്ചിരുന്നു. വൈകാരികവും വ്യക്തിപരവുമായ പ്രശ്നങ്ങളുണ്ട്. അതിനാലാണ് മറ്റുള്ളവരില്‍ നിന്ന് അകന്നു നില്‍ക്കേണ്ടി വന്നത് എന്നാണ് നസ്രിയ സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഈ പോസ്റ്റുകളെല്ലാം കൂട്ടിവായിക്കുന്നവരും കുറവല്ല.

അതേസമയം ഈ ഊഹാപോഹങ്ങളെ തള്ളി ഒരുവിഭാഗം രംഗത്തെത്തുന്നുണ്ട്. നസ്രിയയുടെ ജീവിതവുമായി പോസ്റ്റിന് ബന്ധമില്ലെന്നും മറിച്ച് പുതിയ ചിത്രം 'എൽ ക്ലാസിക്കോ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമാണ് പോസ്റ്റെന്നും ആരാധകര്‍ പറയുന്നു. സ്പെയിനിന്റെ പശ്ചാത്തലത്തിൽ, ബുൾ ഫൈറ്റിനും ഫുട്ബോളിനും പ്രാധാന്യമുള്ളതാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പമാണ് സിനിമയില്‍ നസ്രിയ പ്രധാനവേഷത്തിലെത്തുന്നത്.

നേരത്തേ എൽ ക്ലാസിക്കോയില്‍ ബാഴ്‌സലോണ- റയൽ മഡ്രിഡ് പോരാട്ടത്തിന് മുന്നോടിയായി സ്പെയിനിലെ സ്റ്റേഡിയത്തില്‍ വച്ച് ഇരുവരും ചേര്‍ന്ന് ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ച് ചെയ്തതും ശ്രദ്ധിക്കപ്പെട്ടികുന്നു. അതുകൊണ്ടുതന്നെ പി.ആർ സ്റ്റണ്ടാണിതെന്നും അഭിപ്രായമുണ്ട്. സ്പെയിനിലെ ഈ ടൈറ്റില്‍ ലോഞ്ചും എല്‍ക്ലാസിക്കോ എന്ന ചിത്രത്തിന്‍റെ ടൈറ്റിലും സ്പെയിനിലെ കാളപ്പോരിനെ കുറിച്ചുള്ള പോസ്റ്റും തമ്മില്‍ ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.

അതേസമയം, ബേസിൽ ജോസഫിനൊപ്പം അഭിനയിച്ച 'സൂക്ഷ്മദർശിനി'യായിരുന്നു നസ്രിയയുടെ അവസാന ചിത്രം. സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് നസ്രിയയുടെ വരാനിരിക്കുന്ന റിലീസ്.

ENGLISH SUMMARY:

Actress Nazriya Nazim's recent Instagram story, featuring a cryptic post about 'red flags,' has triggered widespread social media speculation. While some fans are worried about potential issues in her personal life or marriage to Fahadh Faasil, a significant number of followers dismiss these concerns. Many believe the post is a clever PR stunt for her upcoming film, El Clásico, co-starring Tovino Thomas. Given the film's Spanish theme, which involves bullfighting and football, fans are linking the 'red flag' and 'bull' references directly to the movie's promotion. Nazriya has recently been part of projects like Sookshmadarshini and is also set to appear in Jithu Madhavan's next film featuring Suriya.