bharathiraja-1

TOPICS COVERED

അന്തരിച്ച സംവിധായകൻ ഭാരതീരാജയ്ക്കൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് നൃത്തധ്യാപികയും, നടിയുമായ സൗമ്യ സതീഷ്. സുന്ദരപാണ്ഡ്യൻ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷമാണ് സൗമ്യയ്ക്ക് വിശാൽ നായകനായ ‘പാണ്ഡ്യനാട്’എന്ന സിനിമയിലേക്കുള്ള ക്ഷണം ലഭിക്കുന്നത്. നായകനായ വിശാലിന്റെ അമ്മ വേഷമായിരുന്നു കഥയിൽ. നായകന്റെ അച്ഛൻ കഥാപാത്രം ചെയ്യുന്നത് സാക്ഷാൽ ഭാരതീരാജയും. എന്നാൽ പാണ്ഡ്യനാട് സിനിമയുടെ സംവിധായകനായ സുശീന്ദ്രൻ ആ രഹസ്യം മറച്ചുവെച്ചു.

oandyanadu-n

സിനിമയുടെ സെറ്റിൽ എത്തിയ ശേഷമാണ് വിശാലിന്റെ, അച്ഛൻ കഥാപാത്രം ഭാരതീരാജയാണ് ചെയ്യുന്നത് എന്ന് സൗമ്യ അറിയുന്നത്. തമിഴിന്റെ വിഖ്യാത സംവിധായകൻ, സംവിധാനത്തോടൊപ്പം അഭിനയവും കൂടെ കൊണ്ടു പോകുന്നുണ്ടെന്ന വിവരം അന്നാദ്യമായി സൗമ്യ അറിഞ്ഞു. കാരണം തമിഴ് സിനിമയെ അത്ര പരിചയമില്ലാത്തത് കൊണ്ട് തന്നെ. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് അഭിനയിക്കുന്ന കാര്യം കൂടി ഓർത്തപ്പോൾ താൻ ഏറെ സമ്മർദ്ദത്തിലായതായി സൗമ്യ ഓർക്കുന്നു. കൂടാതെ ഉള്ളിൽ അല്‍പം ഭയവും. സിനിമയിൽ സൗമ്യയുടെ ആദ്യ രംഗം ചിത്രീകരിച്ചത് ഭാരതീരാജയ്ക്കൊപ്പം ആശുപത്രിയിൽ കഴിയുന്ന രംഗമായിരുന്നു. മനസ്സിൽ ഭയവും സമ്മർദ്ദവും ഉണ്ടായിരുന്ന സൗമ്യയോട് ഭാരതിരാജ കുശലാന്വേഷണം നടത്തി. ആ നർമ്മ സംഭാഷണത്തിനൊടുവിൽ ഉണ്ടായിരുന്ന ഭയവും സമ്മർദ്ദവും സൗമ്യ മറന്നു. 

അങ്ങനെ കിട്ടിയ ധൈര്യത്തിൽ ഏറെ വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ സിനിമയിലെ ചില രംഗങ്ങൾ കൂടി സൗമ്യ അഭിനയിച്ചു തീർത്തു. അതിലൊന്നായിരുന്നു നായകനായിരുന്ന വിശാലിന്റെ ചേട്ടൻ കഥാപാത്രം മരിച്ചു പോയി എന്നറിയുന്ന ആശുപത്രി രംഗം. പാണ്ഡ്യനാട് സിനിമയിലെ ആ വൈകാരിക നിമിഷങ്ങൾ അടങ്ങിയ സീനുകൾ ഭാരതീരാജയ്ക്കൊപ്പം ഏറെ ഭംഗിയോടെ സൗമ്യ ചെയ്തുതീർത്തു. 

pandyanadu

15 ദിവസമായിരുന്നു സൗമ്യയ്ക്ക് ആ സിനിമയിൽ വേണ്ടിവന്നത്. ആ 15 ദിവസവും തമിഴിന്റെ വിഖ്യാത സംവിധായകനെ അടുത്തറിയാൻ കഴിയുന്ന നിമിഷങ്ങൾ ആയിരുന്നു സൗമ്യയ്ക്ക്. താൻ ഒരു നൃത്താധ്യാപികയാണ് എന്ന് ഭാരതീരാജയോട് പറഞ്ഞപ്പോൾ നൃത്തത്തെക്കുറിച്ചും  ഭരതനാട്യത്തെക്കുറിച്ചും അദ്ദേഹം തന്നോട് ഏറെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു എന്ന് സൗമ്യ പറയുന്നു. അതെല്ലാം തന്റെ ജീവിതത്തിലെ വിലമതിക്കാനാവാത്ത നല്ല മുഹൂർത്തങ്ങൾ ആണെന്ന് സൗമ്യ പറയുന്നു. അത്തരം ഓർമ്മകൾക്ക് ഒരിക്കലും മരണവുമില്ല എന്ന് സത്യം കൂടി ശ്രീമതി സൗമ്യ സതീഷ് ഓർക്കുന്നു. 

ഒറ്റപ്പാലം സ്വദേശിയും എറണാകുളത്ത് താമസക്കാരിയുമായ സൗമ്യ സതീഷ് എളമക്കരയിൽ ‘ഭരതകലാമന്ദിരം’ എന്ന പേരിൽ നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. ഇതിനോടകം തന്നെ ഒരുപാട് ശിഷ്യരെ ശാസ്ത്രീയ നൃത്തത്തിന്റെ അരങ്ങിലേക്ക് എത്തിച്ച സൗമ്യ സതീഷ് തമിഴ് സിനിമയ്ക്ക് ഒപ്പം മലയാളത്തിൽ ലോഹിതദാസ് സംവിധാനം ചെയ്ത ഭൂതക്കണ്ണാടി, നിവേദ്യം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Soumya Satish shares her cherished memories of working with the late director Bharathiraja on the film 'Pandyanadu'. She recounts how the renowned Tamil director's warm interaction helped her overcome initial nervousness and deliver powerful emotional scenes.