Image: facebook.com/sunil.elayidom
അന്തരിച്ച നടൻ സലിംകുമാറിനൊപ്പമുള്ള ഹൃദ്യമായ ഓര്‍മ്മകള്‍ പങ്കുവച്ച് എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ സുനില്‍ പി. ഇളയിടം. മാല്യങ്കര എസ്.എൻ.എം. കോളജിലെ പ്രീഡിഗ്രി പഠനകാലം മുതലുള്ള സുഹൃദ് ബന്ധമാണ് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്. ഉച്ചത്തിലുള്ള ചിരിയും മണ്ണിൽ വേരുള്ള തമാശകളും മെലിഞ്ഞ ശരീരപ്രകൃതിയും... ചിരി കൊണ്ട് സലിം അന്നേ ക്യാംപസില്‍ നിറഞ്ഞിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. കൂടെയുള്ളവരെയെല്ലാം നിറയെ ചിരിപ്പിച്ച സലിംകുമാറിന്‍റെ ഉറക്കെയുള്ള ചിരി, വയറെരിഞ്ഞും തല പുകഞ്ഞുമുള്ള ചിരിയായിരുന്നു എന്നും അദ്ദേഹം കുറിച്ചു. കോളജ് കാലം മുതലേ ഉറച്ച രാഷ്ട്രീയ ബോധ്യമുളള ആളായിരുന്നു സലിംകുമാർ എന്നും അടിയുറച്ച കെഎസ്‌യുക്കാരനായിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു.
ഇരുവരുടെയും പൊതു സുഹൃത്തായിരുന്ന രജിനാഥ് വഴിയാണ് താന്‍ സലിംകുമാറുമായി അടുത്തതെന്ന് അദ്ദേഹം പറയുന്നു. സലിംകുമാർ കാമ്പസിലെത്തിയ കാലത്ത് സുനില്‍ പി. ഇളയിടം ആദ്യവർഷ ബിരുദ വിദ്യാർഥിയായിരുന്നു. അന്ന് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ആർട്സ് ക്ലബ്ബ് സെക്രട്ടറിയായി മല്‍സരിച്ച് പരാജയപ്പെട്ടപ്പോളും തോറ്റവരേയും നാടിനാവശ്യമുണ്ടെന്ന് പറഞ്ഞ് സലിംകുമാർ ചിരിച്ചുവെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ഒപ്പം കൃത്യമായ രാഷ്ട്രീയ നിലപാടുകളുള്ള ഒരാളായിരുന്നു സലിംകുമാർ എന്നും അദ്ദേഹം പറയുന്നു.
‘അടിയുറച്ച കെഎസ്‌യു പ്രവർത്തകൻ. സൗഹൃദങ്ങളുടെയോ പദവിയുടേയോ പ്രശസ്തിയുടേയോ പേരിൽ തന്‍റെ ബോധ്യങ്ങൾ സലിംകുമാർ മറച്ചു പിടിച്ചിരുന്നില്ല. മാല്യങ്കര കോളജ് അക്കാലത്ത് എസ്എഫ്ഐ ശക്തികേന്ദ്രമാണ്. അവിടെ കെഎസ്‌യുക്കാരനായി നിൽക്കുന്നതിൽ ലാഭമൊന്നുമില്ലായിരുന്നു. സലിംകുമാർ അത്തരം നഷ്ടങ്ങളെ വകവച്ചതേയില്ല. അന്നും പിന്നീടും’– അദ്ദേഹം കുറിച്ചു. ഒരിക്കല്‍ കോളജില്‍ സംഘര്‍ഷം നടക്കുന്നതിനിടയില്‍ ക്യാംപസിലെത്തിയ സലിം കുമാറിനെ മടക്കിയയച്ചതും പിന്നീട് പൂര്‍വ്വവിദ്യാര്‍ഥി സംഗമത്തില്‍ ‘സ്വന്തം സംഘടനക്കാരിൽ നിന്ന് എന്നെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം സുനിലിനായിരുന്നു’ എന്ന് പറഞ്ഞ് സലിംകുമാര്‍ ഉറത്തെ ചിരിച്ചതും അദ്ദേഹം ഓര്‍ക്കുന്നു.
മാല്യങ്കരയിൽ നിന്ന് സലിംകുമാർ ഭരത് സലിംകുമാറായി മാറിയത് സ്നേഹാഭിമാനങ്ങളോടെ ഞങ്ങള്‍ അകലെ നിന്നു കണ്ടുവെന്നും അദ്ദേഹം കുറിച്ചു. ‘ഈശ്വരാ വഴക്കില്ലല്ലോ!’ എന്നായിരുന്നു സലിംകുമാർ തന്‍റെ ഓർമ്മക്കുറിപ്പുകൾക്ക് നൽകിയ പേര്. വലിയൊരുചിരിയുടെയും ചിന്തയുടേയും പേരായിരുന്നു അത്. സലിംകുമാറിന്‍റെ ജീവിതവീക്ഷണത്തിന്‍റെ കാതലാണ് ആ വാക്യമെന്ന് എനിക്കു തോന്നിയിട്ടുണ്ട്. വിദ്വേഷവും കാലുഷ്യവും കലരാതെ ജീവിതത്തെ നോക്കി ഉറക്കെച്ചിരിച്ച ഒരാൾ. ലോകത്തോടും മനുഷ്യരോടും സലിമിന് ഉദാരമായ സ്നേഹമുണ്ടായിരുന്നു. എല്ലാത്തിനെയും വലിയ ഒരു ചിരിയിൽ അലിയിക്കാൻ അതിനു കഴിഞ്ഞു– സുനില്‍ പി ഇളയിടം കുറിച്ചു.
അവസാനമായി സലിംകുമാറിനെ കണ്ടത് ഒരു വര്‍ഷം മുന്‍പാണെന്നും അദ്ദേഹം ഓര്‍ക്കുന്നു. ‘വീട്ടിലുണ്ടോ എന്നു ചോദിച്ച് പെട്ടന്നൊരു ദിവസം സലിം വിളിച്ചു. പിറ്റേന്നോ മറ്റോ വീട്ടിലേക്കുവന്നു. തന്‍റെ ഓർമ്മക്കുറിപ്പുകളുടെ പുസ്തകം സലിം അന്നെനിക്കു സമ്മാനമായി തന്നു. മുൻപേ തന്നെ ഞാനതു വാങ്ങിയിരുന്നുവെങ്കിലും ആ ഉപഹാരം വലിയ സന്തോഷത്തോടെയാണ് ഞാൻ സ്വീകരിച്ചത്. സലിം അന്ന് ക്ഷീണിതനായിരുന്നു. എങ്കിലും കുറെനേരം ഞങ്ങൾ സംസാരിച്ചിരുന്നു. പതിവു പോലെ പലതും പറഞ്ഞു ചിരിച്ചു. ഒരു മണിക്കൂറോളമിരുന്ന ശേഷം സലിം യാത്ര പറഞ്ഞു മടങ്ങി. പിന്നീടൊരു കൂടിക്കാഴ്ച ഉണ്ടായില്ല’
ഒടുവില്‍ പറവൂർ ടൗൺഹാളിൽ വലിയൊരു ജനാവലിക്കു നടുവിൽ സലിം നിശ്ചലനായി കിടന്നപ്പോള്‍ ആൾക്കൂട്ടത്തിനു നടുവിൽ നിശബ്ദനും നിശ്ചലനുമായ സലിമിന്‍റെ അത്തരത്തിലൊരു ദൃശ്യം അസാധാരണമായ ഒന്നായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. ‘സലിമിന്‍റെ ജീവിതത്തിലൊരിക്കലും അങ്ങനെയുണ്ടായിക്കാണില്ല. നിറഞ്ഞു കവിയുന്ന ജീവിതോത്സാഹമായിരുന്നു അയാൾ. മരണത്തിനു മാത്രമേ അതിനെ മറികടക്കാൻ കഴിയുമായിരുന്നുള്ളൂ’– അദ്ദേഹം എഴുതി.
‘ടൗൺ ഹാൾ തിങ്ങിനിറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ പതിയെ പുറത്തേക്കിറങ്ങി. ധാരാളം പരിചയക്കാർ. അവരോട് ചുരുക്കം ചില വാക്കുകൾ പറഞ്ഞ് ടൗൺഹാളിന് പുറത്തേക്കു നടന്നു. നിറഞ്ഞു പടരുന്ന ഒരു ചിരി ഓർമ്മയിൽ മുഴങ്ങുന്നുണ്ടായിരുന്നു. ടൗൺഹാളിനു പുറത്തുകടന്ന് റോഡിനരികിലൂടെ ഞാൻ പതുക്കെ നടന്നു. ഒരാകാശനക്ഷത്രം കൂടി വിരിയുന്നല്ലോ എന്ന് മനസ്സിലോർത്തു.
‘പാവമീ നാടിൻ സ്വർണ്ണ -
ക്കിണ്ണമായിരുന്നവൻ
ദാ നോക്കൂ, വാനിൽ-
പൂർണ്ണചന്ദ്രനായവൻ വീണ്ടും’
പ്രിയനേ... വിട!’– സുനില്‍ പി. ഇളയിടം തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നു.