Image: Manorama

Image: Manorama

നരസിംഹറാവുവിന്റെ മകനുമായി ബന്ധം, വീരപ്പന്റെ വാക്കില്‍ പൊലിഞ്ഞ കരിയര്‍; നടി സുകന്യയ്ക്ക് 30 വര്‍ഷത്തിനിപ്പുറം നീതി തെന്നിന്ത്യന്‍ സിനിമകളില്‍ തൊണ്ണൂറുകളിലെ നിറസാന്നിധ്യമായിരുന്നു നടി സുകന്യ. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം കഥാപാത്രങ്ങളായി നിറഞ്ഞുനിന്ന സുകന്യ പെട്ടെന്നാണ് സിനിമാ മേഖലയില്‍ നിന്നും അപ്രത്യക്ഷയായത്. 2024ല്‍ വീണ്ടും ‘ശക്തി ഐപിഎസ്’എന്ന സീരിയലിലൂടെ ടെലിവിഷന്‍ രംഗത്ത് സജീവമായി. ഇപ്പോഴിതാ മദ്രാസ് ഹൈക്കോടതിയുടെ ഒരു സുപ്രധാന വിധിയിലൂടെ നടി സുകന്യ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 30 വര്‍ഷം നീണ്ട ഒരു കേസില്‍ വന്ന വിധിയാണ് സുകന്യയെ വീണ്ടും വാര്‍ത്താ തലക്കെട്ടിലേക്കെത്തിച്ചത്. 

1996ല്‍ സാക്ഷാല്‍ വീരപ്പന്‍ നല്‍കിയ ഒരു അഭിമുഖമാണ് അന്ന് സിനിമയുടെ വെള്ളിത്തിളക്കത്തില്‍, കരിയറിന്റെ ഉച്ചസ്ഥായിയില്‍ നിന്ന സുകന്യയെ ചര്‍ച്ചാ വിഷയമാക്കിയത്. മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മകനുമായി സുകന്യയ്ക്ക് ബന്ധമുണ്ടെന്നായിരുന്നു സണ്‍ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വീരപ്പന്‍ പറഞ്ഞത്. 

sathya-sukanya

Image: Manorama

സുകന്യയുടെ പ്രതിച്ഛായയെ ബാധിക്കുന്ന അപകീർത്തികരമായ പരാമർശങ്ങളാണ് വീരപ്പൻ അഭിമുഖത്തിൽ നടത്തിയതെന്ന തരത്തില്‍ ചര്‍ച്ചകള്‍ പലവഴി പ്രചരിച്ചു. എന്നാൽ വീരപ്പന്റെ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും തന്റെ അഭിമാനത്തെയും സാമൂഹിക പ്രതിച്ഛായയെയും ഈ വാക്കുകള്‍ വല്ലാതെ ബാധിച്ചുവെന്നും കാട്ടി സുകന്യ കോടതിയെ സമീപിച്ചു.

രാജ്യം കണ്ട ഏറ്റവും വലിയ കുറ്റവാളികളിലൊരാളായ വീരപ്പന്റെ ആരോപണം പരിശോധിക്കാതെ അഭിമുഖം സംപ്രേക്ഷണം ചെയ്ത സണ്‍ടിവിക്കെതിരെ സുകന്യ നിയമനടപടികൾ സ്വീകരിച്ചു. പിന്നീട് ഈ കേസില്‍ 2015ലാണ് കീഴ്ക്കോടതി വിധി വരുന്നത്. സുകന്യയുടെ വാദങ്ങള്‍ ശരിവച്ച കോടതി സണ്‍ ടിവിക്കെതിരെ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവിനെതിരെ സണ്‍ ടിവി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ മദ്രാസ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. 10.01ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. 

film-sukanya

Image: Manorama

വീരപ്പന്റെ വാക്കുകളിലൂടെ സുകന്യയ്ക്ക് വലിയ തിരിച്ചടിയാണ് കരിയറില്‍ നേരിടേണ്ടിവന്നത്. മുന്‍നിര നായിക എന്ന നിലയില്‍ നിന്നും സുകന്യയ്ക്ക് മാറേണ്ടി വന്നു. 1991ലാണ് ഭാരതി രാജയുടെ ‘പുതുനെല്ലു പുതുനാത്തു’എന്ന ചിത്രത്തിലൂടെ സുകന്യ സിനിമാ മേഖലയിലെത്തുന്നത്. തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ,മലയാളം ചിത്രങ്ങളില്‍ സുകന്യ അനിവാര്യയായി തീര്‍ന്നു. മലയാളത്തില്‍ ചന്ദ്രലേഖ, രക്തസാക്ഷികള്‍ സിന്ദാബാദ്, സാഗരം സാക്ഷി എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങള്‍ പലതുവന്നു. 

വ്യക്തിജീവിതത്തിലും നിരവധി തിരിച്ചടികള്‍ അനുഭവിച്ച നടിയാണ് സുകന്യ. 2002ല്‍ അമേരിക്കയിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ആര്‍ ശ്രീധറുമായി വിവാഹം നടന്നെങ്കിലും ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിവാഹമോചനം നേടി. മികച്ചൊരു ഭരതനാട്യം നർത്തകി കൂടിയാണ് സുകന്യ. 

Actress Sukanya's 30-Year Legal Battle Concludes with High Court Victory:

Actress Sukanya has recently made headlines following a significant Madras High Court verdict that has brought her justice after a 30-year legal battle concerning a defamatory interview by Veerappan. This ruling reinstates her reputation and provides a sense of closure after her career was impacted by false allegations made during her prime in the 1990s.