അന്തരിച്ച നടന്‍ സലിം കുമാറിനെ ഓര്‍മിച്ച് ഗായകന്‍ ജി.വേണുഗോപാല്‍. സലിം കുമാർ ഇനിയില്ല എന്ന് തന്നെത്തന്നെ വിശ്വസിപ്പിക്കാൻ ആകുന്നില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. സലിമോ സലിമിൻ്റെ ചിരിയുടെയോ സ്ഥിര സാന്നിദ്ധ്യമില്ലാത്ത ഒരു ട്രോൾ പോലും മലയാളിക്കില്ലെന്നും വേണുഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

മോശമായി വരുന്ന ആരോഗ്യം സലിമിൻ്റെ സിനിമ അഭിനയത്തിന് ഒരു തട ഇട്ടിട്ട് വർഷങ്ങളായിരിക്കുന്നു. എന്നാലും സലിമോ സലിമിൻ്റെ ചിരിയുടെയോ സ്ഥിര സാന്നിദ്ധ്യമില്ലാത്ത ഒരു ട്രോൾ പോലും മലയാളിക്കില്ല. ഏതാണ്ട് ഇരുപത്തൊൻപത് വർഷങ്ങൾക്ക് മുൻപ് ഞാൻ സലിമിനെ ആദ്യമായി പരിചയപ്പെടുമ്പോൾ മിമിക്രിയിൽ നിന്ന് സിനിമയിലേക്കുള്ള സംക്രമണം തുടങ്ങിയിട്ടില്ല. "മമ്മൂട്ടി ഷോ'' അമേരിക്കയിലും ഇംഗ്ലണ്ടിലും. ഞങ്ങൾ പെട്ടെന്ന് അടുത്തു. എല്ലാവരെയും ചിരിപ്പിക്കുന്ന സലിം ഒരു ദിവസം കണ്ണീരിൻ്റെ നനവുള്ള സ്വന്തം കഥ എന്നോട് പറഞ്ഞു. എൻ്റെ കണ്ണുകൾ ഞാനറിയാതെ സജലങ്ങളായി. സ്വാഭാവികമായിരുന്നു സലിമിന് അഭിനയം. ചിരിയും കരച്ചിലും. അത്രത്തോളം ഉള്ളുനിർമ്മലമായ ഒരാൾക്കേ കാണികളെ അവർ പോലുമറിയാതെ ചിരിപ്പിക്കാനും കരയിക്കാനുമാകൂവെന്ന് വേണുഗോപാല്‍ പറഞ്ഞു. 

വേണുഗോപാലിന്‍റെ വാക്കുകള്‍

പറവൂർ മാല്യങ്കര കോളേജിൻ്റെ ഒരു പ്രതിഭാ പുരസ്കാരം ദുബൈയിൽ. 15 വർഷങ്ങൾക്ക് മുൻപ്. രാവിലെ എൻ്റെ ഹോട്ടൽ മുറിയിൽ ഒരു മുട്ട്. പുറത്ത് നിന്ന് സലിം ഉറക്കെ ചിരിച്ച് കൊണ്ട് മുറിക്കുള്ളിൽ വന്നു. വയറ് പൊത്തിപ്പിടിച്ചു കൊണ്ട് തമാശ പറഞ്ഞുകൊണ്ടിരുന്നു, എൻ്റെ വയറ് വേദനിക്കും വരെ ഞാൻ ചിരിച്ചുംകൊണ്ടിരുന്നു. ഞാൻ ചോദിച്ചു, "സലിം എന്താ വയറ് പിടിച്ച് ചിരിക്കുന്നത്, വയറ് വേദനയുണ്ടോ?" "ചേട്ടാ എൻ്റെ ഒരു കരളു പോയി, ഇനി സുനിത മാത്രമേ ബാക്കിയുള്ളൂ" എന്ന് പറഞ്ഞ് ഉറക്കെ ചിരിച്ച്, വയറു പൊത്തിപ്പിടിച്ച് പുറത്തേക്കിറങ്ങി. 

അമേരിക്കയിൽ കഠിനമായ പുകവലി നിയന്ത്രണങ്ങൾ ആരംഭിച്ച സമയത്തായിരുന്നു ഞങ്ങളുടെ മമ്മൂട്ടി ഷോ അരങ്ങേറുന്നത്. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്താലുടൻ സലിം, കട്ടിലിന് മുകളിൽ ഒരു കസേര പിടിച്ചിട്ട്, അതിൽ കയറി മുറിക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്മോക്ക് അലാറത്തിനകത്തേക്ക് ടോയിലറ്റ് പേപ്പർ ചുരുട്ടിക്കയറ്റും. ചില മുറികളിൽ സ്മോക്ക് അലാറമടിക്കില്ല. ചിലയിടത്ത് അടിക്കും. ഞങ്ങളുടെ സ്പോൺസർ ഫൈൻ കൊടുക്കുകയും ചെയ്യും. ന്യൂയോർക്കിലെ പ്രശസ്തമായ "കോൾഡൻ സെൻ്റർ" ആയിരുന്നു ഞങ്ങളുടെ അമേരിക്കൻ പരിപാടികളുടെ കലാശക്കൊട്ട്. അമേരിക്കയിലെ ഞങ്ങളുടെ അവസാന വേദി. പരിപാടിക്ക് തൊട്ടു മുന്നേ അലാറം നീട്ടിയടിച്ചു. നല്ലൊരു തുക സ്പോൺസർ കൊടുക്കുകയും ചെയ്യേണ്ടി വന്നു. സലിം ഉറക്കെ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു. "ചേട്ടാ ഈ ഫൈനും കൂടിയായപ്പോൾ എൻ്റെ മൊത്തം പ്രതിഫലത്തുകയിൽ നിന്നധികമായി. ഇനി ഞാൻ സ്പോൺസറിന് നാട്ടിൽ പോയിട്ട് ബാക്കി പൈസ അയച്ചു കൊടുക്കാം!"

സ്വന്തം നിയമാവലികൾക്കുള്ളിൽ സന്തോഷിച്ച് ജീവിച്ചു, ധൈര്യമായി സ്വന്തം അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ്, ഗൗരവം മുഖമുദ്രയാക്കിയ മലയാളികളെ നിരന്തരം ചിരിപ്പിച്ച സലിം , നിന്നെ വല്ലാണ്ട് മിസ്സ് ചെയ്യുമെടാ

ENGLISH SUMMARY:

Salim Kumar tribute features singer G. Venugopal reminiscing about the late actor. G. Venugopal shared touching anecdotes on social media, highlighting Salim Kumar's innate ability to evoke both laughter and tears, and how his absence will be deeply felt.