'കണ്ണീര്‍ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി', 2000ല്‍ പുറത്തിറങ്ങിയ 'ജോക്കര്‍' എന്ന ചിത്രത്തിലെ ദിലീപിന്റെ കഥാപാത്രത്തിനുവേണ്ടി യൂസഫലി കേച്ചേരി എഴുതിയ വരികളാണ്. ചിരിയും ചിന്തയും നിര്‍ത്തി മടങ്ങിയ സലിംകുമാറെന്ന മനുഷ്യന്, അതുല്യ കലാകാരന് ഈ വരികള്‍ നന്നായി ചേരും. ദിലീപ് ഇത് പാടി അഭിനയിക്കുന്ന കാലത്തും അതിനുമുമ്പുള്ള വര്‍ഷങ്ങളിലും െപരുമഴയത്തായിരുന്നു സലിംകുമാര്‍. അവസരം തേടിയുള്ള അലച്ചില്‍, നീയോ നടനെന്ന പരിഹാസച്ചോദ്യങ്ങള്‍, കയ്പുനീരിന്റെ മഴ ഒരുപാട് നനഞ്ഞു അയാള്‍. ജീവിതം പഠിപ്പിച്ച പാഠങ്ങളില്‍ നിന്ന് സലിംകുമാറൊരു ചിന്തകനും പ്രഭാഷകനുമായി, അത്രതന്നെ മോട്ടിവേറ്ററുമായി എന്നതല്ലേ ശരി. അതുകൊണ്ടാണ്, ഏത് പരിഹാസത്തിലും അവഗണനയിലും തളര്‍ന്നുപോകരുതെന്ന് അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു, ഉള്ളിലെ തീ, ആ തിരി അണയാതെ നോക്കണമെന്ന്.
മഴയും സലിംകുമാറും തമ്മിലുമുണ്ടൊരു പിരിക്കാനാകാത്ത ബന്ധം. കമല്‍ ആദ്യം കാണുന്ന സലിംകുമാര്‍ മഴനനഞ്ഞ് കുളിച്ച് തന്റെ വീടിന്റ കോളിങ് ബെല്‍ അമര്‍ത്തിയ ചെറുപ്പക്കാരനാണ്. ഏതോ സിനിമ കണ്ട് എന്നാല്‍ ചോദിച്ചുനോക്കിയാലോ ഒരു ചാന്‍സ് എന്നോര്‍ത്ത് അപ്പോള്‍ത്തന്നെ ഓടിവന്ന സലിം. കാലം കാത്തുവച്ചതത്രയും ചെയ്തും നേടിയും അയാള്‍ മടങ്ങുമ്പോള്‍ ആ വരികള്‍ ഇങ്ങനെയുമാക്കാം. ചിരിയുടെ കുട എന്നേക്കുമായി മടക്കിവച്ച് പ്രിയപ്പെട്ട സലിംകുമാര്‍ മടങ്ങുമ്പോള്‍ നമ്മളല്ലേ കണ്ണീര്‍മഴയത്ത്.
ജീവിതത്തിലെ ചുഴികളെക്കുറിച്ച് പലപ്പോഴും പറഞ്ഞു സലിം, ഒരുനാളുണ്ട് എല്ലാവര്‍ക്കും മുന്നില്‍ ആ ചുഴി. അത്രയേയുള്ളു ജീവിതമെന്ന് അറിയുന്നവന് അപരനെ ദ്രോഹിക്കാനാകില്ലെന്ന്. എത്രതന്നെ ചിരിപ്പിച്ചോ അത്രതന്നെ ചിന്തിപ്പിച്ച സലിംകുമാര്‍. തെങ്കാശിപ്പട്ടണമെന്ന ജീവിതത്തിന്റെ റൂട്ട് മാറ്റിയ ബസില്‍ കയറുംമുമ്പുള്ള മഴക്കാലത്തെ പാഠങ്ങളാകാം ആ ചിന്തകനെ സൃഷ്ടിച്ചത്. വേണ്ടാത്തൊരാളെ അപരിചിതമായൊരു സ്ഥലത്ത് ഇറക്കിവിടുന്ന മനുഷ്യരില്ലേ, പൂച്ചയായാലും, പട്ടിയായാലും, പെറ്റമ്മയായാലും, അതുപോലെ കയ്യിലൊരു രൂപയില്ലാതെ ഇറക്കിവിടപ്പെട്ടൊരു സിനിമാകാലമുണ്ട് സലിംകുമാറിന്. നാട്ടിലേക്ക് വണ്ടിപിടിക്കാനുള്ള 20 രൂപയ്ക്ക് വേണ്ടി അഭിമാനം മാറ്റിവച്ച് അലയേണ്ടിവന്നൊരു കാലം. 20 രൂപ കിട്ടി. തന്നയാള്‍ക്ക് സലിംകുമാറിലെ രസികനായ മിമിക്രിക്കാരനെ അറിയാമായിരുന്നു. പണം മാത്രമല്ല, താങ്കള്‍ക്കിതു തരാന്‍ പറ്റിയത് സന്തോഷമെന്നുകൂടി പറഞ്ഞ ആ അപരിചിതന്‍ എന്ന പോലെ ജീവിതസമസ്യകളിലൊക്കെ സലിംകുമാറിന് മുന്നില്‍ ദൈവദൂതന്മാരുണ്ടായി. അവരെയൊന്നും മറന്നിരിക്കില്ല സലിം. വഞ്ചിയില്‍ കയറുമായി എറണാകുളം പട്ടണത്തിലേക്ക് പോയിവന്ന് ജീവിതം പടുത്തുയര്‍ത്തിയ സ്വന്തം അച്ഛനെ മറക്കാത്തപോലെ.
പ്രിയപ്പെട്ട വീടുവിട്ട്, ഉറ്റവരെ വിട്ട്, ഈ ലോകമേ വിട്ട് സലിംകുമാര്‍ മടങ്ങി. ചേതനയറ്റ് ചില്ലുകൂട്ടില്‍ ആയിരങ്ങള്‍ക്ക് നടുവില്‍ ഉറങ്ങിത്തുടങ്ങവെ സലിം അറിഞ്ഞിരിക്കുമോ ഹൃദയങ്ങളായിരം തനിക്കായി പൊടിയുന്നുവെന്ന്. അവസാനമായാ ലോഫിങ് വില്ലയിലേക്ക് പേടകത്തിലെത്തുമ്പോള്‍, ഉണ്ടായിരുന്നിരിക്കുമോ,, ഏത് ജീവിതച്ചൂടിലും മായാത്ത ആ ചിരി ആ ചുണ്ടില്‍ ? സലാം, പ്രിയപ്പെട്ട സലിം.