Image: Facebook, Bibin George
തന്റെ പുതിയ ബിരിയാണിക്കട ഉദ്ഘാടനം ചെയ്യാനെത്തിയ ധര്‍മജന്‍ മദ്യപിച്ചല്ല വന്നതെന്ന് നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്. ധര്‍മജന്റെ ഉദ്ഘാടനവിഡിയോ ദിവസങ്ങള്‍ക്കുമുന്‍പ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. രാവിലെ തന്നെ താരം മദ്യപിച്ചാണ് എത്തിയതെന്നും ഷര്‍ട്ടിന്റെ ബട്ടണ്‍ പോലും നേരാംവണ്ണം ഇട്ടിട്ടില്ലെന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ധര്‍മജനെതിരായ ട്രോളുകളും വിമര്‍ശനങ്ങളും കടുത്തതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബിബിന്‍ ജോര്‍ജ്.
‘നിങ്ങളുടെ വര്‍ക്കിനെ ബഹുമാനിക്കുന്നു. പക്ഷെ ദൈവം സത്യം. അദ്ദേഹം കഴിച്ചിട്ടില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’– എന്നായിരുന്നു ബിബിന്‍ ജോര്‍ജിന്റെ പ്രതികരണം. ഉദ്ഘാടനത്തിനെത്തിയ ധര്‍മജന് ബാലന്‍സ് നഷ്ടപ്പെട്ടതാണ് സൈബറിടത്തെ ചര്‍ച്ചയ്ക്ക് കാരണമായത്. ബാലന്‍സ് നഷ്ടപ്പെട്ട ധര്‍മജനെ ബിബിന്‍ പിന്നില്‍ നിന്നു പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിഡിയോയില്‍ ഷര്‍ട്ടിന്റെ ബട്ടണ്‍സ് മാറിയാണ് ഇട്ടതെന്നും സോഷ്യല്‍മീഡിയ കണ്ടെത്തിയിരുന്നു. മദ്യപിച്ചോണ്ട് ഇരുന്നിടത്തു നിന്നു പിടിച്ചോണ്ട് വന്നതാണെന്ന് തോന്നുന്നതെന്നും അന്ന് കമന്റുകള്‍ നിറഞ്ഞിരുന്നു.
ബിബിന്റെ രണ്ടാമത്തെ ബിരിയാണിക്കട ഹോട്ടലിന്റെ ഉദ്ഘാടനത്തിനാണ് ധര്‍മജനെത്തിയത്. വിഡിയോ കണ്ട് വിമര്‍ശനത്തിനൊപ്പം തന്നെ താരത്തെ പിന്തുണച്ചും പല കമന്റുകളുയര്‍ന്നു. മനുഷ്യന്റെ ആരോഗ്യാവസ്ഥ കൂടി മനസിലാക്കണമെന്നും എന്തെങ്കിലും രോഗത്തിനു ചികിത്സയിലാവാനും മരുന്ന് കഴിക്കാനും സാധ്യതയുണ്ടെന്നും ചിലര്‍ പറയുന്നു. ചില മരുന്നുകളൊക്കെ കഴിക്കുമ്പോള്‍ ബോഡി കണ്‍ട്രോളില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നും കമന്റുകളുണ്ട്. ഷര്‍ട്ടിന്റെ ബട്ടണ്‍ മാറുന്നതൊക്കെ ഇത്ര വലിയ പ്രശ്നമായി കാണേണ്ടതുണ്ടോയെന്നും ചോദിക്കുന്നു സൈബറിടം.