വിജയ്​യുടെ അവസാന ചിത്രം 'ജന നായകന്‍' കാണാന്‍ ആരാധകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. സെൻസർ ബോർഡുമായുള്ള തർക്കങ്ങളും കടുത്ത സെൻസറിങ് നടപടികളും കാരണം ചിത്രത്തിന്‍റെ റിലീസ് അനിശ്ചിതമായി നീളുകയാണ്. ഈ വര്‍ഷം ജനുവരി ഒന്‍പതിന് പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ പ്രശ്നങ്ങൾ കാരണം മാറ്റിവെച്ചു. പിന്നീട് മെയ് മാസത്തിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നടന്നില്ല. ഇതിനിടയ്​ക്ക് ചിത്രം ഓണ്‍ലൈനില്‍ ലീക്കാകുകയും ചെയ്തിരുന്നു. 

റിലീസ് അനിശ്ചിതമായി നീളുന്നതിനിടെ വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് സംവിധായകന്‍ എച്ച്.വിനോദ്. സത്യങ്ങള്‍ വെളിപ്പെടുത്താനുള്ള ധൈര്യം തനിക്കില്ലെന്നാണ് എച്ച്.വിനോദ് പറഞ്ഞത്. 'ജയ നായകനുമായി ബന്ധപ്പെട്ട സത്യങ്ങൾ വെളിപ്പെടുത്താനുള്ള ധൈര്യം എനിക്കില്ല. അത് വെളിപ്പെടുത്തിയാൽ ടെലികാസ്റ്റ് ചെയ്യാനുള്ള ധൈര്യം നിങ്ങൾക്കും ഉണ്ടാകില്ല,' ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിനോദ് പറഞ്ഞു. 'പരിമള ആന്‍ഡ് കോ' എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ അഭിമുഖത്തിനിടക്കായിരുന്നു വിനോദ് 'ജന നായകന്‍' റിലീസിനെ കുറിച്ച് പ്രതികരിച്ചത്. 

കഴിഞ്ഞ അഞ്ച് മാസമായി സെൻസർ ബോർഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് 'ജന നായകന്‍'. നിർമാതാവായ കെ.വി.എൻ പ്രൊഡക്ഷൻസിലെ വെങ്കട്ട് കെ.നാരായണ ഈ വിഷയത്തിൽ നിയമസഹായം തേടിയെങ്കിലും പ്രശ്നത്തിന് ഇതുവരെ പൂർണമായ പരിഹാരമായിട്ടില്ല. മമിത ബൈജുവും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വിജയ്​യുടെ നായികയായി അഭിനയിച്ചത് പൂജ ഹെഗ്ഡേയാണ്. 

ENGLISH SUMMARY:

Vijay's last film, Jananayagan, has faced significant delays due to censorship disputes, leaving fans eagerly awaiting its release. The director has expressed hesitation in revealing the full truth behind the prolonged censorship process, citing potential repercussions.