നടി അൻസിബ ഹസൻ നൽകിയ പരാതി പൂർണമായും തള്ളി അമ്മയുടെ വൈസ് പ്രസിഡന്‍റ് ലക്ഷ്മിപ്രിയ. സത്യാവസ്ഥ തെളിയിക്കാൻ തന്‍റെ പക്കൽ കൃത്യമായ തെളിവുകളുണ്ടെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. അൻസിബ അയച്ച മെസ്സേജ് കുടുംബ ജീവിതത്തെ ബാധിക്കുന്ന ഘട്ടത്തിലാണ് പരാതി നൽകിയത്. അൻസിബ മൂന്ന് മണിക്കൂർ പൊലീസ് സ്റ്റേഷനിൽ ഇരുന്നിട്ടില്ല. ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കൻഡ് മാത്രമാണ് തൃപ്പൂണിത്തറ വനിതാ സെല്ലിൽ ഉണ്ടായിരുന്നത്. ഇതിന്‍റെ തെളിവുകൾ എസിപിക്ക് കൈമാറും. വ്യക്തിപരമായ പ്രശ്നങ്ങളിൽ സംഘടന ഇടപെടേണ്ട കാര്യമില്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. തൃക്കാക്കര എസിപിക്ക് മുന്നിൽ മൊഴി നൽകാന്‍ എത്തിയപ്പോളായിരുന്നു പ്രതികരണം.

‘ഇവര്‍ പലരീതിയിലും തെളിവുകൾ ശേഖരിച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെ ഒരു പരാതി പോകുന്നതിനുമുമ്പ്. അവിടെ സിസിടിവി ഉണ്ടോ എന്നെല്ലാം അന്വേഷിച്ചിരുന്നു. ഇതൊരു ആസൂത്രിതമായ നീക്കം ആണല്ലോ. ഞങ്ങൾ അവിടെ എത്ര സമയം ചിലവഴിച്ചു എന്നതുൾപ്പെടെ, അവിടെ എന്താണ് സംഭവിച്ചത് എന്നതിന്‍റെ വ്യക്തമായ ഡിജിറ്റൽ തെളിവുകൾ എന്‍റെ പക്കലുണ്ട്. അത് മുഴുവനായും ഞാൻ ഇന്ന് പൊലീസിന് കൈമാറും.’– ലക്ഷ്മിപ്രിയ പറഞ്ഞു. 

എന്‍റെ ഫോണിലേക്ക് എനിക്ക് അനാവശ്യമെന്ന് തോന്നുന്ന ഒരു സന്ദേശം അയയ്ക്കുമ്പോൾ അതിന് മറുപടി നൽകാൻ ആ കുട്ടി ബാധ്യസ്ഥയായിരുന്നു. ഡിസംബർ പത്താം തീയതി വന്ന സന്ദേശത്തിന് ജനുവരി 21 വരെ ഞാൻ പരാതി നൽകിയിരുന്നില്ല; ജനുവരി 22-നാണല്ലോ പരാതിപ്പെടുന്നത്. അപ്പോൾ എന്‍റെ ഫോണിലേക്ക് വരുന്ന ഒരു അനാവശ്യ സന്ദേശത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാനല്ലേ തീരുമാനിക്കുന്നത്? എന്‍റെ ഭർത്താവ് പ്രശ്നമാക്കിയത് വിട്ടേക്കൂ, എന്‍റെ ഫോണിലേക്ക് അങ്ങനെ ഒരു സന്ദേശം വരുമ്പോൾ എനിക്ക് നിയമപരമായി മുന്നോട്ട് പോകാമല്ലോ’

അന്‍സിബയെ മൂന്ന് മണിക്കൂർ സ്റ്റേഷനിൽ ഇരുത്തിയോ ഇല്ലയോ എന്നത് പൊലീസ് അധികാരികളാണ് സ്ഥിരീകരിക്കേണ്ടതെന്നും ലക്ഷ്മിപ്രിയ പറയുന്നു. തന്‍റെ ഓർമയിൽ ഒരു മണിക്കൂറും 17 മിനിറ്റും 20 സെക്കൻഡും മാത്രമാണ് അവിടെ ഇരുന്നത്. ഇത്ര കൃത്യമായി ആ സമയ ദൈർഘ്യം പറയണമെങ്കിൽ, തന്‍റെ പക്കൽ കൃത്യമായ തെളിവുകളുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ‘നമ്മൾ രണ്ടുപേരും ഒരേ സംഘടനയിലെ അംഗങ്ങളാണ് എന്ന് വിചാരിക്കുക. നമ്മൾ സംഘടനയ്ക്ക് പുറത്ത് ഒരു കാര്യം ചെയ്യുമ്പോൾ അതിന് സംഘടനയുമായിട്ട് എന്ത് ബന്ധം? സംഘടനയാണോ അത് അന്വേഷിക്കേണ്ടത്. നമ്മൾ അത് നിയമപരമായിട്ട് നമ്മൾ നേരിടുകതന്നെയാണ് ചെയ്യേണ്ടത്’– ലക്ഷ്മിപ്രിയ പറഞ്ഞു. 

ഈ വിഷയത്തില്‍ താന്‍ സംഘടനയില്‍ പരാതിപ്പെട്ടില്ലെന്നും ലക്ഷ്മിപ്രിയ. ‘ഇതിൽ പരാതിപ്പെടേണ്ട സ്ഥലം അല്ല സംഘടന എന്നുള്ള വിവേകം എനിക്കുണ്ട്. ഈ കേസ് സംഘടനയില്‍ ഉന്നയിക്കേണ്ട ആവശ്യമുണ്ട് എന്ന് എനിക്ക് ഇപ്പോഴും തോന്നുന്നില്ല. പക്ഷേ കേസ് ആയതിനുശേഷം അൻസിബ കുറേ ഊഹാപോഹങ്ങൾ പറഞ്ഞുകൊണ്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഒരു സന്ദേശം അയച്ചിരുന്നു. ആ സന്ദേശത്തിന് ഞാൻ അപ്പോൾ തന്നെ മറുപടി നൽകി. ‘മോൾ ഘോരഘോരം പറയുന്ന ഒരു കാര്യങ്ങളും എന്‍റെ പരാതിയിൽ ഇല്ല; നാലേ നാല് വരിയേയുള്ളൂ. ഈ പറയുന്ന വിഷയങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല’ എന്ന് ഞാൻ അന്ന് തന്നെ വ്യക്തമാക്കിയതാണ്’

‘എന്‍റെ ശരി എനിക്കറിയാം. ഞാൻ നാളിതുവരെ സഞ്ചരിച്ചത് എന്‍റെ ശരിയിലൂടെ മാത്രമാണ്. എന്‍റെ പിന്നിൽ ആരുമില്ല. എനിക്ക് പ്രത്യേകമായിട്ട് ഒരു അജണ്ടയുമില്ല. അൻസിബ ഹസൻ എന്ന് പറയുന്ന വ്യക്തിയോട് യാതൊരുവിധത്തിലുള്ള വ്യക്തിവൈരാഗ്യങ്ങളും ഇല്ല. ഡിസംബർ പത്താം തീയതി ഇങ്ങനെയൊരു സന്ദേശം അയച്ചിട്ടുപോലും, ഡിസംബർ 14-ാം തീയതി തിരുവനന്തപുരത്ത് വച്ച് ഞാൻ ആ മോളെ കണ്ടപ്പോൾ, ആ മോൾക്ക് ഞാൻ വാങ്ങിച്ചു വെച്ചിരുന്ന സമ്മാനം കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. അപ്പോഴും ഞാൻ ചോദിച്ചിരുന്നു. ‘എന്താണ് അങ്ങനെ ഒരു സന്ദേശം അയച്ചത്’. റൂമിലേക്ക് വന്ന് പറയാം എന്ന് പറഞ്ഞെങ്കിലും പറഞ്ഞില്ല. പല അവസരങ്ങളിൽ ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഈ സംഭവത്തിന് മുൻപും പിൻപുമുള്ള ഞങ്ങളുടെ ചാറ്റുകൾ നോക്കിയാൽ അത് മനസ്സിലാകും; എന്നോട് വ്യക്തിവൈരാഗ്യം ഉണ്ടാകേണ്ട വിധത്തിൽ ആ കുട്ടിയോ ഞാനോ പെരുമാറിയിട്ടില്ല. അവൾ അയച്ച ആ ഒരു സന്ദേശം എന്നെ ഒരുപാട് വേദനിപ്പിച്ചു. എനിക്ക് മാനസികമായി ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. അതുകൊണ്ട് മാത്രമാണ് ഞാൻ പൊലീസിൽ പരാതി നൽകിയത്’– ലക്ഷ്മിപ്രിയ പറഞ്ഞു.

ENGLISH SUMMARY:

AMMA Vice President and actress Lakshmipriya has strongly rejected the allegations leveled against her by fellow actress Ansiba Hassan, stating she possesses concrete proof to back her stance. Speaking to the media before providing her official statement to the Thrikkakara ACP, Lakshmipriya clarified that Ansiba was present at the Thripunithura Women's Cell for exactly one hour, 17 minutes, and 20 seconds, contrary to the claimed three hours. She emphasized that the underlying dispute stemmed from an inappropriate personal mobile message sent by Ansiba on December 10, which eventually forced her to seek dynamic legal remedy to protect her family life. Lakshmipriya firmly maintained that since the issue remains strictly personal, the actors' association has no corporate jurisdiction to intervene or arbitrate in this private matter. While dismissing any notions of underlying personal animosity, she confirmed that all relevant chat logs and tracking data have been structurally compiled for submission to law enforcement.