kattalan-bts-n

സൂപ്പര്‍ ഹിറ്റ് ചിത്രം 'മാര്‍ക്കോ'യ്​ക്ക് ശേഷം ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച്  ആന്‍റണി വര്‍ഗീസ് പെപ്പെ നായകനായ 'കാട്ടാളന്‍' മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ആനകൊമ്പ് വേട്ടയുടേയും അധോലോക സംഘങ്ങളുടെ പകയും പോരാട്ടവും പറയുന്ന ചിത്രം ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഞെട്ടിക്കുന്ന ഒരു ആക്ഷന്‍ സീക്വന്‍സിന്‍റെ ബിടിഎസ് വിഡിയോ പുറത്തുവന്നിരിക്കുകയാണ്. 

തലകീഴായി കെട്ടിത്തൂക്കിയിരിക്കുന്ന യുവാവിനെ ജഗദീഷിന്‍റെ കഥാപാത്രം കത്തിക്കുന്ന രംഗമാണ് പുറത്തുവന്നിരിക്കുന്നത്. കെട്ടിത്തൂക്കിയിരിക്കുന്ന യുവാവിന്‍റെ ശരീരത്തിലേക്ക് യഥാര്‍ഥത്തില്‍ തന്നെ ജഗദീഷ് തീ പകരുകയായിരുന്നു. നിമിഷനേരം കൊണ്ട് തന്നെ ശരീരത്തിലേക്ക് തീ പടര്‍ന്നുകയറി. യുവാവ് വെപ്രാളപ്പെട്ട് കുതറുന്നതും വിഡിയോയില്‍ കാണാം. ഷോട്ട് കഴിഞ്ഞതും ഫയര്‍ എസ്റ്റിഗ്യൂഷറുമായി അണിയറപ്രവര്‍ത്തകര്‍ ഓടിയെത്തി തീ അണച്ചു. സുരക്ഷിതനായി യുവാവിനെ താഴെയിറക്കി. സെറ്റിലുണ്ടായിരുന്ന ആന്‍റണി വര്‍ഗീസ് പെപ്പെ ഉള്‍പ്പെടെയുള്ളവര്‍ കയ്യടിച്ച് യുവാവിനെ അഭിനന്ദിച്ചു. സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് കലൈ ആണ് ഈ സാഹസികരംഗം അഭിനയിച്ചത്. കലൈ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വിഡിയോ പുറത്തുവിട്ടത്. സുരക്ഷാമുന്‍കരുതലുകളെടുത്തതിനാല്‍ കലൈയുടെ ശരീരത്തില്‍ പൊള്ളലേറ്റില്ല. 

അതേസമയം 'കാട്ടാളന്' ബോക്സ് ഓഫീസ് കളക്ഷനിലും മുന്നേറുകയാണ്. ആദ്യ ദിനത്തിൽ മികച്ച കളക്ഷൻ ഒമ്പത് കോടിക്ക് മുകളിലാണ് വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷൻ. കേരളത്തിൽ നിന്ന് മാത്രം 3.47 കോടി രൂപ നേടിയ ചിത്രം, ഇന്ത്യയിലൊട്ടാകെ നിന്ന് 3.91 കോടിയാണ് നേടിയത്. ഒടുവിൽ പുറത്തുവരുന്ന ആഗോള കണക്കുകൾ പ്രകാരം വേൾഡ് വൈഡ് ഗ്രോസ് 9.02 കോടി രൂപയെന്ന വമ്പൻ നേട്ടത്തിലേക്കാണ് 'കാട്ടാളൻ' കുതിച്ചുയരുന്നത്. 

നവാഗതനായ പോൾ ജോർജ് ആണ് കാട്ടാളന്‍ സംവിധാനം ചെയ്തത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ്, ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ്, ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ‍ പ്രണവ് രാജ്, കോൾ മീ വെനം തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്. 

ENGLISH SUMMARY:

Kaattalan is a Malayalam action film that has received a positive response in theaters, featuring Antony Varghese Pepe in the lead role. The movie, produced by Sherif Muhammed under Cubes Entertainment, is noted for its intense action sequences, including a recently released behind-the-scenes video of a shocking stunt.