Image Credit : Facebook
ദുല്‍ഖര്‍ സല്‍മാന്‍ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമാണ് 'ഐ ആം ഗെയിം'. ആർഡിഎക്സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഐ ആം ഗെയിം മികച്ച കയ്യടി നേടി തിയറ്ററില്‍ മുന്നേറുകയാണ്. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ആന്‍റണി വർഗീസ് പെപ്പെയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ തനിക്ക് ലഭിച്ച കഥാപാത്രത്തിനും അതിന്‍റെ വിജയത്തിനും സംവിധായകന്‍ നഹാസ് ഹിദായത്തിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആന്‍റണി വർഗീസ് പെപ്പെ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പെപ്പെയുടെ പ്രതികരണം.
ആന്‍റണി വർഗീസ് പെപ്പെ പങ്കുവച്ച കുറിപ്പ്
'ഐ ആം ഗെയിം എന്ന ലക്ഷ്യത്തിലെത്താൻ നീ ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞ വഴിയിലൂടെയാണ് കടന്നുവന്നത്. നിന്റെ ഈ സ്വപ്നത്തിന്റെ ഭാഗമാകാനും, നീ എത്രത്തോളം വളർന്നു എന്ന് കാണാനും സാധിച്ചതിൽ എനിക്ക് വലിയ സന്തോഷവും അഭിമാനവുമുണ്ട്. നിന്റെ കഷ്ടപ്പാടുകളും സ്വപ്നങ്ങൾക്ക് വേണ്ടി നീ നേരിട്ട പ്രതിസന്ധികളുമെല്ലാം ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. ആ പ്രയത്നങ്ങളെല്ലാം ഇന്ന് വിജയത്തിൽ എത്തിച്ചേർന്നിരിക്കുന്നു. ഒരു സുഹൃത്ത് എന്ന നിലയിൽ നിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നത് കാണുമ്പോൾ എനിക്ക് അളവറ്റ സന്തോഷമുണ്ട്. തീർച്ചയായും നീ ഇതിനൊക്കെ അർഹനാണ്. നിന്റെ ഈ സ്വപ്നത്തിന്റെ ഒരു ഭാഗമാക്കിയതിന് നന്ദി, സുഹൃത്തേ. ഹാട്രിക് മുഖ്യം ബിഗിലേ' എന്നാണ് നഹാസിനൊപ്പമുളള ചിത്രം പങ്കുവച്ചുകൊണ്ട് പെപ്പെ കുറിച്ചത്.
അതേസമയം ഐ ആം ഗെയിമിലെ ആന്‍റണി വര്‍ഗീസ് പെപ്പെയുടെ ക്യാരക്ടര്‍ പോസ്റ്റ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകള്‍. വിക്കി എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ദുല്‍ഖറിനെ പോലെ തന്നെ മികച്ച കയ്യടിയാണ് ചിത്രത്തിലെ പ്രകടനത്തിന് പെപ്പെയ്ക്കും ലഭിക്കുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മിഷ്‌കിൻ, കതിർ, കായദു ലോഹർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍ .