അടുത്തിടെയാണ് ഹന്‍സികയുടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ബോൾഡ് ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഹന്‍സികയ്ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സബ്സ്ക്രിപ്ഷൻ കൂട്ടാൻ വേണ്ടി മനപ്പൂര്‍വം പങ്കുവച്ചതാണെന്നായിരുന്നു ആരോപണം. മാത്രമല്ല 299 രൂപയായിരുന്ന സബ്സ്ക്രിപ്ഷൻ ചാര്‍ജ് 390 രൂപയായി ഹന്‍സിക വര്‍ധിപ്പിച്ചെന്നും വൈറലായതോടെ സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണം കൂടിയെന്നുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇപ്പോളിതാ ഈ വിവാദത്തിൽ മനസ്സ് തുക്കുകയാണ് ഹന്‍സിക. തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു നിമിഷത്തെ വിവേകശൂന്യതയായിരുന്നു ആ വിഡിയോയെന്നാണ് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച നീണ്ട കുറിപ്പില്‍ താരം പറയുന്നത്. കഴിഞ്ഞ ഒരു മാസമായി വേദനയും കുറ്റബോധവും പേറിയാണ് ജീവിക്കുന്നതെന്നും ഹന്‍സിക പറയുന്നു.
മൂന്ന് ആഴ്ചകൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷൻ ഫീച്ചറിലൂടെ പങ്കുവെച്ച വിഡിയോ വിവാദമായി, അത് തന്‍റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ തീരുമാനമായിരുന്നു, അതിൽ ആത്മാർഥമായ ഖേദമുണ്ട്. അതിനെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്നും ഹന്‍സിക കുറിച്ചു. കഴിഞ്ഞ ഒരു മാസമായി ഹൃദയത്തിൽ വലിയ വേദനയും ഭാരവും ചുമക്കുകയാണ്, ഒടുവിൽ അതിനെക്കുറിച്ച് തുറന്നു സംസാരിക്കണമെന്ന് തോന്നി. തന്നെ ആത്മാർഥമായി സ്നേഹിക്കുന്ന ആളുകൾക്ക് ഇത് തന്നിൽ നിന്ന് തന്നെ കേൾക്കുന്നത് ഒരു മാറ്റമുണ്ടാക്കിയേക്കാം അതുകൊണ്ടാണീ പോസ്റ്റെന്നും ഹന്‍സിക കുറിച്ചു.
താൻ എന്തിനാണ് അത് പോസ്റ്റ് ചെയ്തതെന്ന് ഇപ്പോഴും അറിയില്ലെന്നും വേണ്ടത്ര ആലോചനയില്ലാതെ ഒരു നിമിഷത്തെ എടുത്തുചാട്ടത്തിൽ എടുത്ത തീരുമാനമായിരുന്നു ആ പോസ്റ്റ്, അതൊരു തെറ്റായിരുന്നു. ചെയ്ത ഉടനെ തന്നെ ഖേദം തോന്നി. പോസ്റ്റ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളിൽ, അത് ചെയ്യാൻ പാടില്ലായിരുന്നു എന്ന് മനസ്സിലാക്കുകയും ഡിലീറ്റ് ചെയ്യുകയും ചെയ്തുവെന്നും ഹന്‍സിക പറഞ്ഞു. എന്നാല്‍ ആ ചുരുങ്ങിയ സമയത്തിനുള്ളിൽ, ചിലർ അത് സ്‌ക്രീൻ റെക്കോർഡ് ചെയ്യുകയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ഉണ്ടായതെന്നുംം താരം വ്യക്തമാക്കി.
‘പണത്തിനും പബ്ലിസിറ്റിക്കും വേണ്ടിയാണ് ഞാൻ ഇത് ചെയ്തതെന്ന് പലരും എന്നെ കുറ്റപ്പെടുത്തി. ചിലർക്ക് അങ്ങനെ തോന്നിയതിന്‍റെ കാരണം മനസ്സിലാകും, പക്ഷേ അതിന് പിന്നിൽ അങ്ങനെ ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നില്ല എന്ന് ഞാൻ ആത്മാർഥമായി പറയാൻ ആഗ്രഹിക്കുന്നു. 20-ാം വയസ്സിൽ, സ്വന്തമായി കാര്യങ്ങൾ നോക്കാനുള്ള വരുമാനം ഉണ്ടാക്കാൻ ഭാഗ്യവശാൽ എനിക്ക് സാധിക്കുന്നുണ്ട്. കൂടാതെ വർഷങ്ങളായി നിങ്ങളെല്ലാവരും എനിക്കും എന്‍റെ കുടുംബത്തിനും നൽകിയ സ്നേഹവും പിന്തുണയും കാരണം, പബ്ലിസിറ്റി എന്നത് ഞങ്ങൾ കൊതിക്കുന്നതോ ഞങ്ങളുടെ ജീവിതത്തിൽ കുറവുള്ളതോ ആയ ഒന്നല്ല’– ഹന്‍സികയുടെ പോസ്റ്റില്‍ പറയുന്നു.
‘കൂടുതൽ വിഷമം എന്തെന്നാൽ, ഈ സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് എന്‍റെ സഹോദരി ഒരു വർഷത്തിലേറെ അധ്വാനിച്ച് ഞാൻ അഭിനയിച്ച ഒരു മ്യൂസിക് വിഡിയോ റിലീസ് ആകാനിരുന്നത്. എന്‍റെ പ്രവൃത്തികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നെങ്കിൽ, അവളുടെ ജോലിയെപ്പോലും ദോഷകരമായി ബാധിച്ചേക്കാവുന്ന ഈ കാര്യം ഞാൻ ഒരിക്കലും ചെയ്യില്ലായിരുന്നു, പ്രത്യേകിച്ച് അത് റിലീസ് ആകുന്നതിന് തൊട്ടുമുമ്പ്. ഭാഗ്യവശാൽ അത് മ്യൂസിക് വിഡിയോയെ ബാധിച്ചില്ല എങ്കിലും, ഇതിന് പിന്നിൽ ആസൂത്രിതമായ ഒരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല. അതൊരു അബദ്ധമായിരുന്നു, അതിൽ എനിക്ക് ആഴമേറിയ വേദനയുണ്ട്’– ഹന്‍സിക പറഞ്ഞു. തന്‍റെ പ്രവൃത്തിയുടെ ആഘാതം നേരിടേണ്ടി വന്നത് തനിക്കും കുടുംബത്തിനും മാത്രമാണെന്നും മറ്റാരെയും അത് തങ്ങളെപ്പോലെ നേരിട്ട് ബാധിച്ചിട്ടില്ലെന്നും ഹന്‍സിക വ്യക്തമാക്കി.
‘ഒരു പബ്ലിക് ഫിഗര്‍ എന്ന നിലയിൽ ആളുകൾ എന്‍റെ പ്രവര്‍ത്തികളെ ചർച്ച ചെയ്യുകയും വിമർശിക്കുകയും ചെയ്യുമെന്ന് ഞാൻ മനസ്സിലാക്കുന്നു, അത് ഞാൻ പൂർണ്ണമായി അംഗീകരിക്കുകയും ചെയ്യുന്നു. എന്നാൽ ചില സമയങ്ങളിൽ, പ്രതികരണങ്ങൾ വിമർശനങ്ങൾക്കും അപ്പുറമായിരുന്നു. ഈ സാഹചര്യത്തെ അവസരമാക്കി ഫോളോവേഴ്സിനെ കൂട്ടാന്‍ വേണ്ടി മാത്രം ഇതിനെക്കുറിച്ച് നിരവധി വിഡിയോകൾ നിർമ്മിച്ച വ്യക്തികളുണ്ടായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം, ഇത് പരമാവധി ചൂഷണം ചെയ്യാൻ പറ്റിയ ഒരു അവസരമായി മാറി. ഈ വിഡിയോകളിൽ പലതിലും വളരെ വേദനിപ്പിക്കുന്ന ഭാഷയാണ് ഉപയോഗിച്ചത്, എനിക്കെതിരെ മാത്രമല്ല, എന്‍റെ കുടുംബത്തിനെതിരെയും വെറുപ്പ് പ്രചരിപ്പിച്ചു. ഈ ഘട്ടത്തിൽ, സൈബർ ബുള്ളിയിങ് നടത്തുന്നവരോടോ മറ്റൊരാളുടെ വേദനയിൽ നിന്ന് സന്തോഷം കണ്ടെത്തുന്നവരോടോ എനിക്ക് ഒന്നും പറയാനില്ല. എന്‍റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് മാറ്റിവെച്ചാൽ തന്നെ തങ്ങളെ വ്യക്തിപരമായി ബാധിക്കാത്ത ഒരു കാര്യത്തിന്‍റെ പേരിൽ മറ്റൊരാളോട് മനുഷ്യർക്ക് ഇത്ര എളുപ്പത്തിൽ ഇത്രയധികം വെറുപ്പ് കാണിക്കാൻ എങ്ങനെ കഴിയുന്നു എന്ന് ഈ അനുഭവം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി’
‘സഹതാപം തേടുകയോ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയോ അല്ല ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസമായി എന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന കാര്യങ്ങൾ തുറന്നുപറയണമെന്ന് ആഗ്രഹിച്ചു എന്ന് മാത്രം. സബ്‌സ്‌ക്രിപ്ഷൻ തുക 299 രൂപയിൽ നിന്ന് 399 രൂപയായി ഞാൻ എന്തിനാണ് വർദ്ധിപ്പിച്ചത് എന്നും പലരും ചോദ്യം ചെയ്തിരുന്നു. കാര്യങ്ങൾ കൈവിട്ടുപോയപ്പോൾ, സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ പൂർണ്ണമായും നിർത്തലാക്കാനാണ് ഞാൻ ആദ്യം വിചാരിച്ചത്. എന്നാൽ അത് കൂടുതൽ ഊഹാപോഹങ്ങൾക്കും നെഗറ്റിവിറ്റിക്കും കാരണമാകുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട്, ആ സമയത്ത് കൂടുതൽ ആളുകൾ സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് വില വർദ്ധിപ്പിച്ചത്. എല്ലാവരും എന്നെ വിശ്വസിക്കണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല, എന്‍റെ ഭാഗത്തെ സത്യാവസ്ഥ തുറന്നുപറയാൻ ഞാൻ ആഗ്രഹിച്ചു, അത്രമാത്രം’
സബ്‌സ്‌ക്രിപ്ഷൻ പെട്ടെന്ന് വർദ്ധിച്ചതിലൂടെ ലഭിച്ച മുഴുവൻ തുകയും സാമൂഹ്യ സേവനത്തിനായി സംഭാവന ചെയ്തിട്ടുണ്ടെന്നും, അതിൽ നിന്ന് ഒരു പൈസ പോലും വ്യക്തിപരമായി എടുത്തിട്ടില്ലെന്നും ഹന്‍സിക വ്യക്തമാക്കി. തന്‍റെ പ്രവര്‍ത്തികൾ കാരണം വിഷമിച്ച എല്ലാവരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും ഹന്‍സിക പറഞ്ഞു. ‘പലരെയും ഞാൻ വിഷമിപ്പിച്ചു എന്ന് എനിക്കറിയാം, അത് എന്നെയും ആഴത്തിൽ വേദനിപ്പിക്കുന്നു. എന്നാൽ ആസൂത്രിതമായ ഒരു ഉദ്ദേശ്യത്തോടെയോ മോശം ചിന്തയോടെയോ ചെയ്തതല്ല ഇതെന്നും, ഒരു നിമിഷത്തെ വിവേകശൂന്യമായ തീരുമാനത്തിൽ നിന്ന് സംഭവിച്ചതാണെന്നും നിങ്ങൾ വിശ്വസിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ അനുഭവം കഠിനമെങ്കിലും വിലപ്പെട്ട ചില പാഠങ്ങൾ പഠിപ്പിച്ചു. വരും വർഷങ്ങളിൽ കൂടുതൽ വിവേകമുള്ള, മികച്ചൊരു വ്യക്തിയായി മാറാൻ ഇത് എന്നെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’– ഹന്‍സിക പറയുന്നു.
‘ഈ സംഭവം ചിലർ എന്നെ നോക്കുന്ന രീതിയെ തന്നെ മാറ്റിയിട്ടുണ്ടാകാമെന്ന് ഞാൻ മനസ്സിലാക്കുന്നു, എന്നാൽ ഞാൻ ഇപ്പോഴും പഴയ ആൾ തന്നെയാണ്; അത് മനസ്സിലാക്കി ആളുകൾ എന്നെ ഓർക്കുമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ എന്നോട് ക്ഷമിക്കുകയും എനിക്ക് മറ്റൊരു അവസരം നൽകുകയും ചെയ്യുമെന്നാണ് എന്‍റെ പ്രതീക്ഷ. ഈ കഠിനമായ സമയത്ത് എന്നോടൊപ്പം നിന്ന എന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നിങ്ങളിൽ പലർക്കും ഞാൻ ആത്മാർഥമായി നന്ദി പറയുന്നു’– ഹന്‍സിക കുറിപ്പ് അവസാനിപ്പിച്ചത് ഇങ്ങനെയാണ്.