athulya-amma

താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടിയുമായി ഓഫിസ് സ്റ്റാഫ് അതുല്യ. മാനസിക പീഡനവും ഗൂഢാലോചനയും ഉൾപ്പെടെ ആരോപിച്ച് നീന കുറുപ്പ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർക്കെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും ലേബർ ഓഫീസർക്കും പരാതി നൽകി. തനിക്കെതിരെ ഗൂഢാലോചനയും ഭീഷണിയും നടന്നുവെന്ന് അമ്മയിലെ സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദ് സമ്മതിക്കുന്ന ഫോൺ സംഭാഷണവും അതുല്യ പുറത്തുവിട്ടു.

മുഹമ്മദിനെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അതുല്യക്കെതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചിക്കുന്നതാണ് പുറത്തുവിട്ട ഫോണ്‍ സംഭാഷണങ്ങളിലുള്ളത്. തന്റെ കൂടെ നിന്നാൽ മതി. ആരും ഒന്നും അറിയാന്‍ പോകുന്നില്ല. എങ്ങനെ പറയണം എന്നുള്ളതൊക്കെ പറഞ്ഞുതരാം എന്നും ഒരു പ്രശ്നവും ഉണ്ടാവില്ലെന്ന് ഉറപ്പു നല്‍കുന്നതും പുറത്തുവിട്ട സംഭാഷണത്തിലുണ്ട്.

അതുല്യയെയും തന്നെയും ഉൾപ്പെടുത്തി വ്യാജ ഹണി ട്രാപ്പ് കഥ നിര്‍മ്മിക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്നാണ് മുഹമ്മദ് ഓഡിയോയില്‍ പറയുന്നത്. അതുല്യയാണ് വീഡിയോ എടുത്തതെന്നും മുഹമ്മദിനെ ഹണി ട്രാപ്പിൽ പെടുത്തിയതാണെന്നും വരുത്തിത്തീർക്കാനായിരുന്നു ശ്രമം. മദ്യപിക്കുന്ന തരത്തിലുള്ള വിഡിയോ ചിത്രീകരിച്ച് കഥയുണ്ടാക്കിയാൽ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്നും പറഞ്ഞതായി മുഹമ്മദ് വ്യക്തമാക്കുന്നു. എങ്ങനെ പറയണം എന്നെല്ലാം പറഞ്ഞു തരാം, തനിക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും ആരും അറിയില്ലെന്നും അവർ ഉറപ്പുനൽകിയതായും മുഹമ്മദ് ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അതുല്യയെ കുടുക്കാനും ഉണ്ണി ശിവപാലിനെ രക്ഷിക്കാനുമുള്ള ഗൂഢാലോചനയാണ് നടന്നത്.

തനിക്ക് ഇതിലൊന്നും താല്പര്യമില്ലെന്ന് മറുപടി നൽകിയതായി മുഹമ്മദ് പറയുന്നുണ്ട്. എന്നാൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് പറഞ്ഞ് അവർ വീണ്ടും നിർബന്ധിക്കുകയായിരുന്നു. ഓരോ ദിവസങ്ങളിലും അവർ ഓരോ കാര്യങ്ങൾ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നുവെന്നും മുഹമ്മദ് വ്യക്തമാക്കുന്നു. താൻ ഡ്യൂട്ടി കഴിഞ്ഞ് പോയതിന് ശേഷവും രാത്രിയിൽ വിളിച്ച് നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഉണ്ണി ശിവപാലിന്‍റെ മുറിയിലെ ക്യാമറ ദൃശ്യങ്ങളും ശബ്ദരേഖകളും നശിപ്പിച്ചതായും സിസ്റ്റം പാസ്‌വേഡുകൾ മാറ്റിയതായും മറ്റൊരു ശബ്ദരേഖയിൽ വ്യക്തമാക്കുന്നുണ്ട്. നിർണായക വിവരങ്ങൾ ഡിലീറ്റ് ചെയ്തതായും ഫോൺ കോളുകൾ റെക്കോർഡ് ചെയ്യാൻ നിർദ്ദേശം ലഭിച്ചതായും ആരോപണമുണ്ട്. അതേസമയം, തനിക്കെതിരെ നടക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കാൻ എല്ലാ തെളിവുകളും സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ അവ പുറത്തുവിടുമെന്നും മുഹമ്മദ് ഫോൺ സംഭാഷണത്തില്‍ പറയുന്നു.

ENGLISH SUMMARY:

Athulya, an office staff member of the Malayalam movie artists' association 'AMMA', has initiated legal action against general secretary Kuku Parameswaran and other key officials, alleging conspiracy and mental harassment. She filed official complaints with the Kochi City Police Commissioner and the Labor Officer against actors Kuku Parameswaran, Neena Kurup, and Unni Shivapal. To substantiate her claims, Athulya leaked phone conversations featuring AMMA security guard Muhammed, who alleges he was pressured and incentivized to give false statements against her. In the audio clips, Muhammed reveals a shocking plot orchestrated by the officials to manufacture a fake honeytrap story involving him and Athulya in order to shield Unni Shivapal from ongoing issues. Furthermore, the recordings suggest that critical electronic evidence, including room CCTV footage, audio files, and system passwords, were systematically altered or deleted to cover up the internal executive misconduct.