TOPICS COVERED

താരസംഘടനയിലെ പരസ്യമായ പടലപ്പിണക്കത്തിന്റെ ആരോപണ പ്രത്യാരോപണങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. അമ്മ സംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് അന്‍സിബ ഹസന്‍ രാജിവച്ചതോടെയാണ് പൊട്ടിത്തെറി മാധ്യമങ്ങളിലൂടെ പുറംലോകമറിയുന്നത്. ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ മുന്‍ ഭരണസമിതിയ്ക്ക് ശേഷം ഏറെ പ്രതീക്ഷയോടെയാണ് പുതുനിര അമ്മയുടെ സാരഥ്യം ഏറ്റെടുത്തത്. താരസംഘടന സ്ത്രീവിരുദ്ധമെന്ന കടുത്ത വിമര്‍ശനങ്ങള്‍ക്ക് പകരം ഒരു സ്ത്രീ തന്നെ അതിന്റെ അധ്യക്ഷസ്ഥാനത്തേക്കെത്തിയതായിരുന്നു സമീപകാല ചരിത്രം. പക്ഷേ തമ്മിലടിയായി...പൊട്ടിത്തെറിയായി.. വിഴുപ്പലക്കലായി. 

താൻ ജിഹാദിയാണെന്നും തനിക്ക് അവിഹിതബന്ധങ്ങളുണ്ടെന്നും ടിനി ടോം പ്രചരിപ്പിച്ചതാണ് ജോയൻ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ കാരണമെന്നാണ് അൻസിബ ഹസൻ ആരോപിച്ചത്. താന്‍ ആരോട് സംസാരിച്ചാലും അവിഹിതക്കഥകളുണ്ടാക്കും. പലരേയും മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്നും പലരുമായും അവിഹിതമുണ്ടെന്ന് പ്രചരിപ്പിച്ചുവെന്നും അന്‍സിബ പറയുന്നു. ഒരു വനിത എക്സിക്യൂട്ടിവ് അംഗം തനിക്കെതിരെ വ്യാജപരാതി നല്‍കിയെന്നും അന്‍സിബ പറഞ്ഞു. എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ചു ടിനി ടോം. താൻ ആരോടും മോശമായി ഇടപെട്ടിട്ടില്ലെന്നും സംഘടനക്കുള്ളിലെ പ്രശ്നം സംഘടനക്കുള്ളിൽ തീർക്കണമെന്നുമായിരുന്നു  ടിനി ടോമിൻ്റെ പ്രതികരണം. അന്‍സിബയുടെ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് നടി പ്രയങ്കയും പ്രതികരിച്ചു.

അൻസിബയുടെ ആരോപണം ആസൂത്രിത നീക്കമാണെന്നായിരുന്നു അമ്മ പ്രസിഡൻ്റ് ശ്വേത മേനോൻ ആരോപിച്ചത്. അൻസിബയ്ക്കെതിരെ പൊലീസിൽ ലഭിച്ച പരാതിയിൽ അമ്മയ്ക്ക് ഇടപെടാനാകില്ലെന്നും ശ്വേത പറഞ്ഞു.  എന്നാല്‍ അമ്മ എക്സിക്യൂട്ടീവ് പിരിച്ചു വിടണമെന്നും ടിനി ടോമിനെ പുറത്താക്കണമെന്നും പറഞ്ഞ് അന്‍സിബ തിരിച്ചടിച്ചു. ടിനി ടോമിനെതിരെ നിയമപരമായി നീങ്ങുന്നത് ആലോചിച്ചിട്ടില്ലെന്നും അൻസിബ പറയുന്നു. 

അന്‍സിബയ്ക്ക് പിന്നാലെ ടിനിടോമിനെതിരെ അമ്മയില്‍ ഗുരുതര പരാതിയുമായി നടി നീനാ കുറുപ്പും ഇതിനിടെ രംഗത്തെത്തി. അമ്മ കുടുംബസംഗമത്തില്‍ ടിനി ടോം തന്നെ അപമാനിച്ചെന്നായിരുന്നു നീനയുടെ പരാതി. പരസ്യമായി അസഭ്യവും അശ്ലീലവും പറഞ്ഞു. ഭീഷണിപ്പെടുത്തുകയുംആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. തനിക്ക് നേരിട്ട അനുഭവം നീനാ കുറുപ്പിനോട് പറഞ്ഞിരുന്നു എന്ന് അന്‍സിബ നേരത്തെ പറഞ്ഞിരുന്നു. നീനകുറുപ്പിന്‍റെ പരാതിയില്‍ തെളിവുണ്ടെങ്കില്‍ കാണിക്കട്ടെ എന്നായിരുന്നു ടിനി ടോമിന്റെ മറുപടി.

പ്രതികരണങ്ങളും ആരോപണങ്ങളുമായി രംഗം കൊഴുത്തപ്പോള്‍ അമ്മ വീണ്ടും വിവാദങ്ങളുടെ കേന്ദ്രമായി. ഭാരവാഹികള്‍ക്കിടയിലെ അസ്വാരസ്യങ്ങളും പടലപ്പിണക്കങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിക്കപ്പെട്ടതോടെ വിവാദം ബഹുമുഖ രൂപത്തിലേക്ക് മാറി. അമ്മ ഓഫീസ് , ജനറൽ സെക്രട്ടറി അധോലോകമാക്കിയെന്നും  പ്രസിഡൻ്റിനെ ഒന്നും അറിയിക്കുന്നില്ലെന്നും പറഞ്ഞ് വൈസ് പ്രസിഡൻ്റ് ലക്ഷ്മി പ്രിയ രംഗത്തെത്തി. ടിനി ടോമിനെതിരെ അൻസിബ ഹസനും നീന കുറുപ്പും ഗുരുതരമായ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് അമ്മയിലെ ചേരിതിരിവ് വെളിവാക്കി ലക്ഷ്മി പ്രിയ വാർത്താസമ്മേളനം നടത്തിയത്. 

ഫെബ്രുവരി 13ന് നടന്ന കുടുംബസംഗമത്തിന്റെ നടത്തിപ്പും അതിന്റെ സ്പോൺസർഷിപ്പിനെ ചൊല്ലിയും അമ്മയിലുണ്ടായ തർക്കങ്ങളാണ്  പരസ്യമായ വിഴുപ്പലക്കലിലേക്ക് നേതൃനിരയെ എത്തിച്ചത്. ഇതോടെ അൻസിബ ഹസൻ നടത്തിയ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം നീന കുറുപ്പ് ടിനി ടോമിനെതിരെ നൽകിയ പരാതിയും പുറത്തായി. ടിനി അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് നീന മേയ് 12ന് അമ്മയ്ക്ക് നൽകിയ പരാതിയിൽ പറഞ്ഞത്. എന്നാൽ ടിനിയെ പ്രതിരോധിച്ച ലക്ഷ്മി പ്രിയ അമ്മയിലെ കടുത്ത ചേരിതിരിവ് വെളിവാക്കി ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ ആഞ്ഞടിച്ചു.

ചേരിതിരിവിനിടെ ടിനി ടോമിനെതിരെയുള്ള പരാതികളിൽ അമ്മ എന്ത് നടപടി സ്വീകരിക്കുമെന്നാണ് അറിയേണ്ടത്.  അൻസിബയ്ക്ക് പിന്തുണയുമായി എത്തിയ WCC അമ്മ നേതൃത്വത്തിൽ സ്ത്രീ വന്നിട്ടും മാറ്റമില്ലെന്ന് ആരോപിച്ചു. അമ്മ ഭരണസമിതി രാജിവയ്ക്കണമെന്ന് മാല പാർവതിയും ആവശ്യപ്പെട്ടു.

താരസംഘടനയായ അമ്മയുടെ കുടുംബസംഗമം നടത്തിപ്പിൽ വീഴ്ചയുണ്ടെന്ന് ആവർത്തിച്ച് മുൻ ജോയൻ്റ് സെക്രട്ടറി അൻസിബ ഹസൻ ഇതിനിടെ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തി. കുടുംബസംഗമം സ്പോൺസർ ചെയ്യാൻ വെണ്ണലയിലെ ക്ഷേത്രം അമ്മ കരാർ ഉണ്ടാക്കിയത് തെറ്റാണ്. സ്പോൺസറുമായുള്ള കരാർ പാലിക്കാത്തതിനാൽ 75ലക്ഷം രൂപയിൽ 30ലക്ഷം മാത്രമാണ് അമ്മയ്ക്ക് ലഭിച്ചതെന്നും അൻസിബ മനോരമ ന്യൂസിനോട് പറഞ്ഞു. അമ്മ സംഘടനയ്ക്ക് ബൈലോ പ്രകാരം ഡൊണേഷൻ സ്വീകരിക്കാനെ കഴിയൂവെന്നും കുടുംബസംഗമം നടത്തിപ്പിന് സ്പോൺസർഷിപ് കരാർ ഉണ്ടാക്കിയത് തെറ്റാണെന്നുമാണ് അൻസിബ യുടെ വാദം. 

ദല്ലാൾ നന്ദകുമാറിന് ബന്ധമുള്ള വെണ്ണലയിലെ ക്ഷേത്രമാണ് കഴിഞ്ഞ ഫെബ്രുവരിയിലെ കുടുംബസംഗമം സ്പോൺസർ ചെയ്തത്. പക്ഷേ മുസ്ലിമായതിനാലാണ് താൻ ഇതിനെ എതിർക്കുന്നതെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗങ്ങൾ പറഞ്ഞതായി ക്ഷേത്രക്കമ്മറ്റിക്കാർ തന്നോട് പറഞ്ഞെന്നും അന്‍സിബ വിശദീകരിക്കുന്നു. കരാറിൽ പാലിക്കാത്തതിനാൽ 75ലക്ഷത്തിൽ അമ്മയ്ക്ക് കിട്ടിയത് 30ലക്ഷം മാത്രമാണ്. 

ശ്വേത മേനോൻ ഇടപെട്ട് വെണ്ണല ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പ് എത്തിച്ചതിന് പിന്നാലെയാണ്  അമ്മ ഭരണസമിതിയിൽ ചേരിതിരിവ് ഉണ്ടായത്. സ്പോൺസർഷിപ് എതിർത്തതിന്റെ പേരിലാണ് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ലക്ഷ്മി പ്രിയ തനിക്കെതിരെ കുടുംബപ്രശ്നം കാണിച്ച് വ്യാജ പരാതി നൽകിയതെന്നും ഇതിന് ശ്വേത മേനോൻ്റെ പിന്തുണയും ഉണ്ടായിരുന്നുവെന്നും അൻസിബ പറയുന്നു.

അമ്മയിലെ ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് പിന്നില്‍ എന്താണ് കാരണം.  തന്നെ ലക്ഷ്യം വച്ചുള്ള നീക്കമാണോയെന്ന് സംശയിക്കുന്നതായാണ് അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ പറയുന്നത്. സ്ത്രീ തലപ്പത്ത് വന്നത് അംഗീകരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടെന്നും ശ്വേത മേനോന്‍ കൂട്ടിച്ചേര്‍ത്തു. സംഘടനയ്ക്കുള്ളിലെ കാര്യങ്ങള്‍ എല്ലാവരും ഒന്നിച്ചിരുന്ന് കേള്‍ക്കണം. ഭരണസമിതിക്കുള്ളിലെ ആശയവിനിമയത്തില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നും അമ്മ പ്രസിഡന്റ്  പറഞ്ഞു.

അമ്മ സംഘടനയുടെ നേതൃത്വത്തിലും കമ്മിറ്റികളിലും പക്വതയില്ലാത്തവര്‍ കയറിക്കൂടിയതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് നടന്‍ ജോയ് മാത്യു. ടിനി ടോം അന്‍സിബയെ ജിഹാദിയെന്നു വിളിച്ചതായി കരുതുന്നില്ല. വര്‍ഗീയ ചിന്ത കൊണ്ടുനടക്കുന്ന ആളല്ല ടിനി ടോമെന്നും ജോയ് മാത്യു മനോരമ ന്യൂസിനോട് പറഞ്ഞു.