എച്ച്ബിഒ സീരിസായ 'യൂഫോറിയ' മൂന്നാം സീസണ്‍ പ്രദര്‍ശനം തുടരുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന സീരിസിലെ ഏഴാമത്തെ എപ്പിസോഡ് അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഈ എപ്പിസോഡില്‍ നടന്‍ ജേക്കബ് എലോര്‍ഡി മണ്ണിനടിയില്‍ ശവപ്പെട്ടിയില്‍ പാമ്പിനൊപ്പം കിടക്കുന്ന രംഗമുണ്ടായിരുന്നു. 

ശവപ്പെട്ടിയില്‍ ഘടിപ്പിച്ചിരിക്കുന്ന കുഴലിലൂടെ വിഷമുള്ള അണലി വരുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. വിഷപാമ്പിന് പകരം വിഷമില്ലാത്ത ബോവ കണ്‍സ്ട്രക്റ്റര്‍ എന്ന പാമ്പിനെയാണ് സംവിധായകൻ സാം ലെവിൻസൺ ഈ രംഗത്തില്‍ ഉപയോഗിച്ചത്.

ഈ ഭീകരമായ രംഗം ചിത്രീകരിച്ചതെങ്ങനെയെന്ന് വിശദീകരിക്കുകയാണ് ജേക്കബ്. സ്ക്രീനില്‍ ഭീകരമായി തോന്നുമെങ്കിലും ഈ രംഗം തനിക്ക് സമാധാനപരമായിരുന്നുവെന്ന് ജേക്കബ് പറഞ്ഞു. ചിത്രീകരണത്തിന് ഉപയോഗിച്ച പാമ്പ് വളരെ ക്യൂട്ടും ലാളന ഇഷ്ടപ്പെടുന്നതുമായിരുന്നു എന്ന് ജേക്കബ് എലോർഡി തമാശയായി പറഞ്ഞു. 

ശരീരം പെട്ടിയുടെ വശങ്ങളില്‍ തട്ടുന്നുണ്ടായിരുന്നു. കൈകള്‍ അനക്കാനായില്ല. പാമ്പ് ഒരു മടിയനായിരുന്നു. അത് ഒന്ന് അനങ്ങാന്‍ എനിക്ക് പതുക്കെ തട്ടിയുണർത്തേണ്ടി വന്നു. അതൊരു വിഷപ്പാമ്പാണെന്ന് പ്രേക്ഷകരെ വിശ്വസിപ്പിക്കാൻ അണിയറപ്രവർത്തകർ അതിന്റെ വാലിൽ കൃത്രിമമായ ഒരു 'റാറ്റിൽ' ഘടിപ്പിച്ചിരുന്നു. പിന്നീട് പോസ്റ്റ്-പ്രൊഡക്ഷൻ സമയത്ത് ഭയപ്പെടുത്തുന്ന ശബ്ദങ്ങളും കൂട്ടിചേർത്തു. സ്ക്രീനിൽ അതീവ ഭീതിജനകമായി തോന്നിയ ഈ രംഗം, ഇരുണ്ട പെട്ടിക്കുള്ളിൽ ഇരുന്നപ്പോൾ തനിക്ക് വളരെ സമാധാനമാണ് നൽകിയതെന്നും ജേക്കബ് പറഞ്ഞു. 

ENGLISH SUMMARY:

Euphoria season 3 features a shocking snake scene with Jacob Elordi, where the actor reveals the snake was a non-venomous boa constrictor, not a venomous one, and the filming process was surprisingly peaceful for him.