പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഏവരുടേയും മനസ് നിറച്ച സംഭവമായിരുന്നു വേദിയിലേക്ക് വി.ഡി.സതീശനെ കാണാനെത്തിയ അമ്മാളുഅമ്മ. മുഖ്യമന്ത്രിയെ കാണാനായി അദ്ദേഹത്തിനൊപ്പമുള്ള ചിത്രവുമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന അമ്മാളുഅമ്മയെ വി.ഡി.സതീശന്‍റെ സ്റ്റാഫ് ഇടപെട്ട് വേദിയിലേക്ക് എത്തിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയെ പുണര്‍ന്ന അമ്മാളുഅമ്മയെ സതീശന്‍ തന്നെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു.
അമ്മാളുഅമ്മ ചേര്‍ത്തുപിടിച്ച ചിത്രങ്ങളില്‍ വി.ഡി.സതീശനൊപ്പം മമ്മൂട്ടിയുമുണ്ടായിരുന്നു. സതീശനെ മകനെ പോലെ കാണുന്ന അമ്മാളുഅമ്മ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ്. അതും സാധാരണ ആരാധനയല്ല. തപസ് പോലെയുള്ള ആ ആരാധയെ പറ്റി സംസാരിക്കുകയാണ് നടി സീമ ജി.നായര്‍.
സീമയുടെ വാക്കുകള്‍; 'ഇന്നലെ വിഡിഎസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിറഞ്ഞു നിന്നത് ഈ അമ്മാളു അമ്മയായിരുന്നു. കുറേ മാസങ്ങൾക്കു മുന്നേ പറവൂരുള്ള രാധിക മുഖേന മമ്മൂക്കയെ കാണണമെന്നുള്ള വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെ വിവരം എന്നിലേക്കെത്തി. ഞാൻ രമേഷ് പിഷാരടിയെ അതറിയിച്ചു. പിഷാരടി മുഖേന അമ്മാളു അമ്മക്ക് മമ്മൂക്കയെ കാണാൻ സാധിച്ചു. സമ്മാനങ്ങളും നൽകിയാണ് മമ്മൂക്ക അമ്മാളുഅമ്മയെ യാത്രയാക്കിയത്.
അത് വെറുമൊരു താരാരാധന ആയിരുന്നില്ല. ഒരു തപസുപോലെയായിരുന്നു ആ കാത്തിരിപ്പ്. അദ്ദേഹം അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്. ഇന്നലെ വീണ്ടും ടിവിയിൽ അമ്മാളു അമ്മയെ കാണുമ്പോൾ മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം മമ്മൂക്കയുടെ ചിത്രവും ഉണ്ടായിരുന്നു. ആ ചടങ്ങു നടക്കുന്ന സ്ഥലത്തും, ആ ചിത്രവുമായാണ് അവര് പോയത്, അത് കണ്ടപ്പോൾ അമ്മയുടെ ഒരു വലിയ സന്തോഷത്തിനു ഞാൻ ചെറിയ കാരണമായല്ലോ എന്നോർത്ത് അഭിമാനം തോന്നി. ഇതൊക്കെയാണ് ജീവിതത്തിലെ വലിയ സന്തോഷങ്ങൾ'.