Image Credit : Instagram
സൂരജ് നമ്പ്യാരുമായുള്ള വിവാഹമോചനവാര്‍ത്ത സ്ഥിരീകരിച്ച് നടി മൗനി റോയ്. സൂരജും മൗനിയും ചേര്‍ന്ന് പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിലാണ് വിവാഹമോചനം സ്ഥിരീകരിച്ചിരിക്കുന്നത്. പരസ്പര ധാരണയോടെയാണ് പിരിയാനുളള തീരുമാനമെടുത്തതെന്ന് ഇരുവരും പോസ്റ്റിലൂടെ വ്യക്തമാക്കി.
മൗനിയും സൂരജും പങ്കുവച്ച കുറിപ്പ്
'ചില മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഞങ്ങളുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. അതില്‍ ഞങ്ങള്‍ അതൃപ്തി രേഖപ്പെടുത്തുന്നു. ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചുവെന്നും, ഈ കാര്യങ്ങൾ സ്വകാര്യമായും സൗഹൃദപരമായും കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ സമയം എടുക്കുകയാണെന്നും അറിയിക്കാൻ ആഗ്രഹിക്കുന്നു. യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കെട്ടിച്ചമച്ച കഥകളും പച്ചക്കള്ളങ്ങളും പ്രചരിപ്പിച്ചുകൊണ്ട് ഞങ്ങളുടെ സ്വകാര്യ ജീവിതത്തെ വിവാദമാക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. മാറുന്ന വ്യക്തിപരമായ മുൻഗണനകളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചതിനുശേഷം, പരസ്പര ബഹുമാനത്തോടും ധാരണയോടും കൂടി വ്യത്യസ്ത വഴികളിലൂടെ മുന്നോട്ട് പോകാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനമെടുത്തു' മൗനി കുറിച്ചു.
'ഈ ഘട്ടത്തിൽ, കാര്യങ്ങൾ വളരെ ചിന്താപരമായും സ്വകാര്യമായും കൈകാര്യം ചെയ്യാനാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വരും കാലങ്ങളിലും ഞങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കാൻ ഞങ്ങൾ പരിശ്രമിക്കും. ഈ സമയത്ത് നിങ്ങൾ നൽകുന്ന പിന്തുണയ്ക്കും ഞങ്ങളുടെ സ്വകാര്യതയോടുള്ള ബഹുമാനത്തിനും ധാരണയ്ക്കും ഞങ്ങൾ ആത്മാർത്ഥമായി നന്ദി പറയുന്നു' എന്നുപറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
മൗനിയും മലയാളിയായ സൂരജും തമ്മിലുളള വിവാഹം 2022 ജനുവരിയിലാണ് നടന്നത്. ഗോവയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ശേഷം ഇരുവരുമൊത്തിച്ചുളള ചിത്രങ്ങളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയിരുന്നു. മൗനിയും സൂരജും സാമൂഹികമാധ്യമങ്ങളിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് വിവാഹമോചന അഭ്യൂഹങ്ങൾ പരന്നത്.