ഏറെ പ്രതീക്ഷയോടെത്തിയ ഹിന്ദി ചിത്രം 'ഹൈവാന്‍റെ' പരാജയത്തിന് പിന്നാലെ ഇനി താന്‍ പരീക്ഷണത്തിനില്ലെന്ന് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ പ്രിയദര്‍ശന്‍. സെപ്റ്റംബർ 11-ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും അത് തനിക്ക് നിരാശ ഉണ്ടാക്കിയിട്ടില്ലെന്ന് പ്രിയദര്‍ശന്‍ തുറന്നു പറയുന്നു. 48 വർഷത്തെ സിനിമാജീവിതത്തിൽ ഒട്ടനവധി ഹിറ്റുകളും ഫ്ലോപ്പുകളും കണ്ടിട്ടുണ്ട്, ഇത്തരം പ്രതിസന്ധികൾ കരിയറിന്റെ ഭാഗം മാത്രമാണെന്നും പ്രിയന്‍ തുറന്നു പറയുന്നു.
ഹിന്ദി പ്രേക്ഷകർ തന്നിൽ നിന്ന് കോമഡി ചിത്രങ്ങൾ മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന തിരിച്ചറിവാണ് ഹൈവാന്‍റെ പരാജയം തനിക്ക് നൽകിയതെന്ന് സംവിധായകൻ പറയുന്നു. 2000 ല്‍ പുറത്തിറങ്ങിയ 'ഹെരാ ഫേരി' എന്ന ചിത്രത്തിന് ശേഷം ബോളിവുഡ് പ്രേക്ഷകർ തന്നെ ഒരു കോമഡി സംവിധായകനായി മാത്രമാണ് കാണുന്നത്. കാലാപാനി, കാഞ്ചീപുരം, മരക്കാർ: അറബിക്കടലിന്റെ സിംഹം തുടങ്ങിയ ഗൗരവമേറിയ ചിത്രങ്ങളും നിരവധി രാഷ്ട്രീയ ചിത്രങ്ങളും ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ താന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഹിന്ദി കരിയർ ആരംഭിച്ചപ്പോള്‍ 1993 ല്‍ ഗർദിഷ്, 1997 ല്‍ വിരാസത് തുടങ്ങിയ ഗൗരവമേറിയ ഹിറ്റ് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. എന്നാൽ ഹെരാ ഫേരിക്ക് ശേഷം തന്‍റെ സിനിമകളോടുള്ള പ്രേക്ഷകരുടെ കാഴ്ചപ്പാട് മാറിയെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രേക്ഷകരുടെ പ്രതീക്ഷകൾ കണക്കിലെടുത്ത് ഇനി ഹിന്ദിയിൽ വ്യത്യസ്തമായ പരീക്ഷണങ്ങൾക്ക് മുതിരില്ലെന്നാണ് തീരുമാനം. 'പ്രേക്ഷകരുടെ ഡിമാൻഡ് അതാണെങ്കിൽ പിന്നെ ഞാന്‍ എന്തിനാണ് മറ്റ് ജനുസുകല്‍ പരീക്ഷണം നടത്തുന്നത്? പ്രേക്ഷകർ ആഗ്രഹിക്കുന്ന സിനിമകളുമായി ഇനി ഗാലറിക്കുവേണ്ടി കളിക്കും'- പ്രിയദര്‍ശന്‍ നയം വ്യക്തമാക്കി. അതേസമയം ഗൗരവമേറിയ, അർഥവത്തായ സിനിമകൾ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ പരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്ഷയ് കുമാറിനെ നായകനാക്കി കോമഡി ട്രാക്കില്‍ ഒരുക്കിയ ഭൂത് ബംഗ്ലാവിന്റെ മികച്ച വിജയത്തിനു ശേഷം പ്രിയദര്‍ശന്‍ ഹിന്ദിയില്‍ ഒരുക്കിയ ചിത്രമായിരുന്നു ഹൈവാന്‍. പ്രിയദർശൻ തന്നെ മോഹൻലാലിനെ നായകനാക്കി 2016-ൽ മലയാളത്തിൽ സൂപ്പർഹിറ്റാക്കിയ ഒപ്പം എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു ചിത്രം. അന്ധനായ നായകനായി സെയ്ഫ് അലി ഖാനും സൈക്കോ കില്ലറായി അക്ഷയ് കുമാര്‍ വില്ലന്‍ വേഷത്തിലെത്തി 100 കോടിയോളം ബജറ്റിലൊരുക്കിയ ചിത്രം ബോക്സോഫീസില്‍ 15 കോടിയോളം മാത്രമാണ് കളക്ഷന്‍ നേടിയത്.
മലയാളത്തില്‍ കരിയര്‍ ആരംഭിച്ച് ബോളിവുഡിലും തന്‍റെതായ മേല്‍വിലാസം നേടിയ സംവിധായകന്‍ ഇനി കരിയറിലെ നൂറാം സിനിമയുടെ അണിയറയിലേക്ക് കടക്കുകയാണ്. ആദ്യ സിനിമയിലെ നായകന്‍ മോഹന്‍ലാല്‍ തന്നെ നൂറാം സിനിമയിലും നായകനാകുമെന്ന് നേരത്തെ പ്രിയദര്‍ശന്‍ അനൗണ്‍സ് ചെയ്തിരുന്നു. അതുകൊണ്ടു തന്നെ നൂറാം ചിത്രം മലയാളത്തിലാണ് പ്രിയദര്‍ശന്‍ ഒരുക്കുന്നത്.