Image: Social Media
ഞായറാഴ്ചയാണ് നടനും തമിഴക വെട്രി കഴകം സ്ഥാപകനുമായ സി.ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രീയ പ്രമുഖരും വന്‍ താരനിരയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇതിനിടയില്‍ ചര്‍ച്ചയായത് വിജയ്‌യുടെ ഭാര്യ സംഗീത, മകന്‍ ജേസണ്‍ സഞ്ജയ്, മകള്‍ ദിവ്യ എന്നിവരുടെ അസാന്നിധ്യമാണ്. കൂടാതെ വിജയ്‌യുടെ മകന്‍ തന്‍റെ പേരിന്‍റെ ഇനീഷ്യലിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണെന്നും ജേസണ്‍ സഞ്ജയ് വി എന്നതിന് പകരം ഇനി അമ്മയുടെ പേരിന്‍റെ ആദ്യാക്ഷരമായ എസ് ആയിരിക്കും ഉപയോഗിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തേ ജേസണ്‍ വിജയ്‌യെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതും വലിയ വാർത്തയായിരുന്നു.
ഇപ്പോളിതാ ജേസണെ കുറിച്ചും തങ്ങള്‍ തമ്മിലുള്ള അച്ഛന്‍– മകന്‍ ബന്ധത്തെ കുറിച്ചും വിജയ് മുന്‍പ് പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. 2022-ൽ ബീസ്റ്റിന്റെ പ്രമോഷനുകൾക്കിടയിൽ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മകനെ കുറിച്ച് വിജയ് തുറന്ന് സംസാരിച്ചത്. ജേസണ്‍ അഭിനയം തുടരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് എന്ത് തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം അവനുണ്ടെന്നാണ് വിജയ് പറഞ്ഞത്. അവന്‍റെ മനസിലുള്ളത് എന്താണെന്ന് തനിക്കറിയില്ലെന്നും മകനെ അഭിനയത്തിലേക്ക് കൊണ്ടുവരാൻ താൻ ഒരിക്കലും സമ്മർദം ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അവന് തന്‍റെ സപ്പോര്‍ട്ട് ആവശ്യമാണെന്ന് തോന്നിയാല്‍ പിന്തുണയ്ക്കും. അല്ലാതെ അത് ചെയ്യണം ഇത് ചെയ്യണം എന്ന് താന്‍ പറയില്ലെന്നും വിജയ് പറഞ്ഞിരുന്നു. മകന്റെ സിനിമാ അരങ്ങേറ്റത്തിനായി നിരവധി സംവിധായകർ തന്നെ സമീപിച്ചിരുന്നുവെന്നും എന്നാൽ തീരുമാനം പൂർണ്ണമായും ജേസണ് തന്നെ വിട്ടുകൊടുത്തുവെന്നും താരം പറയുകയുണ്ടായി. പലരും സിനിമയെ കുറിച്ച് ചോദിക്കുന്നതായി മകനെ അറിയിച്ചിട്ടുണ്ട് എന്നാല്‍ അപ്പോളെല്ലാം കുറച്ച് വർഷത്തേക്ക് തന്നെ ശല്യപ്പെടുത്തരുത്. ഇപ്പോൾ അതിനോട് താല്‍പര്യമില്ല എന്നായിരുന്നു മകന്‍റെ മറുപടിയെന്നും വിജയ് പറഞ്ഞിരുന്നു.
മുന്‍പ് ‘പ്രേമ’ത്തിന്‍റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ മകന് വേണ്ടി ഒരു തിരക്കഥയുമായി എത്തിയിരുന്നെന്നും എന്നാല്‍ അന്ന് അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്ന് മകന്‍ പറഞ്ഞതായും വിജയ് അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നുണ്ട്. സത്യത്തില്‍ ആ കഥ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്നും. ജേസണ്‍ അത് സ്വീകരിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും വിജയ് പറഞ്ഞിരുന്നു. ‘ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കണോ അതോ മുന്നില്‍ നില്‍ക്കണോ എന്നത് അവന്‍റെ തീരുമാനമാണ്. അവന്‍ എന്ത് തിരഞ്ഞെടുത്താലും ഞാൻ സന്തോഷിക്കും’ അന്ന് വിജയ് പറഞ്ഞു.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് മക്കളും വിജയ്‌യുമായുള്ള ബന്ധം സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നാണ്. പ്രത്യേകിച്ചും വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയതു മുതല്‍. ഹര്‍ജിയില്‍ ഒരു നടിയുമായി വിജയ്ക്ക് വിവാഹേതരബന്ധമുണ്ടെന്ന ആരോപണവുമുണ്ട്. വിജയ്‌യുടെ സത്യപ്രതിജ്ഞയില്‍ മാത്രമല്ല, തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഭാര്യയോ മക്കളോ പങ്കെടുത്തിരുന്നില്ല.