vishal-vijay

തമിഴ്മുഖ്യമന്ത്രി വിജയ്​യുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അഭിനന്ദനവും ഒപ്പം കുറച്ച് നിര്‍ദേശങ്ങളുമായി നടന്‍ വിശാല്‍. 32 വര്‍ഷമായി വിജയ്​യെ നേരിട്ട് അറിയാമെന്നും സാര്‍ എന്ന് അഭിസംബോധന ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും വിശാല്‍ പറഞ്ഞു. 

'നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞാൻ എപ്പോഴും വിളിക്കാൻ ഇഷ്ടപ്പെടുന്നതുപോലെ ദളപതി വിജയ് സാറിന് തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നമ്മുടെ ചലച്ചിത്ര മേഖലയിൽ നിന്നൊരാൾ സർക്കാരിനെ നയിക്കാൻ വരുന്നത് കാണുന്നതിൽ വലിയ സന്തോഷമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ എം.എൽ.എമാർക്കും ഭാവി മന്ത്രിമാർക്കും എന്റെ ആശംസകൾ നേരുന്നതോടൊപ്പം ഇത് നമ്മുടെ സംസ്ഥാനത്തിന്റെ സുവർണ്ണ കാലഘട്ടമായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 

പ്രിയപ്പെട്ട മുഖ്യമന്ത്രി വിജയ് സാർ, കഴിഞ്ഞ 32 വർഷമായി എനിക്ക് നേരിട്ട് അറിയാവുന്ന ഒരാളെ ഇപ്പോൾ 'സാർ' എന്ന് അഭിസംബോധന ചെയ്യുന്നതിൽ വലിയ അഭിമാനമുണ്ട്. ഒരു വോട്ടർ എന്ന നിലയിൽ താങ്കളോട് ചില കാര്യങ്ങൾ പ്രത്യേകം അഭ്യർത്ഥിക്കുകയാണ്. മുഖ്യമന്ത്രി വസതിയിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് പോകുമ്പോഴും മറ്റും വഴിനീളെ വെയിലത്ത് നിൽക്കേണ്ടി വരുന്ന വനിതാ കോൺസ്റ്റബിൾമാരുടെ ബുദ്ധിമുട്ടുകൾ താങ്കൾ ശ്രദ്ധിക്കുമെന്ന് കരുതുന്നു. അവർക്കായി മൊബൈൽ ടോയ്‌ലറ്റുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. 

ഒരുപാട് വാഗ്ദാനങ്ങൾ പാലിക്കാനുണ്ടെന്ന് അറിയാം, എങ്കിലും കഴിഞ്ഞ 30 വർഷമായി മാറ്റമില്ലാതെ തുടരുന്ന റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കുക, വെള്ളക്കെട്ട് ഒഴിവാക്കുക, ശാസ്ത്രീയമായ രീതിയിൽ മലിനജല ഓടകൾ യാഥാർത്ഥ്യമാക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ അടിയന്തര ശ്രദ്ധ വേണം. സാധാരണക്കാരന്റെ ഇത്തരം ആവശ്യങ്ങൾ നിറവേറ്റുന്നത് മുൻപൊരു നേതാവും ചെയ്യാത്ത വലിയൊരു മാറ്റത്തിന് തുടക്കമിടാൻ താങ്കളെ സഹായിക്കും. പൊതുജനങ്ങൾക്ക് നല്ലത് ചെയ്യാൻ ആവശ്യമായ എല്ലാ കരുത്തും പോസിറ്റിവിറ്റിയും ദൈവം താങ്കൾക്ക് നൽകട്ടെ,' വിശാലിന്‍റെ വാക്കുകള്‍. 

ENGLISH SUMMARY:

Actor Vishal has congratulated Thalapathy Vijay on becoming the Chief Minister of Tamil Nadu and offered some suggestions. Vishal expressed his pride in knowing Vijay for 32 years and addressed him with respect, hoping for a golden era for the state under his leadership.