തമിഴ് നടൻ വിക്രം 60 ആം ജന്മദിനത്തിൽ തന്റെ അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് വളരെ വേഗം ട്രെൻഡായി മാറിയിരുന്നു. താരങ്ങളും ഇൻഫ്ലുവെൻസേഴ്‌സും ഉൾപ്പെടെ കേരളത്തിലും നിരവധിപ്പേർ വിക്രമിന്റെ വിഡിയോയ്ക്ക് റിയാക്ഷൻ വിഡിയോ ചെയ്തിരുന്നു. കേരള പൊലീസും ഈ റിയാക്ഷൻ ട്രന്റിനൊപ്പം ചേർന്നത് ശ്രദ്ധേയമായിരുന്നു. അതേസമയം ഇത്തരത്തിൽ വിഡിയോ ചെയ്ത ഒരു യുവാവ് വിക്രമിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കയാണ്. 

'ബല്ലാത്ത ജാതി' എന്ന ശൈലിയിലൂടെ ശ്രദ്ധേയമായ 'ഡബ്ബർ ഗഡി' എന്ന ഇൻസ്റ്റഗ്രാം പേജിയിലൂടെയാണ് യുവാവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.  താൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ വിക്രം റിമൂവ് ചെയ്തുവെന്നാണ് ആരോപണം. ഹമീം അസീസ് എന്ന യുവാവാണ് ആരോപണം ഉന്നയിച്ചത്.

'ചിയാൻ വിക്രമിന്റെ വിഡിയോയ്ക്ക് എല്ലാവരും ചെയ്ത പോലെ തന്നെ ഒരു റിയാക്ഷൻ വിഡിയോ ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിൽ അത് വൈറലാവുകയും 40 മില്ല്യൺ (4 കോടി) ആളുകൾ കാണുകയും ചെയ്തു. പിന്നാലെ വിക്രമിന്റെ പിആർ ടീം ബന്ധപ്പെട്ടു. അവർക്കൊപ്പം വിക്രമിന്റെ കേരള ഫാൻസ്‌ അസോസിയേഷന്റെ ചുമതലയുള്ളവരും ഉണ്ടായിരുന്നു'. 

'വിഡിയോ ഡിലീറ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. പകരം വിക്രമിനെ കാണിച്ചുതരാമെന്ന് വാഗ്ദാനവും ചെയ്തു. ധ്രുവ് വിക്രം ലൈക്ക് ചെയ്തിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോൾ, ആ ലൈക്ക് റിമൂവ് ആക്കി. പിന്നീട് വിക്രമനെ കണ്ടാൽ വിഡിയോ ഡിലീറ്റ് ചെയ്യാമെന്ന് ഞാൻ പറഞ്ഞു. എന്നാൽ അവർ ഭീഷണിപ്പെടുത്തി, വിഡിയോ റിമൂവ് ആക്കി'– ഹമീം പറയുന്നു. '

അനുവാദം ഇല്ലാതെ ക്ലിപ്പുകൾ ഉപയോഗിച്ചു എന്ന പേരിൽ 'മെയിൽ ടു ചിയാൻ' എന്ന അക്കൗണ്ടിൽ നിന്നാണ് വിഡിയോ റിപ്പോർട്ട് ചെയ്തതെന്നും ഹമീം വ്യക്തമാക്കി. അതേസമയം ഇത്തരത്തിൽ വിഡിയോ ചെയ്ത മറ്റ് പലർക്കും വിക്രമിന്റെ അക്കൗണ്ടിൽ നിന്ന് ലൈക്കുകളും കമന്റുകളും ലഭിച്ചിരുന്നു. വിക്രമിന്റെ ഈ വിഡിയോ ഇതുവരെ 55.9 മില്ല്യൺ ആളുകളാണ് കണ്ടത്. 

ENGLISH SUMMARY:

Actor Vikram's recent video has sparked a controversy after a content creator, Hameem Azeez, alleged that his reaction video was deleted. This incident has gained significant attention on social media, with both fans and the Kerala Police engaging with similar reaction videos.