മുഖ്യമന്ത്രി ആരാകണമെന്നുള്ള ചർച്ച കോൺഗ്രസിൽ മുറുകുന്നതിന് ഇടയിൽ അഭിപ്രായം പങ്കുവെച്ച് 'തണ്ണീർമത്തൻ ദിനങ്ങൾ' താരം ഗോപിക രമേശ്. മുഖ്യമന്ത്രി ചർച്ചയിൽ മുൻനിരയിൽ നിൽക്കുന്ന കെ.സി വേണുഗോപാലിനോടുള്ള അഭ്യർഥന എന്ന നിലയിലാണ് ഗോപികയുടെ പോസ്റ്റ്. കെ.സി.വേണുഗോപാലിനോട് ഒരടി പിന്നോട്ട് നിൽക്കാനാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം ആവശ്യപ്പെടുന്നത്.
'പ്രിയപ്പെട്ട കെ.സി.വേണുഗോപാൽ, സാറിന് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഒരു കാര്യം പറയട്ടെ. ദയവു ചെയ്ത് ഒരടി പിന്നോട്ടു മാറി കുറച്ച് ഓറ പോയ്ന്റ്സ് സ്വന്തമാക്കൂ'- വിസ്മയം എന്ന ഹാഷ്ടാഗിനൊപ്പം ഗോപിക രമേശ് കുറിച്ചു. ഓറ പോയ്ന്റ്സ് എന്നത് ജെൻ സി ഉപയോഗിക്കുന്ന ഒരു പുതിയ ട്രെൻഡ് വാക്കാണ്. ഒരാളുടെ പ്രഭാവം അല്ലെങ്കിൽ ആകർഷണീയത അളക്കുന്ന ഒരു സങ്കൽപ്പിക സ്‌കോറാണിത്.
കേരളത്തിൽ റെക്കോർഡ് സീറ്റുകൾ നേടി അധികാരം ഉറപ്പിച്ച യുഡിഎഫിൽ ആരാകണം അടുത്ത മുഖ്യമന്ത്രി എന്ന ചർച്ച സമൂഹ മാധ്യമങ്ങളിലും സജീവമാകുകയാണ്. തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിച്ച വി.ഡി സതീശൻ ആകണം അടുത്ത മുഖ്യമന്ത്രിയെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം. കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ പേരും ഹൈക്കമാൻഡിന്റെ പരിഗണനയിലുണ്ട്.
തണ്ണീർമത്തൻ ദിനങ്ങളിൽ സ്റ്റെഫി എന്ന കഥാപാത്രമായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ഗോപിക രമേശ്. 'വാങ്ക്', ഐഡന്റിറ്റി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷത്തിൽ ഗോപിക എത്തിയിരുന്നു. ‘സ്വീറ്റ് ഹാർട്ട്’ എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.