pooja-hegde-vijay-prediction

Instagram/hegdepooja

തമിഴ്നാട്ടില്‍ വിജയ്‌യുടേയും തമിഴക വെട്രി കഴകത്തിന്‍റേയും വിജയത്തിന് പിന്നാലെ ബോളിവുഡ്– തെന്നിന്ത്യന്‍ നടി പൂജ ഹെഗ്ഡെ ഒരു വിഡിയോ പങ്കുവച്ചു. ജനനായകന്‍റെ സെറ്റില്‍ നിന്നുള്ള വിഡിയോ. നിമിഷങ്ങള്‍ക്കുള്ളില്‍ വിഡിയോ ഹിറ്റായി. കാരണം തമിഴ് സിനിമാ– രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ച ഒരു പ്രവചനമായിരുന്നു ആ വിഡിയോ. തമിഴ്നാട് തിരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന പൂജയുടെ പ്രവചനം. 

തന്‍റെ ഇന്‍സ്റ്റഗ്രാമിലാണ് സെറ്റില്‍ നിന്നുള്ള ദൃശ്യം പൂജ പങ്കുവച്ചത്. ദൃശ്യങ്ങളില്‍ പൂജയെ ആദ്യം കാണാം. ഒരു വൈറ്റ് ബോർഡിൽ തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കും എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. ബാക്കിയെല്ലാം പൂജ കൈകൊണ്ട് മറച്ചുപിടിച്ചു. പിന്നാലെ ചോദ്യത്തിന് ഉത്തരമായി പൂജ വിജയ്‌യെ ചൂണ്ടിക്കാട്ടുന്നു. അപ്പോള്‍ മാത്രമാണ് വിഡിയോയില്‍ വിജയ് പ്രത്യക്ഷപ്പെടുന്നത്. ചിരിച്ചിക്കുന്ന വിജയ് മുഖം കൈകൾകൊണ്ട് മറയ്ക്കുന്നതും വിഡിയോയിലുണ്ട്. ‘സംഭവിക്കുന്നതിന് മുമ്പേ ഞാനിത് പ്രവചിച്ചു. വിജയ് സര്‍, ഇതാ, സ്വപ്‌നങ്ങൾ യാഥാർഥ്യമാവുന്നു’ എന്ന് വിഡിയോ പങ്കുവച്ച് പൂജ കുറിച്ചു. 128 മില്യണ്‍ വ്യൂസാണ് വിഡിയോക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്.

ഇന്‍സ്റ്റഗ്രാമില്‍ മാത്രമല്ല, തന്റെ എക്സ് ഹാൻഡിലിലും പൂജ വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ടിട്ടുണ്ട്. ‘ഓ മൈ ഓ മൈ ഗോഡ്. അഭിനന്ദനങ്ങൾ വിജയ് സർ. ഈ ദളപതി കച്ചേരി ഇനിയും വളര്‍ന്ന് വലുതാകട്ടെ’ എക്സില്‍ പൂജ കുറിച്ചു. 2022-ൽ പുറത്തിറങ്ങിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം പൂജയും വിജയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജനനായകൻ. എന്നാല്‍ സെൻസർഷിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം ചിത്രത്തിന്‍റെ റിലീസ് ഇപ്പോളും അനിശ്ചിതത്തിലാണ്. നേരത്തേ, ടിവികെയുടെ ജയത്തിന് പിന്നാലെ വിജയ് ചിത്രം ‘ഗോട്ടി’ലെ രംഗവും വൈറലായിരുന്നു. ടിഎൻ 07 സിഎം 2026 (തമിഴ്നാട് മുഖ്യമന്ത്രി 2026) എന്ന നമ്പറിലുള്ള കാർ വിജയ് ഓടിക്കുന്നതായിരുന്നു രംഗം. വിജയ് തന്റെ വിജയം നേരത്തേ പ്രവചിച്ചിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. 

അതേസമയം, 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയാണ് ടിവികെ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. വിജയ് ആകട്ടെ പേരമ്പൂർ, തിരിച്ചിറപ്പള്ളി ഈസ്റ്റ് എന്നിങ്ങനെ മല്‍സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു. തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഒരുക്കത്തിലേക്കും ടിവികെ കടന്നിട്ടുണ്ട്. എങ്കിലും കേവലഭൂരിപക്ഷത്തിന് 118 സീറ്റായിരിക്കെ 11 എംഎൽഎമാരുടെ പിന്തുണകൂടി ടിവികെയ്ക്ക് ആവശ്യമാണ്.

Pooja Hegde’s Viral Video:

Following the political victory of Vijay and his party, Thamizhaga Vettri Kazhagam (TVK), actress Pooja Hegde shared a viral video that seems to have predicted the win. Filmed on the sets of their upcoming movie Jananayakan, the video shows Pooja pointing to a whiteboard where she had already written that Vijay would emerge victorious. Sharing the clip on Instagram, she noted that her "prediction" had come true and offered her heartfelt congratulations to the actor-turned-politician. This post follows a massive surge in social media activity where fans also pointed to a scene in Vijay's film GOAT featuring a car with a "CM 2026" number plate as a sign of his foresight. Currently, TVK has emerged as the single largest party in the Tamil Nadu Assembly by securing 108 out of 234 seats. While Vijay won in both constituencies he contested, the party is now seeking the support of 11 more MLAs to reach the majority mark of 118 to form the government.