Image Credit : Instagram & Facebook
സജ്ന–ഫിറോസ് ഖാന്‍ വിഷയം സൈബറിടത്ത് വന്‍ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് തന്‍റെ പേര് വലിച്ചിഴയ്ക്കരുതെന്നും ആരോപണവിധേയയായ ആ താരം താനല്ല എന്നും തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടിയും റിയാലിറ്റി ഷോ താരവുമായ സൂര്യ ജെ മേനോന്‍. സജ്നയും ഫിറോസും മല്‍സരാര്‍ഥികളായിരുന്ന റിയാലിറ്റി ഷോയിലെ മറ്റൊരു മല്‍സരാര്‍ഥിയായിരുന്നു സൂര്യയും.
ഫിറോസ് ഖാന് റിയാലിറ്റി ഷോയിലെ സഹതാരവുമായി ബന്ധമുണ്ടായിരുന്നെന്ന സജ്നയുടെ ആരോപണം വന്‍ ചര്‍ച്ചയായതോടെയാണ് നിലപാട് വ്യക്തമാക്കി സൂര്യ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സൂര്യയുടെ പ്രതികരണം. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് നേരെയാണ് സൂര്യ തന്‍റെ നിലപാട് വ്യക്തമാക്കിയത്. 'മാനസികമായി അധഃപതിച്ച ആളുകൾ' എന്ന അടിക്കുറിപ്പോടെയാണ് സൂര്യ വിഡിയോ പങ്കുവച്ചത്. താന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന കാലം തൊട്ടേ തന്നെ കരിവാരി തേയ്ക്കാന്‍ ശ്രമിക്കുന്നവരുണ്ടെന്നും അവര്‍ സജ്ന ഫിറോസ് വിഷയത്തിലേക്ക് തന്നെ മനപ്പൂര്‍വ്വം വലിച്ചിടുകയാണെന്നും സൂര്യ ആരോപിച്ചു.
സൂര്യയുടെ വാക്കുകള്‍ ഇങ്ങനെ...'റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന കാലം തൊട്ടേ എന്നെ വെറുക്കുന്ന ' ആട്ടിന്‍തോലിട്ട ചില ചെന്നായ്ക്കള്‍' തന്‍റെ പേര് നശിപ്പിക്കാൻ വേണ്ടി ബോധപൂർവം കമന്‍റുകള്‍ ഇടുകയാണ്. മൂന്നാമത് ഒരു വനിതാ മത്സരാർഥി സജ്നയുടെയും ഫിറോസിന്‍റെയും ജീവിതത്തിലേക്ക് ഇൻവോൾവഡ് ആയി എന്നുള്ള ഒരു കാര്യം സജ്ന പങ്കുവച്ച വിഡിയോയില്‍ പറയുന്നുണ്ട്. അത് ഞാനല്ല. സജ്നയുടെയും ഫിറോസിന്‍റെയും കുടുംബജീവിതത്തില്‍ ഒരു ഗസ്റ്റ് അപ്പിയറന്‍സ് പോലും ഞാന്‍ നടത്തിയിട്ടില്ല. സജ്ന ഇപ്പോഴും എന്‍റെ നല്ല സുഹൃത്താണ്. ആ ആട്ടിൻ തോലിട്ട ചെന്നായ്ക്കളോടാണ് പറയുന്നത് ആ വ്യക്തി ഞാനല്ല കേട്ടോ. നിങ്ങളെ വിഷമിപ്പിക്കുന്നതിൽ സങ്കടമുണ്ട്, പക്ഷേ ഞാനല്ല ആ വ്യക്തി' എന്നും സൂര്യ വ്യക്തമാക്കി.