ഏറെ സന്തോഷത്തോടെയാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നതെന്ന കുറിപ്പോടെ, തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയ്ക്കടുത്ത് പ്ലാമൂട്ടുക്കടയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ശ്രീ കൊച്ചുഭഗവതി ക്ഷേത്രം കഴിഞ്ഞ ദിവസം സന്ദർശിച്ച ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ പങ്കിട്ട് ഇടത് എംപി എഎ റഹിം.
'മൂന്ന് നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ ആരാധനാലയം കേവലം ഒരു വിശ്വാസ കേന്ദ്രം എന്നതിലുപരി, നമ്മുടെ നാടിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന്റെ ഉജ്ജ്വലമായ അടയാളം കൂടിയാണ്. ജാതിമത ഭേദമന്യേ സമസ്ത വിഭാഗം ജനങ്ങൾക്കും പ്രവേശനം നൽകുന്ന ഈ ക്ഷേത്രം സർവമത തീർഥാടന കേന്ദ്രം എന്ന നിലയിൽ പ്രസിദ്ധമാണ്.
ശ്രീ ചാമുണ്ഡി ദേവിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്‌ഠ. ദേവിയുടെ ഉപാസകനായിരുന്ന 'ശ്രീ കൊച്ചുഭഗവതി പോറ്റി'യുടെ പേരിൽ അറിയപ്പെടുന്ന ഈ ക്ഷേത്രം ഭക്തിയുടെയും മാനവികതയുടെയും സവിശേഷമായ ഒത്തുചേരലാണ്.
ജാതി-മത ഭേദങ്ങൾക്കതീതമായി മനുഷ്യർ ഒത്തുചേരുന്ന ഈ ക്ഷേത്രം സാഹോദര്യത്തിന്റെ മഹത്തായ ഒരു മാതൃകയാണ് സമൂഹത്തിന് നൽകുന്നത്'.- റഹിം കുറിച്ചു.