image Credit: Instagram/akansharanjankapoor
മാര്‍ച്ചിലാണ് താന്‍ അണ്ഡം ശീതീകരിച്ചവാര്‍ത്ത ബോളിവുഡ് താരം ആകാന്‍ഷ കപൂര്‍ പുറത്തുവിട്ടത്. ആ തീരുമാനമെടുക്കാന്‍ ചില ഘടകങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സോഹ അലി ഖാന്‍റെ 'ഓള്‍ എബൗട്ട് ഹെര്‍' എന്ന പോഡ്കാസ്റ്റില്‍നടി വെളിപ്പെടുത്തി. 'എനിക്ക് ചുറ്റുമുള്ള കൂട്ടുകാരൊക്കെ ഗര്‍ഭിണികളാകുന്ന സമയമായിരുന്നു അത്. എല്ലാവരും ടെസ്റ്റുകളൊക്കെ നടത്തി ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു. നീയും AMH (ആന്‍റി മുല്ലേരിയന്‍ ഹോര്‍മോണ്‍) ടെസ്റ്റ് നടത്തണമെന്ന് എല്ലാവരും പറയാന്‍ തുടങ്ങി. അതോടെ ഞാന്‍ പോയി പരിശോധന നടത്തി.
എന്‍റെ ശരീരത്തെ കുറിച്ച് കൃത്യമായ ധാരണ എനിക്കുണ്ടായിരുന്നു. എന്‍റെ പ്രായം വച്ച് നോക്കിയാല്‍ ആന്‍റി മുല്ലേരിയന്‍ ഹോര്‍മോണ്‍ (പ്രത്യുല്‍പാദനത്തിനായി സ്ത്രീകളില്‍ ശേഷിക്കുന്ന അണ്ഡങ്ങളുടെ ശേഷി വിലയിരുത്താന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ആണിത്) വളരെ കുറഞ്ഞ നിലയിലായിരുന്നു. മാത്രവുമല്ല, ചുറ്റുമുള്ള സ്ത്രീ സുഹൃത്തുക്കളില്‍ പലര്‍ക്കും ഗര്‍ഭധാരണം വളരെ വിഷമകരവുമായിരുന്നു. ഇതെല്ലാമാണ് അണ്ഡം ശീതീകരിക്കാമെന്ന തീരുമാനത്തിലേക്ക് എന്നെ എത്തിച്ചത്'- താരം പറയുന്നു.
കടുത്ത വേദനയും ബുദ്ധിമുട്ടുകളും ഇതിനോട് അനുബന്ധിച്ചുണ്ടായെന്നും താരം പറയുന്നു. 'ശരിക്കും പറഞ്ഞാല്‍ ഭയങ്കര വേദനയായിരുന്നു. നിവര്‍ന്ന് നില്‍ക്കാന്‍ പോലും പറ്റിയില്ല. വലിയ ബലൂണ്‍ ഉള്ളില്‍ വച്ചത് പോലെയാണ് തോന്നിയത്. നീ ശരിക്കും ചെറിയ കുട്ടിയായത് കൊണ്ടാകും ഇത്ര ബുദ്ധിമുട്ടെന്നായിരുന്നു എന്‍റെ ഡോക്ടര്‍ വരെ പറഞ്ഞത്. നില്‍ക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു. രണ്ട് മൂന്ന് ദിവസം സഹോദരിക്കൊപ്പമാണ് ഞാന്‍ കഴിഞ്ഞത്. ആദ്യ ദിവസം പറയുകയേ വേണ്ട.. നടക്കാന്‍ വയ്യ. ഇതാദ്യമായാണ് ഇത്രയധികം ശരീര വേദനയുണ്ടാകുന്നത്. എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. പീരീഡ്സിന്‍റെ വയറുവേദന പോലെയേ അല്ല. ഇത് വേദനയല്ല, അസ്വസ്ഥതയും വയറില്‍ ഉരുണ്ട് കൂടലും,ഭാരവും വയറിനുള്ളിലെന്തോ വലിയ ബലൂണ്‍ ഉണ്ടെന്നും അത് എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കുമെന്നുമെല്ലാം തോന്നി'- താരം ഓര്‍ത്തെടുത്തു.
Google trending topic: akansha ranjan kapoor egg freezing