kuttan-thamburan

TOPICS COVERED

ഹരിഹരൻ സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ചിത്രമാണ് സർഗം. സംഗീതത്തിന് പ്രാധാന്യം നൽകി നിർമ്മിച്ച ഈ ചിത്രം വലിയ ജനപ്രീതി നേടുകയും നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സംഗീതത്തിന് പുറമെ അഭിനേതാക്കളുടെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയായിരുന്നു സര്‍ഗത്തെ ജനപ്രിയമാക്കിയത്. വിനീതിന്‍റെ ഹരിയും മനോജ് കെ.ജയന്‍റെ കുട്ടന്‍ തമ്പുരാനും, രംഭയുടെ തങ്കമണിയും പ്രേക്ഷകരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞതാണ്. 

ഇപ്പോഴിതാ 33 വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടന്‍തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. രംഭയ്ക്കൊപ്പമുള്ള ചിത്രം മനോജ് കെ.ജയന്‍ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ‘ഹരിദാസേ ഞാന്‍ തങ്കമണിയെ കണ്ടെടോ’ എന്ന ക്യാപ്ഷനോട് കൂടിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. 

രംഭയുടെ അരങ്ങേറ്റചിത്രമായിരുന്നു സര്‍ഗം. സര്‍ഗത്തിലെ അഭിനയത്തിന് ശേഷം തെലുങ്ക് സിനിമകളിലേക്ക് ചേക്കേറിയ രംഭ പിന്നീട് തെന്നിന്ത്യയില്‍ പ്രമുഖ അഭിനേത്രിയായി വളര്‍ന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി അടക്കം നിരവധി ഭാഷകളില്‍ രംഭ തന്‍റെ കഴിവ് തെളിയിച്ചു. കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രം മനോജ് കെ. ജയന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലുകളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ഇരു താരങ്ങളുടെയും കണ്ടുമുട്ടലിനെ ആഘോഷമാക്കുകയാണ് സര്‍ഗം ആരാധകര്‍. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തിയിരിക്കുന്നത്. 

ENGLISH SUMMARY:

Sargam movie actors Manoj K. Jayan and Rambha recently reunited after 33 years, sparking nostalgia among fans. The 1992 Malayalam musical drama, directed by Hariharan, featured iconic performances from Vineeth, Manoj K. Jayan as Kuttan Thamburan, and Rambha as Thangamani.