manoj-cry

TOPICS COVERED

മുൻഭാര്യയായ ഉർവശിയെക്കുറിച്ച് സംസാരിക്കുമ്പോൾ വികാരഭരിതനായി നടൻ മനോജ് കെ ജയൻ. ഇരുവരുടെയും മകളായ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി ആദ്യമായി നായികയാകുന്ന ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് നടൻ കണ്ണു നിറഞ്ഞ് തന്റെ മുൻജീവിതപങ്കാളിയെക്കുറിച്ചു സംസാരിച്ചത്. കണ്ണുനിറഞ്ഞ് വാക്കുകൾ മുറിഞ്ഞ മനോജ് കെ ജയനെ അടുത്തിരുന്ന മകൾ കുഞ്ഞാറ്റയാണ്  കൈപിടിച്ച് ആശ്വസിപ്പിച്ചത്.

ഉർവശി വേണ്ട എന്ന് പറഞ്ഞിരുന്നുവെങ്കിൽ ഈ സിനിമ ചെയ്യണ്ട എന്ന് തന്നെ ഞാനും തീരുമാനിച്ചേനെ

കുഞ്ഞാറ്റയ്ക്ക് സിനിമ ഓഫർ വന്ന സമയത്ത് ആദ്യം ആവശ്യപ്പെട്ടത് അമ്മ ഉർവശിയുടെ അനുഗ്രഹം വാങ്ങാനാണെന്നും, അവർ നോ പറഞ്ഞിരുന്നെങ്കിൽ ഈ സിനിമ വേണ്ടെന്ന് താനും തീരുമാനിക്കുമായിരുന്നുവെന്നും മനോജ്‌ പറഞ്ഞു. ‘പഠനശേഷം കുഞ്ഞാറ്റ സിനിമയിൽ അഭിനയിക്കണം എന്ന് ആദ്യമായി ആഗ്രഹം പറയുന്നത് എന്റെ ഭാര്യ ആശയോടാണ്. ആശ അവൾക്ക് അമ്മ മാത്രമല്ല, നല്ലൊരു സുഹൃത്ത്‌ കൂടെ ആണ്. കുഞ്ഞാറ്റയ്ക്ക് ഇങ്ങനെ നല്ലൊരു ഓഫർ വന്നപ്പോൾ ഞാൻ ആദ്യം പറഞ്ഞത് അവളുടെ അമ്മയുടെ അനുഗ്രഹം വാങ്ങണം എന്നാണ്. ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേത്രി ആണ് അവളുടെ അമ്മ ഉർവശി.. അവരുടെ അനുഗ്രഹവും അഭിപ്രായവും ആണ് സിനിമയിലേക്ക് കുഞ്ഞാറ്റ വരുമ്പോൾ വേണ്ടത്.. അമ്മയുടെ അനുഗ്രഹം വാങ്ങാൻ കുഞ്ഞാറ്റയെ ഞാൻ ചെന്നൈയിലേക്ക് പറഞ്ഞയച്ചു...മോളുടെ കാര്യം വരുമ്പോൾ ഞാൻ വല്ലാതെ ഇമോഷണൽ ആകും..." കണ്ണീരോടെ മനോജ്‌ പറഞ്ഞു. അടുത്തിരുന്ന മകൾ കുഞ്ഞാറ്റ മനോജിനെ ആശ്വസിപ്പിച്ചു"ഉർവശി വേണ്ട എന്ന് പറഞ്ഞിരുന്നുവെങ്കിൽ ഈ സിനിമ ചെയ്യണ്ട എന്ന് തന്നെ ഞാനും തീരുമാനിച്ചേനെ. ഇത്രയേറെ മികച്ച സിനിമകൾ ചെയ്ത അഭിനേത്രി ആണ് അവർ. തീർച്ചയായും മകളുടെ സിനിമയിൽ അവരുടെ അഭിപ്രായം ആണ് വലുത്..എന്റെ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു കുഞ്ഞാറ്റ സിനിമയിലേക്ക് വരണം എന്നുള്ളത്. അച്ഛന്റെ മരണം ഏറെ വിഷമിപ്പിച്ചതും അവളെ ആണ്. സിനിമയിലേക്ക് അവസരം വന്നപ്പോൾ അച്ഛൻ കൂടെ ഇല്ലാത്തത് അവളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. കൃത്യനിഷ്ഠ, മൂത്തവരെ ബഹുമാനിക്കുക, ഗുരുസ്മരണ വേണം തുടങ്ങിയ കാര്യങ്ങളാണ് ഞാൻ അവൾക്ക് സിനിമയിലേക്ക് വരുമ്പോൾ പറഞ്ഞ് കൊടുത്തിട്ടുള്ളത്’- മനോജ് കെ.ജയൻ പറഞ്ഞു

അച്ഛനെയും അമ്മയെയും സ്നേഹിച്ച പ്രേക്ഷകർ തനിക്കും സ്നേഹവും പിന്തുണയും നൽകണമെന്ന് തേജാലക്ഷ്മി ആവശ്യപ്പെട്ടു.‘അച്ഛനും അമ്മയും മികച്ച അഭിനേതാക്കളാണ്. ആ സമ്മർദ്ദം വളരെ വലുതാണ്, ചെറുപ്പം മുതലേ എന്നാണ് സിനിമയിലേക്ക് എന്ന ചോദ്യം കേൾക്കാറുണ്ട്. സിനിമ പണ്ട് മുതലേ മനസ്സിൽ ഉണ്ട്. പക്ഷെ തുറന്ന് പറയാൻ പേടിയായിരുന്നു. ഇത്ര വലിയ ആൾക്കാരുടെ മകൾ ആണെന്ന തോന്നൽ വരുന്നത് കുറച്ചുകൂടി വലുതായ ശേഷമാണ്. പലരും പറഞ്ഞ് നമ്മളത് എന്നും കേൾക്കുന്നുണ്ടാകുമല്ലോ. അതുവരെ അതെന്റെ അച്ഛനും അമ്മയും മാത്രമായിരുന്നു. അന്നേരം ആ പേടി മനസ്സിൽ കയറി. ഉർവശിയുടെയും മനോജ്‌ കെ. ജയന്റെയും മകൾ എന്ന താരതമ്യം ഉണ്ടാകും ഉറപ്പാണ്. ഈ നിമിഷം വരെയും ആ സമ്മർദ്ദം ഉണ്ട്. പക്ഷെ എങ്കിലും ഒരു തവണ ട്രൈ ചെയ്യണം എന്നുണ്ടായിരുന്നു . ആദ്യ സിനിമയാണ് ഇത്, നന്നാക്കാൻ ഉള്ള അവസരങ്ങൾ മുന്നിൽ വരും, അത് ഉപയോഗപ്പെടുത്തണം’. തേജാലക്ഷ്മി പറഞ്ഞു.

ENGLISH SUMMARY:

Actor Manoj K. Jayan became emotional and teary-eyed while speaking about his ex-wife, Urvashi, at the press meet for their daughter Kunjatta (Tejalakshmi)'s debut film as a lead actress, 'Sundariyayaval Stella'. Manoj K. Jayan's voice faltered as he spoke about his former partner, and his daughter Kunjatta comforted him by holding his hand.