ഫിലിം ഫെയര്‍ സൗത്ത് പുരസ്‌കാരം ഏറ്റുവാങ്ങി മടങ്ങവെ നടി ഉര്‍വശിയോടുള്ള ഓണ്‍ലൈന്‍ യൂട്യൂബറുടെ ചോദ്യവും അതിന് ഉര്‍വ്വശി നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരമാണ് ഉര്‍വശി നേടിയത്. നടന്‍ ഇന്ദ്രജിത്തും നടി ഗൗരി നന്ദയും ചേര്‍ന്നായിരുന്നു ഉര്‍വശിയ്ക്ക് പുരസ്‌കാരം നല്‍കിയത്. എന്നാല്‍ ഉര്‍വശിയ്ക്ക് പുരസ്‌കാരം നല്‍കാനുള്ള യോഗ്യത ഗൗരി നന്ദയ്ക്കില്ലെന്നായിരുന്നു യൂട്യൂബറുടെ വാദം.
‘‘ചേച്ചിയെ പോലൊരാൾക്ക് അവാർഡ് കൊടുക്കാൻ ഗൗരി നന്ദയെ പോലൊരു നടിക്ക് യോഗ്യതയില്ലെങ്കിലും ചേച്ചി അത് പക്ഷേ സന്തോഷത്തോടെ സ്വീകരിച്ചല്ലോ’ എന്നായിരുന്നു ഓൺലൈൻ മീഡിയയുടെ ചോദ്യം. ചോദ്യം ഉർവശിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന് വ്യക്തമാണെങ്കിലും, ദേഷ്യം കടിച്ചമർത്തി പക്വതയോടെ മറുപടി നൽകി ഉർവശി
‘അങ്ങനെയല്ലല്ലോ കാര്യം. അവര്‍ തരുന്നത് സന്തോഷത്തോടെയല്ലേ. കിട്ടുന്ന പുരസ്‌കാരത്തിന് ഒരു മൂല്യമുണ്ട്. തരുന്നവര്‍ എത്ര ഹൃദയപൂര്‍വ്വമായിട്ടാണ് തരുന്നത് എന്നയിടത്താണ് കാര്യം. രണ്ടും തുല്യമാണ്. കാമറയ്ക്ക് മുന്നില്‍ വന്നാല്‍ ഏത് ആര്‍ട്ടിസ്റ്റാണ് വലുതും ചെറുതും. എല്ലാവരും നന്നായി പെര്‍ഫോം ചെയ്താല്‍ ശ്രദ്ധിക്കപ്പെടും. ആ കുട്ടിയും നല്ല ആര്‍ട്ടിസ്റ്റു തന്നെയല്ലേ’ ഉര്‍വശിയുടെ മറുപടി.