മലയാളികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ദൃശ്യം 3. മെയ് 21മാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രം എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുമോ എന്ന ചര്‍ച്ച ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു.
മലാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിമേക്ക് ചെയ്തിട്ടുണ്ട്. ഹിന്ദിയില്‍ അക്ഷയ്കുമാറും, തമിഴില്‍ കമലഹാസനും തെലുങ്കില്‍ വെങ്കിടേഷുമായിരുന്നു മോഹന്‍ലാലിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ ഭൂരിഭാഗം പ്രേക്ഷകര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്ക് ജോര്‍ജുകുട്ടിയായി മികച്ച് നിന്നത് മോഹന്‍ലാലാണ് എന്ന അഭിപ്രായമാണ്. ഇതുമായി ബന്ധപ്പെട്ട് എസ്തര്‍ അനിലിന്റെ അഭിമുഖമാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.
ദൃശ്യം സിനിമയുടെ ആദ്യഭാഗത്തിലെ പൊലിസ് സ്റ്റേഷന്‍ സീനിനെക്കുറിച്ചാണ് എസ്തര്‍ പറയുന്നത്. 'ഇൻ്റെറോഗേഷൻ സമയത്ത് ഷാജോണ്‍ അവതരിപ്പിച്ച സഹദേവൻ എന്ന കഥാപാത്രം മോഹന്‍ലാലിനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ആ സീനില്‍ മക്കളും ഭാര്യയും അപ്പുറത്ത് വിഷമിച്ച് നിൽക്കുകയാണ്. ചവിട്ടി കഴിഞ്ഞിട്ട് മോഹന്‍ലാല്‍ അവരെ നോക്കി ഒരു ചിരി ചിരിക്കും. ഇതൊന്നും കുഴപ്പമില്ല എന്ന രീതിയില്‍. അത് വളരെ വിഷമമുള്ള ഒരു ഷോട്ടാണ്. അതില്‍ പ്രധാനമായും ആ ചിരി മാത്രമാണ് ഉള്ളത്. എന്നാല്‍ തെലുങ്കില്‍ ഇതേ രംഗം ചിത്രീകരിക്കുംമ്പോള്‍ ഈ ചിരി കിട്ടണമെന്ന് നടന്‍ വെങ്കിടേഷിനോട് പറഞ്ഞു. എന്നാല്‍ അത് നിങ്ങളുടെ മോഹന്‍ലാലിനെക്കൊണ്ട് മാത്രമേ കഴിയൂ എന്നായിരുന്നു വെങ്കിടേഷിന്റെ മറുപടി'.
മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങള്‍ ദൃശ്യം 3യിലും ഉണ്ടാകും. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന്റെ റിലീസ് 2026 ഒക്ടോബര്‍ രണ്ടിന് ആയിരിക്കും