parbathy-legent

മലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം പ്രവർത്തിച്ചപ്പോഴുണ്ടായ മറക്കാനാവാത്ത അനുഭവങ്ങൾ പങ്കുവെച്ച് നടി പാർവതി തിരുവോത്ത്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസുതുറന്നത്. ഈ രണ്ടു മനുഷ്യരും ലജന്‍ഡുകളായി മാറുന്നത് ബോക്സ് ഓഫിസ് കളക്ഷന്‍കാരണം മാത്രമല്ലെന്നും നല്ല മനുഷ്യരായത് കൊണ്ടുകൂടിയാണെന്നും പാര്‍വതി തന്‍റെ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതായത് തന്‍റെ 19ാം വയസില്‍ ഫ്ലാഷ് എന്ന സിനിമയിലാണ് മോഹന്‍ലാലിനോടൊപ്പം അഭിനയിക്കുന്നത്. അത് തന്‍റെ മൂന്നാമത്തെ സിനിമയായിരുന്നു. ഒരു തുടക്കക്കാരിയായിരുന്നിട്ടും അദ്ദേഹത്തിന് തന്നോടുള്ള പെരുമാറ്റം അമ്പരപ്പിച്ചു. ഒരു അഭിനേതാവ് എന്ന നിലയില്‍ ഭാവിയില്‍ താന്‍ വളരേണ്ടത് ഈ ഗുണങ്ങളോട് കൂടിയാണെന്ന് അന്ന് തീരുമാനിച്ചതാണെന്നും താരം പറഞ്ഞു.

ഒരു കഥാപാത്രത്തിലേക്ക് കടക്കാനും അതില്‍ നിന്നും പുറത്തു വരാനുമുള്ള മോഹന്‍ലാലിന്‍റെ കഴിവ് തന്നെ ഏറെ അത്ഭുതപ്പെടുത്തി എന്നും പാര്‍വതി തിരുവോത്ത് വ്യക്തമാക്കി. ഇരുപത് വര്‍ങ്ങള്‍ക്കിപ്പുറം അവരെപ്പോലെ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളാനും അതില്‍ നിന്ന് തിരികെ വരാനും തനിക്ക് കഴിയുന്നുണ്ടെന്നും സഹതാരങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടെന്നും പാര്‍വതി പറഞ്ഞു.

മമ്മൂട്ടിയൊടൊപ്പമുള്ള പുഴു എന്ന ചിത്രത്തിലെ  അനുഭവങ്ങളെക്കുറിച്ചും പാര്‍വതി മനസുതുറന്നു. അദ്ദേഹം സെറ്റിലേക്ക് വരുമ്പോൾ എല്ലാവർക്കും വലിയ ബഹുമാനമായിരിക്കും. എന്നാൽ അഭിനയിക്കാൻ നിൽക്കുമ്പോൾ അദ്ദേഹം തന്‍റെ താരപരിവേഷം മാറ്റിവെക്കും. മുന്നിൽ നിൽക്കുന്നത് ഒരു പുതുമുഖമാണെങ്കിലും അവർക്ക് തുല്യ പരിഗണന നൽകാൻ തയ്യാറാകും.

കലയ്ക്ക് മുന്നിൽ മറ്റൊന്നിനെയും അദ്ദേഹം തടസ്സമായി കാണാറില്ലെന്നും പാര്‍വതി പറഞ്ഞു. മലയാള സിനിമയുടെ ഈ രണ്ട് നെടുംതൂണുകളും കാലമെത്ര കഴിഞ്ഞാലും ലെജൻഡുകളായി തുടരുന്നത് അവരുടെ ഈ സ്വഭാവഗുണങ്ങൾ കൊണ്ടുതന്നെയാണന്നും പാര്‍വതി വ്യക്തമാക്കി. 

ENGLISH SUMMARY:

Parvathy Thiruvoth shares unforgettable experiences working with Malayalam cinema legends Mammootty and Mohanlal. She revealed in an interview that these two actors are considered legends not just for their box office success but also for their exemplary human qualities.