മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാട്രിയറ്റ്. മമ്മൂട്ടിയും മോഹന്‍ലാലും 18വര്‍ഷത്തിന് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ളതിനാല്‍ത്തന്നെ ചലച്ചിത്ര പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രംകൂടിയാണിത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ഏപ്രിൽ 28-ന് കേരളത്തിൽ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന്‍റെ ടിക്കറ്റുകള്‍ റെക്കോര്‍ഡ് വേഗത്തിലാണ് വിറ്റഴിക്കപ്പെടുന്നത്. കേരളത്തിൽ ബുക്കിംഗ് തുടങ്ങി ആദ്യ 10 മിനിറ്റിനുള്ളിൽ തന്നെ പ്രമുഖ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിലൂടെ 10,000-ത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. മണിക്കുറില്‍ 12000 ടിക്കറ്റുകളാണ് ബിഎംഎസ് വഴി വിറ്റു പോകുന്നത്.
വെറും 42 മിനിറ്റുകൾ കൊണ്ട് 50 ലക്ഷം എന്ന സംഖ്യ പിന്നിട്ട പാട്രിയറ്റ് ആദ്യ 45 മിനിറ്റുകൾക്ക് ശേഷം അമ്പരപ്പിക്കുന്ന ബുക്കിംഗ് റെക്കോർഡുകളിലേക്കാണ് കുതിച്ചത്. കേരളത്തിലെ ഈ വൻ തരംഗം തുടരുകയാണെങ്കിൽ അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 3 കോടി രൂപയിലധികം നേടിയേക്കാമെന്നാണ് വിലയിരുത്തൽ. ഗൾഫ് നാടുകളിലും ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്.
കേരള ബോക്സ് ഓഫീസിലെ ഓപ്പണിംഗ് റെക്കോർഡുകൾ ചിത്രം തിരുത്തിക്കുറിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എമ്പുരാന്‍റെ 14.07 കോടിയും വിജയ് ചിത്രം ലിയോയുടെ 12 കോടിയുമാണ് മുന്നിലുള്ള കടമ്പകള്‍. നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ പാട്രിയറ്റ് ഈ രണ്ട് ചിത്രങ്ങളെയും പിന്നിലാക്കി ഒന്നാമതെത്താനാണ് സാധ്യത.
മമ്മൂട്ടി ഡോ. ഡാനിയൽ ജെയിംസ് ആയും മോഹൻലാൽ കേണൽ റഹീം നായിക് ആയുമാണ് ചിത്രത്തില്‍ എത്തുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനി നിർമ്മിക്കുന്ന ഈ സ്പൈ ത്രില്ലറിന് സുഷിൻ ശ്യാമാണ് സംഗീതം നിര്‍വഹിക്കുന്നത്. ചിത്രം മെയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.